മാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ പ്രിയദർശിനി എസ്റ്റേറ്റിന് സമീപത്തെ വനമേഖലയിലെ ഒരു വീടിന്റെ അരികില്‍ നിന്നാണ് കടുവയുടെ ജഡം കണ്ടെത്തുന്നത്. വേറൊരു കടുവയുമായി മല്ലിട്ടതിന്റെ പരിക്കുകള്‍ കടുവയുടെ ശരീരത്തിലുണ്ട്. ഈ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
കടുവയെ വെടി വെച്ചിട്ടില്ലെന്നും രാത്രി അത്തരത്തിലുള്ള ഒരു പ്രവര്‍ത്തനം അസാധ്യമായിരുന്നുവെന്നും വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ പറഞ്ഞു. അധികം പ്രായമില്ലാത്ത കടുവയാണിത്, ഏറിയാല്‍ ആറോ ഏഴോ വയസ് കാണുമെന്നും അദ്ദേഹം പറഞ്ഞു. രാത്രി 12.30-ന് കടുവയെ കണ്ടതായി വിവരം ലഭിച്ചു. 2:30 വരെ കടുവയെ നിരീക്ഷിച്ചിരുന്നു. 6.30-നാണ് കടുവയുടെ ജഡം ലഭിക്കുന്നത്. പഴകിയതും പുതിയതുമായ മുറിവുകൾ ശരീരത്തിൽ ഉണ്ടായിരുന്നു. ഇതിൽ ആഴത്തിലുള്ള മുറിവുകളുമുണ്ട്. മരണകാരണം കണ്ടെത്താൻ വിശദമായ പോസ്റ്റ് മോർട്ടം നടത്തും. പെണ്‍കടുവയാണ് ചത്തത്.
രാധയെ കൊലപ്പെടുത്തിയ നരഭോജി കടുവ തന്നെയാണിതെന്ന് വനംമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ശരീരത്തിൽ ഉണ്ടായ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പഴകിയതും പുതിയതുമായ മുറിവുകൾ ശരീരത്തിൽ ഉണ്ടായിരുന്നു. കടുവയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. കടുവയുടെ കഴിഞ്ഞ ദിവസത്തെ ഫോട്ടോയും കിട്ടിയ ജഡത്തിലെയും ഐഡൻറിഫിക്കേഷൻ മാർക്കുകൾ ഒത്തു നോക്കിയാണ് ചത്തത് ആളെ കൊല്ലി കടുവ തന്നെയാണ് എന്ന് സ്ഥിരീകരിച്ചത്.
വയനാട് പഞ്ചാരകൊല്ലിയില്‍ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വെടിവച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം കടുവയ്‌ക്കായി കാടുകയറിയുള്ള പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: