കണ്ണൂര്‍: ജന്മഭൂമി കണ്ണൂര്‍ എഡിഷന്‍ 18-ാം വാര്‍ഷികാഘോഷവും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ബിജെപി നേതാവുമായിരുന്ന സ്വര്‍ഗ്ഗീയ പി.പി. മുകുന്ദന്റെ സ്മരണകള്‍ ഉള്‍ക്കൊളളുന്ന ‘വന്ദേമുകുന്ദം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടന്നു. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര വകുപ്പ് സഹമന്ത്രി അഡ്വ. ജോര്‍ജ്ജ് കുര്യന്‍ പുസ്തക പ്രകാശനവും വാര്‍ഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനവും ചെയ്തു.
ജന്മഭൂമി ഇപ്പോഴും ആശയ പ്രചരണ രംഗത്ത് സജീവമായി നിലകൊളളുന്ന പത്രമാണെന്നും അതിന് നേതൃത്വം നല്‍കുന്നവര്‍ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നുവെന്നും മന്ത്രി ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. പത്ര ധര്‍മ്മത്തിന്റെ വഴിയിലേക്ക് എല്ലാ പത്രങ്ങളും കടന്നുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.പി. മുകുന്ദന്‍ കരുത്തനായ നേതാവായിരുന്നു. സമൂഹത്തിന്റെ അംഗീകാരം ലഭിക്കണമെങ്കില്‍ ജനകീയനും കരുത്തരുമായ നേതാക്കന്മാറായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജന്മഭൂമി ഡയറക്ടര്‍ അഡ്വ. കെ.കെ. ബാലറാം അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ പുസ്തകം ഏറ്റുവാങ്ങി. ബിജെപി ദേശീയ സമിതി അംഗം സി.കെ. പത്മനാഭന്‍, ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിംങ്ങ് പ്രസിഡണ്ട് വത്സന്‍ തില്ലങ്കേരി, ജന്മഭൂമി പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ വി. ശശിധരന്‍, മുന്‍ റസിഡന്റ് എഡിറ്റര്‍ എ. ദാമോദരന്‍, ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് എന്നിവര്‍ സംസാരിച്ചു. ജന്മഭൂമി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ എം.എ. വിജയറാം സ്വാഗതവും ഡവലപ്മെന്റ് മാനേജര്‍ കെ.ബി. പ്രജില്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക