പ്രയാഗ് രാജ്: ബുദ്ധിരാക്ഷസന്മാരായ കുട്ടികളുടെ പഠനക്കളരിയായാണ് ഐഐടി അറിയപ്പെടുന്നത്. സയന്‍റിഫിക് ടെമ്പര്‍ അധികമുള്ള കുട്ടികള്‍. എന്നിട്ടും അവര്‍ പഠനശേഷം ലഭിച്ച അഞ്ചക്കവും ആറക്കവും ശമ്പളമുള്ള ജോലി വിട്ട് ആത്മീയതയുടെ വഴിയിലേക്ക് യാത്ര ചെയ്യുന്നു. ബോംബെ ഐഐടിയില്‍ സ്പേസ് എഞ്ചിനീയറിംഗ് പഠിച്ച അഭയ് സിങ്ങ് എന്ന മസനി ഗോക്കര്‍ ഉള്‍പ്പെടെ സന്യാസത്തിലേക്ക് തിരിഞ്ഞ 4 ഐഐടിക്കാരെയാണ് മാധ്യമങ്ങള്‍ ഇക്കുറി പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ കണ്ടെത്തിയത്. കാവിക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന എത്രയോ കഥകള്‍ വേറെയും ഉണ്ടാകണം.
മസനി ഗോരഖ് എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന അഭയ് സിങ്ങ് ബോംബെ ഐഐടിയില്‍ സ്പേസ് എഞ്ചിനീയറിംഗ് പഠിച്ച ശേഷം സയന്‍സ് ആന്‍റ് ടെക്നോളജി രംഗത്ത് ഉന്നതമായ തൊഴില്‍ ചെയ്തുവരികേയാണ് അദ്ദേഹത്തിന്റെ ഉള്‍വിളി ഉണ്ടാകുന്നത്. അതിനിടെ അദ്ദേഹം ജീവിതത്തില്‍ പലതും പരീക്ഷിച്ചുനോക്കി. ഫൊട്ടോഗ്രാഫി, ഫിസിക്സില്‍ ട്യൂഷന്‍, ഡിസൈന്‍ ജോലികള്‍ അങ്ങിനെ പലതും. എന്നാല്‍ ഒന്നില്‍ നിന്നും പ്രതീക്ഷിച്ച ശാന്തി ലഭിക്കാതെ വന്നപ്പോള്‍ ഒടുവില്‍ കാഷായത്തിലേക്ക് തിരിഞ്ഞു. ആന്തരികമായ ശാന്തി ലഭിക്കാനുള്ള വഴി. ശിവഭഗവാനെ സദാ ധ്യാനിക്കുന്ന അദ്ദേഹം അങ്ങിനെ സന്യാസദീക്ഷ സ്വീകരിച്ചു- അഭയസിങ്ങല്ല, ഇന്ന് അദ്ദേഹം മസനി ഗോരഖ് ആണ്. ഇക്കുറി പ്രയാഗ് രാജിലെ മഹാകുംഭമേളയ്‌ക്ക് മസനി ഗോരഖും എത്തിയിട്ടുണ്ട്.
അവിരാള്‍ ജെയിന്‍:
ഐഐടി ബിഎച്ച് യുവില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ച വിദ്യാര്‍ത്ഥി. ഉയര്‍ന്ന പാക്കേജോടെ വാള്‍മാര്‍ടിലായിരുന്നു ജോലി. 2019ല്‍ വന്‍ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ജെയിന്‍ സന്യാസിയായി. വിശുദ്ധ സാഗര്‍ജി മഹാരാജ് എന്ന സന്യാസിക്ക് കീഴില്‍ ധ്യാനവും ആത്മീയ പഠനവും തപസ്സും. ഒടുവില്‍ ജീവിതത്തിലെ യഥാര്‍ത്ഥ മാര്‍ഗ്ഗം അവിരാള്‍ കണ്ടെത്തി. ഈ കുംഭമേളയ്‌ക്ക് പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തില്‍ വിശുദ്ധസ്നാനത്തിന് അവിരാളും ഉണ്ട്.
സങ്കേത് പരേഖ് :
കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ഐഐടി ബോംബെില്‍ നിന്നും ഡിഗ്രിയെടുത്ത സങ്കേത് പരേഖിന് യുഎസിലായിരുന്നു ജോലി. പക്ഷെ യുഎസിലെ സമ്പന്ന ജീവിതത്തില്‍ നിന്നും ആത്മീയതയുടെ ആഴങ്ങളിലേക്ക്. ആചാര്യ യുഗ് ഭൂഷണ്‍ സൂരിയുടെ കീഴില്‍ കഠിനമായ ആത്മീയ പഠനം. ജെയിന്‍ ആശ്രമജീവിതം എന്തെന്നറിഞ്ഞു. കുടുംബപ്രതീക്ഷകള്‍ക്കപ്പുറമുള്ള ആത്മീയ ചോദനകളുടെ യാദൃച്ഛികമായ ആലിംഗനം. അതായിരുന്നു സങ്കേത് പരേഖിന്റെ ജീവിതത്തില്‍ സംഭവിച്ചത്.
ആചാര്യ പ്രശാന്ത്:
മിടുക്കനായ വിദ്യാര്‍ത്ഥിയായിരിക്കേ പേര് പ്രശാന്ത് ത്രിപാഠി. ഐഐടി ദല്‍ഹിയില്‍ നിന്നും ബിടെകും ഐഐഎം അഹമ്മദാബാദില്‍ നിന്നും എംബിഎയും. ലോകത്ത് ഏത് ബഹുരാഷ്‌ട്രകമ്പനികളുടെയും തലപ്പത്ത് എത്തിച്ചേരാനുള്ള യോഗ്യത. സിവില്‍ സര്‍വ്വീസ് പാസായി. ഐഎഎസ് ഓഫീസറായി. പക്ഷെ ആത്മശാന്തി മാത്രമില്ല. ഉടനെ അതിലേക്കുള്ളവഴികള്‍ തിരഞ്ഞു. സ്വയം കണ്ടെത്തി. അങ്ങിനെ പ്രശാന്ത് ത്രിപാഠി ആചാര്യ പ്രശാന്തായി. അദ്വൈത് ലൈഫ് എജ്യുക്കേഷന്‍ എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചു. സ്വയം അറിഞ്ഞിരിക്കുക, ബൗദ്ധിക ആത്മീയത പഠിക്കുക എന്നിവ ലക്ഷ്യങ്ങള്‍. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക