ന്യൂദെൽഹി:ദെൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ യമുനാ നദി പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി മാറുന്നു. കഴിഞ്ഞ 11 വർഷമായിട്ടും യമുനാ നദിയെ മാലിന്യമുക്തമാക്കുമെന്നുള്ള ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം ഒട്ടും പാലിക്കാനാവാത്തത് ചൂണ്ടിക്കാണിച്ചു ശക്തമായ തിരഞ്ഞെടുപ്പ് വിഷയമായി ബിജെപി ഇത് ഉയർത്തിക്കൊണ്ടു വരികയാണ്. ഗംഗാനദി ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാർ ശുദ്ധീകരിച്ചത് ചൂണ്ടിക്കാട്ടിയാണ് ആം ആദ്മി പാർട്ടിക്കും കെജ്‌രിവാളിനുമെതിരെ ബിജെപി ശക്തമായി പ്രചരണം നടത്തുന്നത്. ന്യൂദെൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി പർവേഷ് സഹബ് വർമ്മ അരവിന്ദ് കെജ്രിവാളിന്റെ വലിയൊരു കട്ടൗട്ടുമായി യമുനാ നദിയിൽ ബോട്ട് സവാരി നടത്തി. കട്ടൗട്ടിൽ ഞാൻ ഒരു പരാജയമാണ് എനിക്ക് വോട്ട് ചെയ്യരുത്, യമുനാ നദി വൃത്തിയാക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു എന്ന് എഴുതിച്ചേർത്തുകൊണ്ട് ലജ്ജയോടെ ചെവിയിൽ പിടിച്ചുനിൽക്കുന്ന അരവിന്ദ് കെജ്രിവാളിന്റെ വലിയൊരു ചിത്രമുണ്ട്. മാധ്യമങ്ങൾ നോക്കിനിൽക്കെ അരവിന്ദ് കെജ്രിവാളിന്റെ വലിയ കട്ടൗട്ട് മുഴുവനായി യമുനാ നദിയിൽ മുക്കി കൊണ്ടായിരുന്നു പർവേഷ് സാഹബ് വർമ്മ ബോട്ട് സവാരി നടത്തിയത്. അനുദിനം മലിനമാകുന്ന യമുനാ നദി ശുദ്ധീകരിക്കുന്നതിൽ ആം ആദ്മി പാർട്ടി പരാജയപ്പെട്ടതോടെ അവരുടെ പഴയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ചൂണ്ടിക്കാട്ടി ജനങ്ങൾ ഈ വിഷയം പല സ്ഥലങ്ങളിലും ഉന്നയിച്ചതോടെയാണ് ബിജെപി ഈ പ്രചരണമേറ്റെടുത്തത്.
“യമുനാ നദിയിലെ മുഴുവൻ വെള്ളവും നമുക്ക് ശുദ്ധീകരിക്കാൻ കഴിയും, പ്രധാനമന്ത്രി നരേന്ദ്രമോദി സബർമതി നദിയിൽ ചെയ്തത് പോലെ യമുന നദിയും അതേ രീതിയിൽ ശുദ്ധീകരിക്കാനാവും, ഇതു വലിയ റോക്കറ്റ് സയൻസ് ഒന്നുമല്ല, യന്ത്രങ്ങൾ ഉപയോഗിച്ച് ചെളി നീക്കണം, മലിനജല ശുദ്ധീകരണ പ്ലാന്റുകളും ജലശുദ്ധീകരണ പ്ലാന്റുകളും സ്ഥാപിക്കണം.” പർവേഷ് സാഹബ് വർമ്മ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: