പാരീസ് : ഫ്രാൻസിലെ ഈഫൽ ടവറിലേക്ക് വിമാനം പറക്കുന്നതായി കാണിക്കുന്ന പരസ്യം പുറത്തിറക്കിയതിന് പിന്നാലെ വ്യാപകമായ വിമർശനം ഏറ്റുവാങ്ങി പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്. കമ്പനിയുടെ ഫ്രഞ്ച് തലസ്ഥാനത്തേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായിരുന്നു പരസ്യം. “പാരീസ്, ഞങ്ങൾ ഇന്ന് വരുന്നു” എന്ന അടിക്കുറിപ്പും ഉണ്ടായിരുന്നുവെന്നും ബിബിസി വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു.
2001 സെപ്റ്റംബർ 11 ന് യുഎസിൽ നടന്ന ഭീകരാക്രമണങ്ങളുമായി പരസ്യത്തിന് സാമ്യമുണ്ടെന്ന് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ ശ്രദ്ധിച്ചു. ഇതാണ് പരക്കെ വിമർശനങ്ങൾക്ക് കാരണമായത്. “ഇതൊരു പരസ്യമാണോ അതോ ഭീഷണിയാണോ?”- ഒരു ഉപയോക്താവ് എക്‌സിൽ എഴുതി. മറ്റൊരാൾ കമ്പനി മാർക്കറ്റിംഗ് മാനേജരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ ആഴ്ച പരസ്യം പ്രസിദ്ധീകരിച്ചതിനുശേഷം എക്‌സിൽ ഈ ചിത്രം 21 ദശലക്ഷത്തിലധികം തവണ കണ്ടു. തുടർന്ന് ഇത് അതിവേഗ വിമർശനങ്ങൾക്ക് കാരണമായി. സംഭവം വിവാദമായതോടെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. കൂടാതെ ഉപപ്രധാനമന്ത്രി ഇഷാഖ് ദറും പരസ്യത്തെ വിമർശിച്ചതായി പാകിസ്ഥാന്റെ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
പിഐഎയുടെ പരസ്യം തന്നെ ശരിക്കും നിശബ്ദനാക്കി എന്ന് പാകിസ്ഥാൻ പത്രപ്രവർത്തകൻ ഒമർ ഖുറൈഷി പറഞ്ഞു. കെട്ടിടങ്ങൾ ആക്രമിക്കാൻ വിമാനങ്ങൾ ഉപയോഗിച്ച 9/11 ദുരന്തത്തെക്കുറിച്ച് അവർക്ക് അറിയില്ലേ, ഇത് സമാനമായ രീതിയിൽ കാണപ്പെടുമെന്ന് അവർ കരുതിയില്ലേ എന്നും അദ്ദേഹം എക്‌സിൽ എഴുതി.
അതേ സമയം സംഭവത്തെക്കുറിച്ച് എയർലൈൻ അഭിപ്രായം പറഞ്ഞിട്ടില്ല. നേരത്തെ 1979 ൽ ഇരട്ട ഗോപുരങ്ങൾക്ക് മുകളിൽ ഒരു പാസഞ്ചർ ജെറ്റിന്റെ നിഴൽ കാണിക്കുന്ന ഒരു പരസ്യം എയർലൈൻ പ്രസിദ്ധീകരിച്ച് വിവാദങ്ങൾ സൃഷ്ടിച്ചത് ചില എക്‌സ് ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുകയും ചെയ്തു.
9/11 ആക്രമണങ്ങളിൽ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിന്റെയും വാഷിംഗ്ടൺ ഡിസിയിലെ പെന്റഗണിന്റെയും ഇരട്ട ഗോപുരങ്ങളിൽ പാസഞ്ചർ ജെറ്റുകൾ ഇടിച്ചുകയറ്റി 3,000 ത്തോളം പേരാണ് കൊല്ലപ്പെട്ടത്. ആക്രമണങ്ങളുടെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന ഖാലിദ് ഷെയ്ഖ് മുഹമ്മദിനെ 2003 ൽ പാകിസ്ഥാനിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് ആക്രമണങ്ങൾ ആസൂത്രണം ചെയ്ത അൽ-ഖ്വയ്ദ തീവ്രവാദ ശൃംഖലയുടെ തലവനായ ഒസാമ ബിൻ ലാദനെ 2011 ൽ പാകിസ്ഥാനിൽ യുഎസ് സൈന്യം കൊലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക