Kerala

ഇല്ലാത്ത കണക്ഷനു ബില്ല് : ജല അതോറിട്ടി 20000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മിഷന്‍

Published by

കോട്ടയം: നല്‍കാത്ത വാട്ടര്‍ കണക്ഷന് ബില്‍ നല്‍കിയതിനു ജല അതോറിറ്റി ഉപഭോക്താവിന് 20000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവ്. കോട്ടയം സ്വദേശിയായ ടി.എന്‍. ബാബു നല്‍കിയ പരാതിയിലാണ് നടപടി. ബാബു വാട്ടര്‍ കണക്ഷനുവേണ്ടി ജല അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് കാലഹരണപ്പെട്ടെന്നറിയിച്ചതിനേത്തുടര്‍ന്ന് പുതിയത് നല്‍കുകയും മുദ്രപ്പത്രത്തില്‍ കരാറിലേര്‍പ്പെടുകയും ചെയ്തു. മീറ്ററും വാങ്ങി നല്‍കി. മീറ്റര്‍ പരിശോധിച്ച ശേഷം സ്ഥലം പരിശോധിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും മാസങ്ങളായിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയറുമായി ബന്ധപ്പെട്ടപ്പോള്‍ ഒരു കരാറുകാരന്റെ നമ്പര്‍ നല്‍കി. കരാറുകാരനെ ബന്ധപ്പെട്ടപ്പോള്‍ പ്രധാനലൈനില്‍ പ്രശ്‌നങ്ങളുണ്ടെന്ന് അറിയിച്ചു. എന്നാല്‍ ഈ ലൈന്‍ നന്നാക്കിയിട്ടും ബാബുവിന് കണക്ഷന്‍ നല്‍കിയില്ല. ജലജീവന്‍ പദ്ധതി വഴി കണക്ഷന്‍ നല്‍കാമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും അതും നടന്നില്ല. തുടര്‍ന്ന് അദ്ദേഹം പദ്ധതി ഉപേക്ഷിക്കുകയും പ്രാദേശിക കുടിവെള്ള പദ്ധതി വഴി കണക്ഷനെടുക്കുകയും ചെയ്തു.
എന്നാല്‍ 14,414 രൂപ അടയ്‌ക്കണമെന്നു ആവശ്യപ്പെട്ട് വാട്ടര്‍ അതോറിട്ടി 2023 നവംബര്‍ 30-ന് ബാബുവിനു നോട്ടീസ് അയച്ചു. ഇതിനു മറുപടി നല്‍കിയെങ്കിലും 2024 ഫെബ്രുവരി ഏഴിന് അദാലത്തില്‍ ഹാജരാകണമെന്നു കാണിച്ച് വീണ്ടും നോട്ടീസ് നല്‍കി. ഇതേത്തുടര്‍ന്നാണു ബാബു ജില്ലാ ഉപഭോക്തൃ കമ്മിഷനില്‍ പരാതി നല്‍കിയത്. ഗാര്‍ഹിക വാട്ടര്‍ കണക്ഷന്‍ നല്‍കുന്നതില്‍ പരാജയപ്പെട്ട വാട്ടര്‍അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായത് സേവനന്യൂനതയാണെന്നു കണ്ടെത്തിയ അഡ്വ. വി.എസ്. മനുലാല്‍ പ്രസിഡന്റായും അഡ്വ. ആര്‍. ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളായുമുള്ള കമ്മിഷന്‍ നഷ്ടപരിഹാരം വിധിക്കുകയായിരുന്നു. ബാബുവിനുണ്ടായ മാനസിക ക്ലേശത്തിന് നഷ്ടപരിഹാരമായി 2000 രൂപയും ഒരു മാസത്തിനകം നല്‍കണമെന്ന് കമ്മിഷന്‍ ഉത്തരവിട്ടു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക