ന്യൂദെൽഹി:ബംഗ്ലാദേശിൽ നടന്ന അധികാര അട്ടിമറിക്ക് ശേഷം തങ്ങൾക്ക് നേരെയുള്ള വധശ്രമത്തിൽ നിന്ന് താനും സഹോദരി രഹനയും 20 മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടതെന്ന് ബംഗ്ലാദേശ് മുൻപ്രധാനമന്ത്രി ഷേക്ക് ഹസീന വെളിപ്പെടുത്തി. ബംഗ്ലാദേശ് അവാമി ലീഗിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഓഡിയോ സന്ദേശത്തിലാണ് ഷേക്ക് ഹസീന ഇക്കാര്യം വെളിപ്പെടുത്തിയത്. തന്നെ കൊല ചെയ്യാനുള്ള ഗൂഢാലോചന നടന്നതായും ഒന്നിലധികം കൊലപാതക ശ്രമങ്ങളിൽ നിന്നും അല്ലാഹുവിന്റെ കാരുണ്യം മൂലമാണ് രക്ഷപ്പെട്ടതെന്നും 76 കാരിയായ ഹസീന പറഞ്ഞു. ഓഗസ്റ്റ് 21ന് നടന്ന ഗ്രനേഡ് ആക്രമണം, 2000 ൽ കോടാലിപ്പാറയിൽ നടന്ന നടക്കാതെ പോയ ബോംബ് ആക്രമണ ഗൂഡാലോചന തുടങ്ങിയ ഭീഷണികൾ അവർ വികാരാധീനയായി ഓഡിയോ സന്ദേശത്തിൽ വിശദീകരിച്ചു. ഒന്നിലേറെ തവണയുള്ള വധശ്രമങ്ങളിൽ നിന്നും രക്ഷപ്പെട്ടതിൽ അല്ലാഹുവിന്റെ ഒരു കൈ ഉണ്ടായിരിക്കണം. എന്റെ വീടടക്കം എല്ലാം അവർ കത്തിച്ചു.
2024 ആഗസ്റ്റ് 21ന് നടന്ന ഭീകര വിരുദ്ധ റാലിയിൽ ഹസീനയെ ലക്ഷ്യമിട്ട് എറിഞ്ഞ ഗ്രാനേഡ് ആക്രമണത്തിൽ 24 പേർ കൊല്ലപ്പെടുകയും 500ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നിസ്സാര പരിക്കുകളോടെയാണ് ഹസീന അന്ന് രക്ഷപ്പെട്ടത്. അതുപോലെ 2000 ൽ കോടാലിപാറയിൽ വച്ച് ഒരു റാലിയെ അഭിസംബോധന ചെയ്യാൻ നിശ്ചയിച്ചിരുന്ന സ്ഥലത്ത് നിന്ന് 76 കിലോഗ്രാം ബോംബ് കണ്ടെത്തിയിരുന്നു. ഹസീനയെ അധികാരത്തിൽ നിന്ന് നീക്കിയ ശേഷം നിരവധി കുറ്റകൃത്യങ്ങൾ പുതിയ ഭരണകൂടം അവർക്കെതിരെ ഉന്നയിച്ചിട്ടുണ്ട് അവരുടെ 15 വർഷത്തെ ഭരണകാലത്ത് 500 ലധികം വ്യക്തികളെ തട്ടിക്കൊണ്ടുപോയി വധിച്ചതായി പുതിയ ഭരണകൂടം ആരോപിക്കുന്നു. ഹസീനയെ വിട്ടു കിട്ടണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ഔദ്യോഗികമായി തന്നെ അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള കൈമാറ്റ ഉടമ്പടിക്ക് വ്യക്തമായ സമയപരിധിയില്ല. ഹസീനയുടെ ഇന്ത്യയിലെ വിസ നീട്ടുമെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച ബംഗ്ലാദേശ് ഇടക്കാല സർക്കാർ അവരുടെ പാസ്പോർട്ട് റദ്ദാക്കിയ സാഹചര്യത്തിൽ വിസയുടെ കാര്യം അപ്രസക്തമാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹസീന ഉൾപ്പെടെ 97 വ്യക്തികളുടെ പാസ്പോർട്ട് ബംഗ്ലാദേശ് ഇടക്കാല സർക്കാർ നേരത്തെ റദ്ദാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: