കോട്ടയം: തലയോലപ്പറമ്പ് പ്രസാദഗിരി പള്ളിയില്‍ കുര്‍ബാനയ്‌ക്കിടെ വിശ്വാസികള്‍ പരസ്പരം ഏറ്റുമുട്ടി. ഏകീകൃത കുര്‍ബാനയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സംഘര്‍ഷം.
പള്ളിയിലെ വൈദികന്‍ ജോണ്‍ തോട്ടുപുറത്തെ ഒരു വിഭാഗം കയ്യേറ്റം ചെയ്തു.ശനിയാഴ്ച രാവിലെയാണ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയില്‍ സംഘര്‍ഷം ഉണ്ടായത്. കുര്‍ബാന ആരംഭിച്ചതോടെ ഒരു വിഭാഗം പള്ളിക്കുള്ളില്‍ പ്രതിഷേധം ഉയര്‍ത്തി. പള്ളിയിലെ മൈക്കും മറ്റു സാധനങ്ങളും അടിച്ചു തകര്‍ത്തു
എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളിയാണിത്. ഏറെനാളായി ഏകീകൃത കുര്‍ബാനയെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
സഭയുടെ അംഗീകൃത കുര്‍ബാന അംഗീകരിക്കാത്ത പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസം അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ പുതിയ പ്രീസ്റ്റ് ചാര്‍ജ് ആയി ജോണ്‍ തോട്ടുപുറത്തെ നിയമിക്കുകയുണ്ടായി. ഇതു പ്രകാരമാണ് ജോണ്‍ തോട്ടുപുറം കുര്‍ബാന അര്‍പ്പിക്കാന്‍ എത്തിയത്.
വിശ്വാസികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പലര്‍ക്കും പരിക്കേറ്റു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇടവക അംഗങ്ങളെ ഒഴിപ്പിച്ചു പള്ളി പൂട്ടി. മുന്‍ വികാരി ജെറിന്‍ പാലത്തിങ്കലിന്റെ നേതൃത്വത്തിലാണ് അക്രമം ഉണ്ടാക്കിയതെന്ന് ഔദ്യോഗിക വിഭാഗം ആരോപിച്ചു. പള്ളിക്കുള്ളില്‍ വച്ച് കയ്യേറ്റം ഉണ്ടായെന്നു കാട്ടി ജോണ്‍ തൊട്ടുപുറം തലയോലപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: