തിരുവനന്തരപുരം: ജീവിതത്തില്‍ ജോലിക്കാരനായി ജീവിക്കണോ അതോ പിന്നണിഗായകനായി ജീവിക്കണോ എന്ന സംശയം ആദ്യനാളുകളില്‍ പി. ജയചന്ദ്രനും ഉണ്ടായിരുന്നു. അങ്ങിനെയാണ് അദ്ദേഹം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജില്‍ നിന്നും സുവോളജിയില്‍ ബിരുദമെടുത്ത ശേഷം ചെന്നൈയില്‍ പ്യാരി എന്ന കമ്പനിയില്‍ കെമിസ്റ്റായി ജോലിക്ക് ചേര്‍ന്നത്.
പക്ഷെ അദ്ദേഹത്തിന്‍റേതായി പുറത്തുവന്ന ആദ്യ ഗാനമായ കളിത്തോഴന്‍ എന്ന സിനിമിയലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനം പി. ജയചന്ദ്രന്‍ എന്ന ഗായകന്റെ ജീവിത വിധി മാറ്റിമറിച്ചു. ആ ഗാനം മലയാളക്കാര ഏറ്റെടുത്തു. മോഹനം രാഗത്തില്‍ ഭാവങ്ങള്‍ നിറച്ച ഈ ഗാനം മലയാളികള്‍ക്ക് വ്യത്യസ്ത അനുഭവമായിരുന്നു. പി.ഭാസ്കരന്‍ എഴുതിയ വരികള്‍ക്ക് ഈണമിട്ടത് ജി. ദേവരാജന്‍ മാസ്റ്ററായിരുന്നു. 1966ല്‍ ആയിരുന്നു ഈ ഗാനം പുറത്തുവന്നത്. പിന്നീട് 58 വര്‍ഷക്കാലം അദ്ദേഹം മലയാളികളുടെ ഭാവഗായകനായി ജീവിച്ചു. ആലാപനത്തിലെ വികാരതീവ്രതയാണ് ജയചന്ദ്രനെ വ്യത്യസ്തനാക്കിയത്.
വിരഹഭാവം നിറഞ്ഞ ഗാനമാണിത്. പി.ഭാസ്കരന്റെ വരികളിള്‍ ധനുമാസചന്ദ്രികയുള്ള രാത്രിയില്‍ കാമുകിയെ കാണാത്ത കാമുകന്റെ ദുഖമാണ് ഉള്ളത്. ആ ഭാവത്തെ ജയചന്ദ്രന്‍ തന്റെ ശബ്ദസൗകുമാര്യത്തില്‍ സ്ഫടം ചെയ്തെടുക്കുകയായിരുന്നു.
കർണ്ണികാരം പൂത്തു തളിർത്തു
കല്പനകൾ താലമെടുത്തു (2)
കണ്മണിയെ കണ്ടില്ലല്ലോ
എന്റെ സഖി വന്നില്ലല്ലോ
കണ്ടവരുണ്ടോ… ഉണ്ടോ ..ഉണ്ടോ.. എന്ന് പാടുമ്പോള്‍ ഒരു വല്ലാത്ത പ്രണയനൊമ്പരം കേള്‍വിക്കാരന്റെ മനസ്സ് നനയിക്കുന്നു.
കഥ മുഴുവൻ തീരും മുമ്പേ
യവനിക വീഴും മുമ്പേ (2)
കവിളത്തു കണ്ണീരോടെ
കദനത്തിൻ കണ്ണീരോടെ
കടന്നുവല്ലോ അവൾ നടന്നുവല്ലോ
എന്ന് അസാധരണകയ്യടക്കത്തോടെ, യാതൊരു അമിതഭാവപ്രകടനവുമില്ലാതെ ജയചന്ദന്‍ ആവാഹിക്കുന്നു.
മോഹനം രാഗത്തോടുള്ള ദേവരാജന്‍ മാസ്റ്ററുടെ പ്രണയം പൂത്തുലഞ്ഞ ആദ്യ ഗാനങ്ങളിലൊന്നായിരുന്നു മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി. പിന്നീട് ഏകദേശം 50ല്‍ പാട്ടുകളോളം ദേവരാജന്‍ മാസ്റ്റര്‍ മോഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.
വാസ്തവത്തില്‍ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനത്തിന്റെ ട്രാക്ക് പാടാനാണ് ജയചന്ദ്രനെ വിളിച്ചത്. പക്ഷെ മദ്രാസിലെ സ്റ്റുഡിയോയില്‍ ട്രാക്ക് പാടിക്കഴിഞ്ഞപ്പോള്‍ ജി. ദേവരാജന്‍മാസ്റ്റര്‍ക്ക് തോന്നി- ഈ ഗാനം മറ്റാര്‍ക്കും ഇതിനേക്കാള്‍ അപ്പുറം പാടാനാവില്ല. അതോടെയാണ് ജി. ദേവരാജന്‍ മാസ്റ്റര്‍ സിനിമയിലും ജയചന്ദ്രന്‍ തന്നെ പാടിയാല്‍ മതി എന്ന് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: