India

സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ പിടിയിലായതായി റിപ്പോർട്ട് : ചോദ്യം ചെയ്യൽ തുടരുന്നു

ആക്രമണത്തിൽ 54 കാരനായ നടന് കഴുത്തിൽ ഉൾപ്പെടെ ആറ് കുത്തേറ്റു

Published by

മുംബൈ : ഒടുവിൽ നടൻ സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെന്ന കരുതുന്നയാൾ പിടിയിലായതായി റിപ്പോർട്ട്. മുപ്പത് മണിക്കൂറോളം ഇരുട്ടിൽ തപ്പിയ പോലീസിന് ഒടുവിൽ പ്രതിയെ പിടികൂടാനായിയെന്നാണ് വിവരം.

ചോദ്യം ചെയ്യുന്നതിനായി അയാളെ ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതായി വൃത്തങ്ങൾ അറിയിച്ചു.  സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന നുഴഞ്ഞുകയറ്റക്കാരൻ ഇയാളാണെന്ന് ചില റിപ്പോർട്ടുകൾ ഉണ്ട്. ഇയാളെ ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും പ്രാഥമിക വിവരങ്ങൾ പോലീസ് ഉദ്യോഗസ്ഥർ ശേഖരിച്ച് വരികയാണ്.

മുംബൈയിലെ ബാന്ദ്ര വെസ്റ്റ് പ്രദേശത്തുള്ള നടൻ സെയ്ഫ് അലി ഖാന്റെ വീട്ടിൽ നടന്ന മോഷണശ്രമത്തെക്കുറിച്ചുള്ള അന്വേഷണം വ്യാഴാഴ്ച മുതൽ 20 പോലീസ് ടീമുകളാണ് നടത്തി വന്നിരുന്നത്.  അതേ സമയം ആക്രമണത്തിൽ 54 കാരനായ നടന് കഴുത്തിൽ ഉൾപ്പെടെ ആറ് കുത്തേറ്റു. ലീലാവതി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനായതിനെ തുടർന്ന് അദ്ദേഹം അപകടനില തരണം ചെയ്തതായി ചികിത്സിച്ച ഡോക്ടർമാർ അറിയിച്ചു.

ആക്രമണത്തിൽ നടന് പുറമെ വീട്ടിലെ 56 വയസ്സുള്ള നഴ്‌സായ എലിയാമ ഫിലിപ്പിനും വീട്ടുജോലിക്കാരിയ്‌ക്കും  പരിക്കേറ്റതായി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ആക്രമണം നടക്കുമ്പോൾ പന്ത്രണ്ടാം നിലയിലുള്ള അപ്പാർട്ട്മെന്റിൽ ഖാൻ, ഭാര്യ കരീന കപൂർ, അവരുടെ രണ്ട് ആൺമക്കളായ ജെയും, തൈമൂറും അവരുടെ അഞ്ച് ജോലിക്കാരും വീട്ടിലുണ്ടായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക