മുംബൈ: പ്രധാനമന്ത്രി ഈയിടെയാണ് മഹാരാഷ്‌ട്രയില്‍ ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ ഇസ്കോണ്‍ ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഇസ്കോണ്‍ ക്ഷേത്രമാണ് ഇത്.
ഒന്നും ഒളിച്ചുവെയ്‌ക്കാന്‍ ഇഷ്ടപ്പെടാത്ത നേതാവാണ് പ്രധാനമന്ത്രി മോദി. കൈക്കോട്ടിനെ കൈക്കോട്ട് എന്ന് വിളിക്കാന്‍ ഇഷ്ടപ്പെടുന്ന നേതാവ്. ഇസ്കോണ്‍ ക്ഷേത്രത്തിനെതിരെ ശക്തമായ നീക്കമാണ് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ നടത്തുന്നത്. ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള മതമൗലികവാദികള്‍ ബംഗ്ലാദേശിലെ ഇസ്കോണ്‍ ക്ഷേത്രങ്ങള്‍ തീയിട്ടു. ഇസ്കോണ്‍ സ്വാമിയായ ചിന്മോയ് കൃഷ്ണദാസിനെ ഹിന്ദുക്കള്‍ക്കെതിരായ പീഢനത്തിനെതിരെ ശബ്ദമുയര്‍ത്തിയതിന് ജയിലിലടച്ചു. ജാമ്യമെടുക്കാന്‍ കോടതിയെ സമീപിക്കാനൊരുങ്ങിയ അഭിഭാഷകരെ അവിടുത്തെ മതമൗലിക വാദികള്‍ ആക്രമിച്ചു. ഇപ്പോള്‍ ഇസ്കോണ്‍ ക്ഷേത്രങ്ങള്‍ ഹിന്ദുമതമൗലിക വാദകേന്ദ്രങ്ങളാണെന്നാണ് ബംഗ്ലാദേശില്‍ ഷേഖ് ഹസീന സര്‍ക്കാരിനെ മറച്ചിട്ട ജമാ അത്തെ ഇസ്ലാമിക്കാരുടെ നേതാവായ മുഹമ്മദ് യൂനസ് കുറ്റപ്പെടുത്തുന്നത്.
എന്താണ് ഇസ്കോണ്‍?
ഇസ്കോണ്‍ എന്നതിന്റെ മുഴുവന്‍ പേര് ഇന്‍റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നസ് എന്നാണ്. കൃഷ്ണഭക്തിയെ വാഴ്‌ത്തുന്ന ഒരു ഭക്തിപ്രസ്ഥാനമാണിത്. ബംഗാളിലെ മായാപൂരില്‍ നിന്നുള്ള ഭക്തിവേദാന്ത പ്രഭുപാദ സ്വാമികള്‍ 1966ല്‍ ന്യൂയോര്‍ക്കിലാണ് ഇസ്കോണ്‍ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത്. ഇദ്ദേഹം വ്യാഖ്യാനം ചെയ്ത ഭഗവദ്ഗീതിയുടെയും ഭാഗവതപുരാണത്തിന്റെയും തത്വങ്ങളാണ് ഇസ്കോണിന്റെ ആത്മീയ അടിത്തറ. വൈഷ്ണവ പാരമ്പര്യത്തിലാണ് ഇസ്കോണ്‍ പ്രവര്‍ത്തിക്കുന്നത്. ലോകമെമ്പാടും ഇസ്കോണ്‍ പ്രവര്‍ത്തിക്കുന്നു. ഇന്ന് ഇസ്കോണ്‍ ഒരു ആഗോളപ്രസ്ഥാനമാണ്. ദശലക്ഷക്കണക്കിന് അനുയായികളുള്ള പ്രസ്ഥാനം. ലോകത്തെ 150 രാജ്യങ്ങളില്‍ ഇസ്കോണ്‍ പ്രസ്ഥാനത്തിന് സാന്നിധ്യമുണ്ട്. ഇവിടങ്ങളില്‍ ഇസ്കോണിന് ക്ഷേത്രങ്ങള്‍, സമുദായസംവിധാനങ്ങള്‍, സന്നദ്ധപ്രവര്‍ത്തനസംഘങ്ങള്‍ എന്നിവയുണ്ട്. ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുക, രോഗികളെ ചികിത്സിക്കുക തുടങ്ങിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് ഇസ്കോണ്‍ പ്രധാനമായും നടത്തുന്നത്. ഇന്നുവരെ ലോകത്ത് ഒരിടത്തും ഒരു തീവ്രവാദ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഒരു ഇസ്കോണ്‍ പ്രവര്‍ത്തകനെയും ആരും അറസ്റ്റ് ചെയ്തിട്ടുമില്ല, കുറ്റപ്പെടുത്തിയിട്ടുമില്ല. അങ്ങിനെയിരിക്കെയാണ് ഇപ്പോള്‍ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ അധിപരനായ മുഹമ്മദ് യൂനസ് ഇസ്കോണിനെ ഹിന്ദു മതമൗലികകേന്ദ്രം എന്ന് കുറ്റപ്പെടുത്തുന്നത്.
ഇസ്കോണിനെ ഏറ്റെടുത്ത് പ്രധാനമന്ത്രി
ഇതോടെ ബംഗ്ലാദേശിലെ മുഹമ്മദ് യൂനസിന് മറുപടി കൊടുക്കുകയായിരുന്നു ഇസ്കോണ്‍ ക്ഷേത്രം മഹാരാഷ്ട്രയില്‍ ഉദ്ഘാടനം ചെയ്തതിലൂടെ പ്രധാനമന്ത്രി മോദി. ഉദ്ഘാടനത്തിന്റെ ഭാഗമായി അദ്ദേഹം ഉച്ചത്തില്‍ ശുഖുനാദം മുഴക്കി. പിന്നീട് ഇസ്കോണ്‍ സ്ഥാപകനായ ഭക്തിവേദാന്ത പ്രഭുപാദസ്വാമികളുടെ പ്രതിമയ്‌ക്ക് മുന്‍പില്‍ മോദി ശിരസ്സ് താഴ്‌ത്തി തൊഴുതു. പ്രഭുപാദസ്വാമികളുടെ പ്രതിമയില്‍ പൂക്കള്‍ അര്‍പ്പിച്ചു. ഇതും കൃത്യമായ സന്ദേശമാണ്. ബംഗ്ലാദേശിലെ മതമൗലികവാദികള്‍ കുറ്റപ്പെടുത്തിയാലും ഇസ്കോണിനെ ഭാരതം ഏറ്റെടുക്കുന്നു എന്ന സന്ദേശമാണ് മോദി നല്‍കിയത്. ധീരമായ, ഒന്നും മറച്ചുപിടിക്കാനില്ലാത്ത, സുവ്യക്തമായ സന്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: