മുംബൈ: ദിവസങ്ങൾക്ക് മുമ്പാണ് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് ആക്രമിക്കപ്പെട്ടത്. സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയെ ഇന്ന് പിടികൂടിയത്. ഇതിന് പിന്നാലെ മുംബൈയിലെ അതിസുരക്ഷാ മേഖലകളിൽ പോലുമുള്ള സുരക്ഷാ വീഴ്‌ച്ചയെ കുറിച്ചുള്ള ആശങ്കകളും വിമർശനങ്ങളും ശക്തമാണ്
ഇതിനിടെ രാകേഷ് റോഷൻ വധശ്രമം അടക്കം പറയുന്ന ‘ദി റോഷൻസ്’ സീരീസ് വീണ്ടും ചർച്ചയാവുകയാണ്. 25 വർഷങ്ങൾക്ക് മുമ്പ് അതായത് 2000ലാണ് ബോളിവുഡ് നടനും നിർമ്മാതാവുമായ രാകേഷ് റോഷന് വെടിയേൽക്കുന്നത്. സീരിസിൽ ഹൃത്വിക് റോഷൻ സംസാരിക്കുന്ന ഭാഗമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.
തന്റെ പിതാവ് സൂപ്പർമാനേ പോലെ ശക്തനാണെന്ന് കുട്ടിക്കാലം മുതൽ തന്നെ താൻ ഉറച്ച് വിശ്വസിച്ചിരുന്നു. വെടിയുണ്ടകളെ അതിജീവിച്ച അദ്ദേഹം എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരികെ വരുമെന്നാണ് താൻ വിശ്വസിച്ചിരുന്നത്. എന്നാൽ, കാര്യങ്ങൾ താൻ വിചാരിച്ചത് പോലെയായിരുന്നില്ലെന്നും ഹൃത്വിക് റോഷൻ പറയുന്നു.
അന്ന് അച്ഛന് വെടിയേറ്റ സംഭവം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ അർദ്ധരാത്രി അദ്ദേഹത്തിന്റെ നിലവിളി കേട്ടാണ് താൻ ഞെട്ടിയുണർന്നത്. വീണ്ടും ആക്രമിക്കപ്പെട്ടുവെന്ന് വിചാരിച്ച് അദ്ദേഹം സഹായത്തിനായി അലറി വിളിച്ചതായിരുന്നു അത്. സത്യത്തിൽ അന്നത്തെ സംഭവത്തിന് ശേഷം അദ്ദേഹം എത്രത്തോളം ദുർബലനായിരിക്കുന്നുവെന്ന് അന്നാണ് താൻ മനസിലാക്കിയത്. ധീരമായ മുഖത്തിന് പിന്നിൽ അച്ഛൻ ഭയം മറച്ചുവയ്‌ക്കുകയായിരുന്നുവെന്ന് താൻ തിരിച്ചറിഞ്ഞു. ആ സമയങ്ങളെല്ലാം താനും കുടുംബവും ഒരുപാട് അനുഭവിച്ചിട്ടുണ്ടെന്ന് ഹൃത്വിക് കൂട്ടിച്ചേർത്തു.
എന്നും മികച്ച രീതിയിൽ ജോലി ചെയ്യുന്നതിൽ വിശ്വസിച്ചിരുന്ന ആളാണ് പിതാവ്. എന്നാൽ, അദ്ദേഹം ആക്രമിക്കപ്പെട്ടപ്പോൾ ആളുകളിലും ലോകത്തിലുമുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെട്ടു. സിനിമ ഉപേക്ഷിക്കാൻ തോന്നിയിരുന്നെങ്കിലും എന്ത് തന്നെയായാലും മുന്നോട്ടു പോകണമെന്ന് താമസിയാതെ മനസിലാക്കുകയായിരുന്നുവെന്നും താരം സീരീസിൽ പറയുന്നു. ‘കഹോ നാ പ്യാർ ഹേ’യുടെ വിജയം ആഘോഷിക്കാൻ പോയ സമയത്താണ് അച്ഛന് വെടിയേൽക്കുന്നത്. അച്ഛന്റെ നെഞ്ചിലും കയ്യിലും വെടിയുണ്ടകൾ തറച്ചിരുന്നു. എന്നിട്ടും, എനിക്ക് കുഴപ്പമൊന്നും ഇല്ലല്ലോ എന്നാണ് അദ്ദേഹം എന്നെ വിളിച്ചു ചോദിച്ചത്. കുടുംബം ആക്രമിക്കപ്പെടുമോ എന്ന് അദ്ദേഹം ആശങ്കാകുലനായിരുന്നു’- എന്നും ഹൃത്വിക് സീരിസിൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: