ചെറിയനാട്: ചെറിയനാട് പഞ്ചായത്ത് ഓഫീസിന് സമീപം പ്രവര്‍ത്തിച്ചു വന്ന കള്ള് ഷാപ്പ് ജനകീയ സമിതിയുടെയും, വാര്‍ഡ് മെമ്പറുടെയും ശക്തമായ ഇടപെടല്‍ മൂലം പൂട്ടി.
ചെറിയനാട് പഞ്ചായത്തിന്റെ സിരാകേന്ദ്രമായ കുളത്താപ്പള്ളില്‍ ഷാപ്പ് ആരംഭിച്ചതു മുതല്‍ മാത്യു ഏബ്രഹാം ചെയര്‍മാനായും, സി.പി.ശ്രീജിത്ത് കണ്‍വീനറായും രൂപീകരിച്ച ജനകീയ സമിതി വിവിധ രാഷ്‌ട്രീയ കക്ഷികളുടെയും, സംഘടനകളുടെയും സഹകരണത്തോടെ ഷാപ്പിനു മുന്‍പില്‍ മാസങ്ങളോളം സമരം നടത്തുകയും, എം എല്‍ എ, എക്‌സൈസ് അടക്കമുള്ള അധികൃതര്‍ക്ക് നേരില്‍ കണ്ട് പരാതി സമര്‍പ്പിക്കുകയും ചെയ്തു. എന്നിട്ടും നടപടി ഉണ്ടായില്ല.
ചില ഷാപ്പനുകൂലികള്‍ ഇതില്‍ രാഷ്രീയം കുത്തിവയ്‌ക്കുകയും, അപവാദങ്ങള്‍ പ്രചരിപ്പിക്കുകയും പ്രത്യക്ഷസമരം തല്‍ക്കാലം അവസാനിപ്പിക്കുകയും ചെയ്തു.18.04.2022 ല്‍ കൂടിയ സാധാരണ പഞ്ചായത്ത് കമ്മറ്റിയില്‍ ‘ഷാപ്പ് മാറ്റിസ്ഥാപിക്കണം’ എന്ന തീരുമാനം ഐക്യകണ്‌ഠേന അംഗീകരിച്ചു. നാലാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പിന് ശേഷം ജനങ്ങളുടെ ആവശ്യപ്രകാരം മെമ്പര്‍ ഒ.റ്റി. ജയമോഹന്‍ ഇതില്‍ താല്‍പര്യമെടുക്കുകയും, ജനകീയ സമിതി പ്രവര്‍ത്തകരോടൊപ്പം കെട്ടിട ഉടമയായ സുരേഷിനെ സമീപിക്കുകയും എഗ്രിമെന്റ് പുതുക്കാതെയാണ് ഷാപ്പ് പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കുകയും ചെയ്തു.
വിവിധ രാഷ്‌ട്രീയ സാമുദായിക സംഘടനകള്‍ക്ക് കത്ത് നല്‍കി 2024 ഗാന്ധി ജയന്തി ദിനത്തില്‍ ഒരു ധര്‍ണ നടത്തുകയും ചെയ്തു. ചില ചുമതലപ്പെട്ട രാഷ്‌ട്രീയക്കാര്‍ ഇതില്‍ നിന്നും വിട്ടു നില്‍ക്കുകയും ‘അടച്ചിട്ട ഓഫീസിനു മുന്നിലെ സമരമെന്നും, ഗാന്ധിവധത്തെക്കുറിച്ച് തെറ്റായ ധാരണകളും നല്‍കി വ്യക്തിപരമായി ആക്ഷേപിക്കുന്നതിനും, രാഷ്‌ട്രീയം കലര്‍ത്തുവാനും ശ്രമിച്ചു.
എന്നാല്‍ കെട്ടിട ഉടമ ജനകീയ സമിതിയോടൊപ്പം ഉറച്ചുനില്‍ക്കുകയും, സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, കളക്ടര്‍ എന്നിവര്‍ക്ക് മെമ്പറുടെയും, ജനകീയ സമിതി ചെയര്‍മാന്റെയും സാന്നിദ്ധ്യത്തില്‍ പരാതി അയയ്‌ക്കുകയും, അവരുടെ അന്വേഷണത്തിന്റെ വെളിച്ചത്തില്‍ ഉടമയുടെ സമ്മതമില്ലാതെ പ്രവര്‍ത്തിക്കുന്ന ഷാപ്പ് പൂട്ടുന്നതിന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക