Kerala

സ്വർണത്തിനായി മുൻകൂറായി പണം വാങ്ങി തട്ടിപ്പ്; അൽ മുക്താദിർ ജ്വല്ലറി ശാഖകളിൽ ആദായനികുതി വകുപ്പ് പരിശോധന

Published by

കൊച്ചി: സംസ്ഥാനത്തെ അൽ മുക്താദിർ ജ്വല്ലറി ശാഖകളിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. പൂജ്യം ശതമാനം പണിക്കൂലി വാഗ്ദാനം ചെയ്തു വന്‍ നിക്ഷേപ തട്ടിപ്പ് നടത്തുന്നുവെന്ന് ആക്ഷേപം ഉയരുന്നതിനു പിന്നാലെയാണ് അല്‍ മുക്താദിര്‍ ഗ്രൂപ്പിന്റെ ജ്വല്ലറി ഷോറൂമുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്.

ഉപഭോക്താക്കളിൽ നിന്നും മുൻകൂർ പണം സ്വീകരിച്ചുള്ള സ്വർണ ഇടപാടുകളെകുറിച്ചാണ് പരിശോധന. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലും കേരളത്തിലെ അല്‍ മുക്താദിര്‍ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ഉണ്ടായിരുന്നു. ആദായനികുതി വകുപ്പിന്റെ ടിഡിഎസ് വിഭാഗമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. വന്‍ നികുതി വെട്ടിക്കല്‍ , കള്ളപ്പണ നിക്ഷേപം എന്നിവയാണ് അന്ന് റെയ്ഡില്‍ പ്രധാനമായും പരിശോധിച്ചത്.

ജ്വല്ലറി വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. എന്നാൽ ഇത് നിഷേധിച്ചുകൊണ്ട് ജ്വല്ലറിയുടെ ഉടമ രംഗത്തുവരികയും റിപ്പോർട്ടുകൾ മറ്റ് ജ്വല്ലറികളുടെ വ്യാജ പ്രചാരണമെന്നും ആരോപിച്ചിരുന്നു. 0% പണിക്കൂലിയില്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കുമെന്ന് പറഞ്ഞ് മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ച് വന്‍തോതില്‍ പണം തട്ടിയെടുത്തെന്ന് വ്യാപക പരാതി അല്‍മുക്താദിര്‍ ഗ്രൂപ്പിനെതിരെ ഉയര്‍ന്നിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by