ന്യൂദല്‍ഹി: ചൈന പോലുള്ള രാജ്യങ്ങള്‍ സാങ്കേതിക വിദ്യകളില്‍ മുന്നേറുമ്പോള്‍ ഇവിടെ ഇന്ത്യ കുംഭമേളയില്‍ മുങ്ങിക്കുളിക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ്. ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്റെ ബജറ്റിനോട് പ്രതികരിക്കുമ്പോഴായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ കുംഭമേളയ്‌ക്ക് നേരെയുള്ള ഈ അധിക്ഷേപം. മൗനി അമാവാസ്യ എന്ന 144 വര്‍ഷത്തില്‍ ഒരിയ്‌ക്കല്‍ സംഭവിക്കുന്ന വിശുദ്ധമായ ഗ്രഹനിലകളാല്‍ അനുഗ്രഹിക്കപ്പെട്ട ജനവരി 29ന് കോടിക്കണക്കിന് പേര്‍ ത്രിവേണി സംഗമത്തില്‍ മുങ്ങിക്കുളിച്ച് പുണ്യം നേടി ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോഴാണ് ജോണ്‍ ബ്രിട്ടാസിന്റെ ഈ വിമര്‍ശനം.
“ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്റെ കാലത്ത് ചൈനപോലുള്ള രാജ്യങ്ങള്‍ തിരമാലകള്‍ സൃഷ്ടിക്കുമ്പോള്‍ ഇന്ത്യ കുംഭമേളയില്‍ മുങ്ങിക്കുളിക്കുകയാണ്. അതിന്റെ മറ്റൊരു രാഷ്‌ട്രീയ ഡോക്യുമെന്‍ററിയാണ് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്”.- ജോണ്‍ബ്രിട്ടാസ് പറഞ്ഞു.എഐ, സെമികണ്ടക്ടര്‍, ബഹിരാകാശ സാങ്കേതിക വിദ്യ മേഖലകളില്‍ ഗവേഷണവും വികസനവും നടത്താന്‍ ഒരു ലക്ഷം കോടി രൂപ ബജറ്റില്‍ നീക്കിവെച്ചപ്പോഴാണ് ഇന്ത്യയുടെ സാങ്കേതികരംഗത്തെ സര്‍ക്കാര്‍ ഇടപെടലിനെ ബ്രിട്ടാസ് വിമര്‍ശിക്കുന്നത്. മാത്രമല്ല ചാറ്റ് ജിപിടി മാതൃകയില്‍ ഇന്ത്യയും അടുത്ത പത്ത് മാസത്തിനകം സ്വന്തം എഐ ആപ് വികസിപ്പിക്കുമെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പ്രസ്താവിച്ചിട്ട് ചൂടാറിയിട്ട് പോലുമില്ല.
നിര്‍മ്മല സീതാരാമന്റെ ബജറ്റില്‍ കുംഭമേളയെക്കുറിച്ചോ ഹൈന്ദവക്ഷേത്രങ്ങളെക്കുറിച്ചോ ഒന്നും കാര്യമായ പരാമര്‍ശങ്ങള്‍ ഇല്ലാതിരിക്കെക്കൂടിയാണ് ജോണ്‍ബ്രിട്ടാസിന്റെ ഈ പ്രതികരണമെന്നത് പലരേയും അത്ഭുതപ്പെടുത്തുന്നു.
മധ്യവര്‍ഗ്ഗത്തിന് സ്വാധീനമുള്ള ദല്‍ഹിയിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ആദായനികുതിയില്‍ 12 ലക്ഷം വരെയുള്ള വരുമാനത്തിന് ഇളവ് അനുവദിച്ചതെന്നും ജോണ്‍ബ്രിട്ടാസ് പറയുന്നു. ബീഹാര്‍ എന്ന് ആറിടത്ത് ബജറ്റില്‍ പരാമര്‍ശിച്ചെന്നതാണ് ബ്രിട്ടാസിന്റെ മറ്റൊരു വിമര്‍ശനം.
പതിനായിരം മെഡിക്കല്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്ന് പറയുമ്പോള്‍ കേരളത്തിന്റെ എയിംസിനെ പരാമര്‍ശിച്ചില്ലെന്നതാണ് ജോണ്‍ ബ്രിട്ടാസിന്റെ പരിഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: