ന്യൂദൽഹി: എഐ മേഖലയില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കാന്‍ ഇന്ത്യയില്‍ മൈക്രോസോഫ്റ്റ് 25780 കോടി രൂപ നിക്ഷേപിക്കുമെന്ന് സിഇഒ സത്യ നദെല്ല. കൃത്രിമബുദ്ധിയില്‍ (എഐ) ഇന്ത്യയെ ഒന്നാമത് എത്തിക്കാൻ മൈക്രോസോഫ്റ്റ് പ്രതിജ്ഞാബദ്ധമെന്നും അദ്ദേഹം പറഞ്ഞു.
ഒരു കോടി ഇന്ത്യക്കാര്‍ക്ക് നിര്‍മ്മിത ബുദ്ധിയില്‍ പരിശീലനം
2030 ആകുമ്പോഴേക്കും ഒരു കോടി ഇന്ത്യക്കാര്‍ക്ക് നിര്‍മ്മിത ബുദ്ധിയില്‍ മൈക്രോസോഫ്റ്റ് പരിശീലനം നല്‍കുമെന്നും സത്യ നദെല്ല പറഞ്ഞു.
എഐ സാങ്കേതിക വിദ്യയുടെ പ്രയോജനം ഓരോ ഇന്ത്യക്കാരനും ലഭിക്കുന്ന തരത്തിൽ വലിയ വിപുലീകരണത്തിനാണ് മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നതെന്നും കമ്പനി സിഇഒ സത്യ നദെല്ല പറഞ്ഞു. മൈക്രോസോഫ്റ്റിന്റെ അസുര്‍ എന്ന ക്ലൗഡ് കംപ്യൂട്ടിങ്ങും വികസിപ്പിക്കും. മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല ദൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.
എഐ സാങ്കേതിക വിദ്യയിൽ ഇന്ത്യയെ ഒന്നാമത് എത്തിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു. ഓരോ ഇന്ത്യക്കാരനും ആ മാറ്റത്തിന്റെ ഗുണഫലം ഉറപ്പാക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായി മൈക്രോസോഫ്റ്റ് ഇന്ത്യയിൽ നടത്തുന്ന വിപുലീകരണ പ്രവർത്തനത്തിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതും ആവേശകരമാണെന്നും സത്യ നദെല്ല കുറിച്ചു.
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രവും ഉൾപ്പെടുത്തിയിരുന്നു. സത്യ നദെല്ലയുടെ പോസ്റ്റ് പ്രധാനമന്ത്രിയും പിന്നീട് പങ്കുവെച്ചു. മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ വിപുലീകരണവും നിക്ഷേപ പദ്ധതികളും അറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ആയിരുന്നു പോസ്റ്റ് പങ്കുവെച്ച് പ്രധാനമന്ത്രി കുറിച്ചത്. കൂടിക്കാഴ്ചയിൽ ടെക്‌നോളജി, ഇന്നൊവേഷൻ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് തുടങ്ങിയ മേഖലകളുടെ വിവിധ വശങ്ങൾ ചർച്ച ചെയ്തുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
മൈക്രോസോഫ്റ്റിന്റെ ഗ്ലോബൽ എഐ ടൂറിന്റെ ഭാഗമായിട്ടാണ് ദൽഹിയിലെ പരിപാടി. സംരംഭകരെയും സാങ്കേതിക വൈദഗ്ധ്യമുള്ളവരെയും ലക്ഷ്യമിട്ടുള്ള പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് സത്യ നദെല്ല ഉൾപ്പെടെയുള്ള മൈക്രോസോഫ്റ്റ് എക്‌സിക്യൂട്ടീവുകളുമായി സംവദിക്കാനുള്ള അവസരവും ലഭിയ്‌ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: