തിരുവനന്തപുരം: തീക്ഷണമായ വാക്കുകളും അഗാധമായ ചിന്തകളും കൊണ്ട് തലമുറകളെ പ്രചോദിപ്പിക്കുകയാണ് സ്വാമി വിവേകാനന്ദനെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി.
ഭാരതത്തിലും ലോകത്തും മായാത്ത മുദ്ര പതിപ്പിച്ച ദീര്‍ഘവീക്ഷണമുള്ള മഹാത്മാവായിരുന്നു സ്വാമി വിവേകാനന്ദനെന്നും അദ്ദേഹം പറഞ്ഞു. വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കവടിയാറിലെ സ്വാമി വിവേകാനന്ദ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റൊരു നരേന്ദ്രനായി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാമി വിവേകാനന്ദന്‍ പകര്‍ന്ന സ്വപ്‌നങ്ങള്‍ക്ക് രൂപം കൊടുക്കുകയാണ്. ഭാരതം ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഉയര്‍ന്നുവെങ്കില്‍ അതിശയിക്കാന്‍ ഒന്നുമില്ല. കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ദേശീയ വിദ്യാഭ്യാസ നയം ഉള്‍പ്പെടെ സ്വാമിജിയുടെ ആദര്‍ശം പ്രതിഫലിപ്പിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
2047 ആവുന്നതോടെ പൂര്‍ണ വികസിത രാഷ്‌ട്രമായി മാറുകയെന്ന രാജ്യത്തിന്റെ വലിയ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള താക്കോല്‍ ഈ യുവഭാരതത്തിലാണെന്ന് എല്ലാവരും വിശ്വസിക്കുന്നു. സാദ്ധ്യതകളെ നേട്ടങ്ങളാക്കി മാറ്റുകയായിരുന്നു സ്വാമി വിവേകാനന്ദനെന്നും, അത് തന്നെയാണ് ഇനി യും ചെയ്യാനുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു.
ഭാരതീയ വിചാരകേന്ദ്രം ജില്ല ഉപാധ്യക്ഷന്‍ വിജയന്‍ നായര്‍ അധ്യക്ഷനായി. സാഹിത്യകാരന്‍ ഡോ. പൂജപ്പുര കൃഷ്ണ്‍ നായര്‍ വിവേകാനന്ദ ജയന്തി സന്ദേശം നല്‍കി. ജില്ലാ സമിതിയംഗം അനുകിരണ്‍, സംസ്ഥാന സമിതിയംഗം കെ. വി. രാജശേഖരന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി രതീഷ്, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ്, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, കൗണ്‍സിലര്‍മാരായ എം.ആര്‍. ഗോപന്‍, അഡ്വ. ഗിരികുമാര്‍, ശാസ്തമംഗലം മധുസൂദനന്‍ നാര്‍, അശോക് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക