Vicharam

ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ വഴിമുട്ടിനിൽക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍

Published by

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100-ാം പിറന്നാള്‍ സിപിഐ 2025ല്‍ ആഘോഷിക്കുമ്പോള്‍, സിപിഎം പറയുന്നു ”ഈ ശതാവാര്‍ഷികാഘോഷം അഞ്ചുവര്‍ഷം മുന്‍പ് കഴിഞ്ഞതാണ്” എന്ന്. ഇതൊരു സൈദ്ധാന്തിക തര്‍ക്കമായി ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും മുന്നിലുണ്ട്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അന്നത്തെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന താഷ്‌കന്റില്‍ 1920 ഒക്‌ടോബര്‍ 17 ന് രൂപീകൃതമായെന്നാണ് സിപിഎമ്മിന്റെ വാദം. അതല്ലാ, കാണ്‍പൂരില്‍ 1925 ഡിസംബര്‍ 25 മുതല്‍ 28 വരെ ഔപചാരികമായി ചേര്‍ന്ന സമ്മേളനത്തില്‍ വെച്ചാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉടലെടുത്തതെന്നാണ് സിപിഐ പറയുന്നത്. ഇവരുടെ ഈ തര്‍ക്കമെന്തുമാകട്ടെ, ഇവിടെ സിപിഐയുടെ നൂറാം വാര്‍ഷികാചരണം സമ്മതിച്ചുകൊടുത്തുകൊണ്ട് ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും നൂറുവര്‍ഷം സംക്ഷിപ്തമായി വിലയിരുത്താം.

കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ചു പ്രവര്‍ത്തിക്കുന്ന 16 ലധികം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇന്ന് രാജ്യത്തുണ്ട്. അതില്‍ പ്രധാനം സിപിഎമ്മും, സിപിഐയും നക്‌സല്‍ ഗ്രൂപ്പുകളുമാണ്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം തന്നെ ഒരു ഉട്ടോപ്യന്‍ ആശയമാണെന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. അന്ന്, പാശ്ചാത്യ രാജ്യങ്ങളില്‍ നിലനിന്ന മുതലാളി-തൊഴിലാളി ബന്ധങ്ങളെയും ലാഭങ്ങളെയും അതിന്മേലുള്ള മിച്ചമൂല്യങ്ങളെയും വിലയിരുത്തി കാറല്‍മാര്‍ക്‌സ് എഴുതിയുണ്ടാക്കിയ പ്രത്യയശാസ്ത്രത്തിന് ഇന്നത്തെ ലോകത്ത് ഒട്ടും പ്രസക്തിയില്ല. മുതലാളി-തൊഴിലാളി ബന്ധങ്ങളുടെ സ്വഭാവവും നിലനില്‍പ്പും രീതിയും പാടെ മാറി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റേയും, റോബോര്‍ട്ടുകളുടെയും, കമ്പ്യൂട്ടറുകളുടെയും വിവിധ മേഖലകളിലെ പുത്തന്‍ ടെക്‌നോളജികളുടെയും ലോകത്ത് മാര്‍ക്‌സ് അന്നത്തെ മുതലാളി-തൊഴിലാളി ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ എഴുതിയ പ്രത്യയശാസ്ത്രത്തിന് ഇന്ന് ഒരര്‍ത്ഥവുമില്ല.

കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അനുസരിച്ച് ചൂക്ഷിതര്‍ സംഘടിച്ച് ചൂക്ഷകര്‍ക്കെതിരെയുള്ള വിപ്ലവത്തിലൂടെ അധികാരം കൈയേല്‍ക്കുക എന്നതാണ് അതിലെ ദൗത്യം. ഇതിന്റെ താത്വിക അടിത്തറ വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍ അധിഷ്ഠിതവുമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് ഇവര്‍ ബോധവത്കരണം നടത്തിക്കൊണ്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ വൈരുദ്ധ്യാത്മക ഭൗതികവാദത്തെക്കുറിച്ച് ഉരിയാടുന്നില്ല. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലൂന്നിയുള്ള വിപ്ലവത്തിലൂടെ ഭരണം കൈയ്യടക്കുകയെന്നത് ഇന്നത്തെ ലോകസാഹചര്യത്തില്‍ അസാധ്യമായിത്തീര്‍ന്നിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലൂന്നിയ വിപ്ലവത്തിന്റെ യാതൊരു ലാഞ്ഛനയും ലോകത്തൊരിടത്തും നിലനില്‍ക്കുന്നില്ല. ഭാരതത്തില്‍ വിപ്ലവം സൃഷ്ടിച്ച് കമ്മ്യൂണിസം നടപ്പിലാക്കാന്‍ പുറപ്പെട്ടവരില്‍ അഗ്രഗണ്യനായ ചാരുമജുംദാര്‍ അതില്‍ നിന്നുള്‍വലിഞ്ഞു. ജഗന്‍ സന്താളന്‍ നിരാശ ബാധിച്ച് മുഴുക്കുടിയനായി ജീവിതം തുലച്ചു. കനുസന്യാല്‍ തൂങ്ങിമരിച്ചു. നക്‌സലുകള്‍ നാമാവശേഷമായിക്കൊണ്ടിരിക്കുന്നു. ഈ തത്വശാസ്ത്രത്തില്‍ വിശ്വസിച്ച് ഇറങ്ങിതിരിച്ചവരില്‍ നിരവധി പേരുടെ ജീവിതം വഴിയാധാരമായി. പിണറായി വിജയനെപ്പോലുള്ള ഒരുകൂട്ടം പേര്‍ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം മറന്ന് പ്രവര്‍ത്തിച്ച് രക്ഷപെട്ടു. വിപ്ലവത്തിലൂടെ ഭരണം കൈയാളുകയും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിക്കാതിരിക്കുകയും ചെയ്ത തെക്കന്‍ അമേരിക്കയിലെ രാജ്യങ്ങള്‍ വികസനത്തില്‍ പിറകിലും ദാരിദ്ര്യത്തിന്റെ പട്ടികയില്‍ മുന്നിലുമായതിനെ തുടര്‍ന്ന് ഈ രാജ്യങ്ങള്‍ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്.

കമ്മ്യൂണിസം നടപ്പിലാക്കാനായി ലോകം കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും കൂടുതല്‍ മനുഷ്യക്കുരുതി നടത്തിയിട്ടുള്ള സ്റ്റാന്‍ലിന്റെ റഷ്യ, കമ്മ്യൂണിസം ഉപേക്ഷിച്ച് അവര്‍ ഇപ്പോള്‍ ലോകത്തോടൊപ്പം ആഗോളവത്ക്കരണത്തിന്റെ പാതയിലാണ്. ചൈനയില്‍ മുതലാളിത്തം പുനഃസ്ഥാപിച്ചിരിക്കുന്നു. കമ്മ്യൂണിസത്തിന്റെ അടിസ്ഥാനശിലായ ഉല്പാദന ഉപകരണങ്ങളുടെ ഉടമസ്ഥാവകാശം സ്റ്റേറ്റിനായിരിക്കണമെന്നുള്ള താത്വിക അടിത്തറ. ചൈന അത് മറന്നുകൊണ്ട് സ്വകാര്യസ്വത്തുക്കള്‍ കൂടുതല്‍ അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന് ആ രാജ്യത്തെ ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളില്‍ മാറ്റം വരുത്തണമെന്ന് സ്വയം തോന്നിയാല്‍ അപ്പോഴത് മാറ്റിയിരിക്കും. അവിടെ സ്വേച്ഛാധിപത്യം കൊടികുത്തി വാഴുന്നു. റഷ്യയുടെയും ചൈനയുടെയും കാര്യവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും റഷ്യയുടെ നവഉദാരവത്ക്കരണ നയവും ചൈനയിലെ മുതലാളിത്ത പുനഃസ്ഥാപനവും ഉയര്‍ത്തിയിട്ടുള്ള പ്രത്യയശാസ്ത്ര പ്രശ്‌നങ്ങള്‍ ലോകത്തിലെ എല്ലാ കമ്മ്യൂണിസ്റ്റുകാരെയും ലക്ഷ്യബോധമില്ലാത്തവരാക്കി തീര്‍ത്തിരിക്കുകയാണ്. ഈ ലക്ഷ്യബോധ്മില്ലായ്മ സൃഷ്ടിച്ച പ്രതിസന്ധിയില്‍ യാഥാര്‍ത്ഥ്യബോധം നഷ്ടപ്പെട്ട് തോന്നിയപോലെ പ്രവര്‍ത്തിക്കുന്നവരായി ഇവര്‍ പരിണമിച്ചിരിക്കുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മറവില്‍ മാഫിയകളും ഗുണ്ടാസംഘങ്ങളും, ക്രിമിനലുകളും വളര്‍ന്ന് പന്തലിക്കുന്നത്. ഇവര്‍ കോര്‍പ്പറേറ്റുകളെ എതിര്‍ക്കുമ്പോഴും ശക്തമായി കോര്‍പ്പറേറ്റുകളെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു.

ഇന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അവലംബിക്കുന്ന പാര്‍ലമെന്ററി ജനാധിപത്യം കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമെഴുതിയ കാറല്‍മാര്‍ക്‌സ് സ്വപ്‌നത്തില്‍പ്പോലും കണ്ടിരിക്കില്ല. എങ്കിലും ഇവര്‍ ഈ വഴിയിലൂടെ സഞ്ചരിച്ച് ലോക്‌സഭയില്‍ ആദ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായിത്തീര്‍ന്നു. പാര്‍ട്ടിക്കുള്ളില്‍ റഷ്യയെയും ചൈനയെയും ചൊല്ലി തര്‍ക്കമുണ്ടായി. അങ്ങനെ 1964 ല്‍ പാര്‍ട്ടി പിളര്‍ന്ന് സിപിഐയും സിപിഎമ്മുമായി തീര്‍ന്നു. ഇന്ന് ലോക്‌സഭയില്‍ ഇരു പാര്‍ട്ടികള്‍ക്കും കൂടിയുള്ളത് അഞ്ചംഗങ്ങള്‍. ഇതില്‍ നാല് സീറ്റ് ഇന്‍ഡി സഖ്യത്തിലൂടെ നേടിയതാണ്. അവശേഷിക്കുന്ന സീറ്റ് മാത്രമേ തങ്ങളുടേതെന്ന് അവകാശപ്പെടാനുള്ളൂ.
പശ്ചിമബംഗാളിലും ത്രിപുരയിലും ഭരണം നഷ്ടപ്പെടുക മാത്രമല്ല, ഇനിയൊരിക്കലും തിരിച്ചുവരാനാവാത്തവിധം അവിടെ പാര്‍ട്ടി തകര്‍ന്നു. നൂറുകൊല്ലമായിട്ടും മൂന്ന് സംസ്ഥാനങ്ങള്‍ ഒഴിച്ചാല്‍ മറ്റിടങ്ങളില്‍ വേരോട്ടം ഉണ്ടാക്കിയെടുക്കാനുമായില്ല. കേരളം ഒഴിച്ചുള്ള മറ്റ് രണ്ട് സംസ്ഥാനങ്ങളിലും ഉണ്ടായിരുന്ന വേരോട്ടം ചീഞ്ഞ് അഴുകി ഇല്ലാതായി.

നൂറുവര്‍ഷത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രമെടുത്ത് പരിശോധിച്ചാല്‍ സൈദ്ധാന്തിക-രാഷ്‌ട്രീയ-സംഘടന വിഷയങ്ങളിലെ പരാജയങ്ങള്‍ ഒത്തിരി തിരുത്താനുണ്ട്. സൈദ്ധാന്തികമായി നോക്കിയാല്‍ സാര്‍വ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേരിട്ട വന്‍തിരിച്ചടികളെ ഇനിയും മറികടക്കാന്‍ കഴിയാതെയായിരിക്കുന്നു. രാഷ്‌ട്രീയമായി നോക്കിയാല്‍ പാര്‍ട്ടിക്ക് തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യവും ജനാധിപത്യകേന്ദ്രീകരണ സ്വഭാവവും നഷ്ടപ്പെട്ടു. സൈദ്ധാന്തിക രംഗത്തെ വെല്ലുവിളികളെ നേരിടുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. ദേശീയ സാഹചര്യങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ ശരിയായി വിലയിരുത്താനോ, പാഠങ്ങള്‍ ഉള്‍ക്കൊള്ളാനോ അവയ്‌ക്കനുസരിച്ച് രാഷ്‌ട്രീയ ലൈന്‍ വികസിപ്പിക്കാനോ കഴിയാത്തൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയാണ് ഇക്കഴിഞ്ഞ നൂറുവര്‍ഷത്തെ ചരിത്രത്തിനിടയില്‍ കാണാനാവുന്നത്. ഏതെങ്കിലുമൊരു പാര്‍ലമെന്ററി ജനാധിപത്യത്തിലെ സീറ്റില്‍ കണ്ണുംനട്ടാണ് ഓരോ കമ്മ്യൂണിസ്റ്റുകാരനും പാര്‍ട്ടിയില്‍ തുടരുന്നത്. താഴെത്തട്ടിലെ സഖാക്കള്‍ താഴെത്തട്ടിലുള്ള പാര്‍ലമെന്ററി സ്ഥാപനങ്ങളില്‍ കയറിപ്പറ്റാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

നൂറുവര്‍ഷത്തിനിടയില്‍ കാട്ടിക്കൂട്ടിയ മണ്ടത്തരങ്ങള്‍ നിരവധിയുണ്ട്. ജ്യോതിബാസുവിനെ പ്രധാനമന്ത്രിയാക്കാന്‍ കിട്ടിയ അവസരം കളഞ്ഞുകുളിച്ചു. യു.പി.എ.സര്‍ക്കാരില്‍ കിട്ടാവുന്ന ഭരണപങ്കാളിത്തം വേണ്ടെന്നുവെച്ചു. ശ്രീ നാരായണഗുരുവിനെ സിമന്റ്‌ദൈവമെന്ന് വിളിച്ച് അണികള്‍ കളിയാക്കി. ഗുരുവിനെ ബൂര്‍ഷ്വ പരിഷ്‌ക്കാരിയെന്ന് വിളിച്ച് ആക്ഷേപിച്ചു. കുമാരനാശാനെ ബ്രിട്ടീഷ് ഏജന്റാണെന്ന് വിളിച്ച് കൊച്ചാക്കി. ക്വിറ്റ്ഇന്ത്യ സമരത്തിനെ എതിര്‍ത്തു. ഇന്ത്യന്‍ സ്വാതന്ത്ര്യദിനം കരിദിനമായി ഒരു വിഭാഗം കമ്മ്യൂണിസ്റ്റുകാര്‍ ആചരിച്ചു. ഇന്ത്യന്‍ ഭരണഘടന ബൂര്‍ഷ്വാ ഭരണഘടനയാണെന്ന് 10 വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. കോടതിയെ ബൂര്‍ഷ്വാകോടതിയെന്ന് വിളിച്ച് ആക്ഷേപിച്ചു. ഇങ്ങനെ നിരത്തിയാല്‍ നീണ്ടു പോകുന്ന മണ്ടത്തരങ്ങള്‍ നൂറ് വര്‍ഷങ്ങള്‍ക്കിടയില്‍ കാട്ടിക്കൂട്ടി, ജനമനസ്സുകളില്‍ നിന്നും ഇവര്‍ അകന്നു. ഏറെ കൊട്ടിഘോഷിക്കുന്ന ഭൂപരിഷ്‌ക്കരണം പോലും ദളിതരോട് കാണിച്ച വഞ്ചനയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by