ചെന്നൈ: ഗോമൂത്രം ഫംഗസിനോടും ബാക്ടീരിയകളോടും പൊരുതുമെന്നും നിങ്ങളിലെ ദഹനം മെച്ചപ്പെടുത്തുമെന്നും മദ്രാസ് ഐഐടി ഡയറക്ടര്‍ വി.കാമകോടി. വയറ്റില്‍ നിന്നുള്ള ശോധന ശരിയല്ലെങ്കില്‍ അതിനും ഗോമൂത്രം നല്ലതാണെന്നും അദ്ദേഹം പറയുന്നു. നേച്ചര്‍ മാസിക ഉള്‍പ്പെടെയുള്ളവയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഗവേഷണ പ്രബന്ധങ്ങള്‍ നിരത്തിയായിരുന്നു അദ്ദേഹത്തിന്റെ വാദം.
മദ്രാസ് ഐഐടി ഡയറക്ടറുടെ ഗോമൂത്രത്തെ മഹിമയെക്കുറിച്ച് പറയുന്ന വീഡിയോ:
ഗോബര്‍ ഗ്യാസ് (ചാണകത്തില്‍ നിന്നുണ്ടാകുന്ന വാതകം), പ്രകൃതിദത്ത ഫാമിങ്ങ് , ഗോമൂത്രം എന്നിവയ്‌ക്ക് ഏറെ ഗുണങ്ങളുണ്ടെന്ന് അദ്ദേഹം വിവരിച്ചു. ക്യാന്‍സറിന് പോലും ഗോമൂത്രം നല്ലതാണ്. അഞ്ച് ഗവേഷണ പ്രബന്ധങ്ങള്‍ ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇതില്‍ ഒരു ഗവേഷണ പ്രബന്ധത്തില്‍ യുഎസില്‍ നിന്നും പേറ്റന്‍റ് കിട്ടിയെന്നും ആ പ്രബന്ധത്തില്‍ ഗോമൂത്രത്തിന്റെ ഫംഗസിനും ബാക്ടീരിയയ്‌ക്കും എരിച്ചിലിനും എതിരായ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും കാമകോടി പറയുന്നു. താല്‍പര്യമുള്ള ഗവേഷകര്‍ വന്നാല്‍ ഗോമൂത്രത്തെക്കുറിച്ചുള്ള ഗവേഷണത്തില്‍ ഐഐടി മദ്രാസ് സഹകരിക്കുമെന്നും ഐഐടി മദ്രാസ് ഡയറക്ടര്‍ പറഞ്ഞു.
ഒരു ജീവിതാനുഭവ കഥ പങ്കുവെച്ച് ഗോമൂത്രത്തിന്റെ ഔഷധഗുണത്തെക്കുറിച്ചും അദ്ദേഹം ഈ വീഡിയോയില്‍ വിവരിച്ചു. ചെന്നൈയിലെ മാട്ടുപൊങ്കല്‍ ഉത്സവത്തിന്റെ ഭാഗമായി ഒരു ഗോ സംരക്ഷണശാലയില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാന്‍ വന്ന സന്യാസിക്ക് നല്ല പനി വന്നു. അതിന് പ്രതിവിധിയായി അദ്ദേഹം ഗോമൂത്രം കുടിക്കുകയായിരുന്നു. 15 മിനിറ്റിനുള്ളില്‍ സന്യാസിയുടെ പനി പൂര്‍ണ്ണമായും ഭേദപ്പെട്ടെന്നും കാമകോടി പറഞ്ഞു. താനും ഏതെങ്കിലും പൂജാചടങ്ങുകള്‍ക്ക് പോയാല്‍ പശുവിന്റെ അഞ്ച് ഉല്‍പന്നങ്ങളില്‍ (പാല്‍, ചാണകം, ഗോമൂത്രം, തൈര്, നെയ്യ്) നിന്നുണ്ടാക്കുന്ന പഞ്ചഗവ്യം കഴിക്കാന്‍ മറക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ മെഡിക്കല്‍ വിഭാഗം ഗോമൂത്രത്തെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ ഗവേഷണം നടത്തണം. ഗോമൂത്രത്തിന് ഔഷധഗുണമുള്ളതിനാല്‍ ഔഷധനിര്‍മ്മാണത്തിന് ഉപയോഗിക്കണമെന്നും കാമകോടി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക