തിരുവനന്തപുരം: 2047-ഓടെ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കാൻ യുവജനങ്ങളുടെ പുരോഗതിയും അവരുടെ പങ്കാളിത്തവും അനിവാര്യമെന്ന് കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന ദേശീയ യുവജനോത്സവത്തിന്റെ ഭാഗമായുള്ള വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗിൽ പങ്കെടുക്കുന്ന കേരള സംഘത്തിന് രാജ്ഭവനിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
യുവജനങ്ങൾക്ക് അവസരങ്ങൾ സൃഷ്ടിക്കുകയും സാങ്കേതികവിദ്യ, വ്യവസായം, സംസ്കാരം തുടങ്ങിയ വിവിധ മേഖലകളിലെ യുവപ്രതിഭകളെ കണ്ടെത്തുകയും ചെയ്യുക എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. 2025 ജനുവരി 10,11,12 തീയതികളിൽ ന്യൂദൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗിൽ കേരളത്തെ പ്രതിനിധീകരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട 39 അംഗ സംഘത്തെ ഗവർണർ അഭിനന്ദിച്ചു.
ഇതര സംസ്ഥാനങ്ങളിലെ യുവജനങ്ങളുമായി ക്രിയാത്മകമായി സംവദിക്കാൻ സംഘത്തെ പ്രോത്സാഹിപ്പിച്ച ഗവർണർ, കേരളത്തിലെ സാക്ഷരരായ യുവജനങ്ങളുടെ സംഭാവനകളിൽ രാജ്യം മുഴുവൻ പ്രതീക്ഷ അർപ്പിക്കുന്നതായും പറഞ്ഞു.സംഘാംഗങ്ങൾക്ക് രാജ്ഭവന്റെ പൂർണ്ണ പിന്തുണയും സഹായവും അദ്ദേഹം ഉറപ്പുനൽകി. നെഹ്റു യുവ കേന്ദ്ര സംഘാതൻ സ്റ്റേറ്റ് ഡയറക്ടർ എം.അനിൽകുമാർ വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗിനെ കുറിച്ച് വിശദീകരിച്ചു.
മേരാ യുവ ഭാരത് പോർട്ടലിൽ വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയിച്ച 39 യുവതീ യുവാക്കളാണ് കേരള സംഘത്തിലുള്ളത്. അവർ ദേശീയ മത്സരത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കുകയും തെരഞ്ഞെടുത്ത 10 വിഷയങ്ങളിൽ വികസിത ഇന്ത്യയെക്കുറിച്ചുള്ള ആശയങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യും. നവംബർ 25 മുതൽ ഡിസംബർ 5 വരെ മേരാ യുവ ഭാരത് പോർട്ടൽ വഴി സംഘടിപ്പിച്ച വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ് ഓൺലൈൻ ക്വിസ് മത്സരങ്ങളിൽ വിജയികളായ 3500 പേർക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിൽ 239 പേരെ വിജയികളായി തെരഞ്ഞെടുത്തു. തുടർന്ന് നടന്ന, പവർപോയിൻ്റ് പ്രസൻ്റേഷനുകളിലും വ്യക്തിഗത അഭിമുഖങ്ങളിലും നിന്നാണ് ദേശീയതല മത്സരത്തിൽ പങ്കെടുക്കുന്നവരെ തെരഞ്ഞെടുത്തത്.
കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം, നെഹ്‌റു യുവകേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സംസ്ഥാനതല മത്സരങ്ങൾ സംഘടിപ്പിച്ചത്. ദേശീയ യുവജനോത്സവം (NYF) 2025-ന്റെ പുനർരൂപകൽപ്പനയാണ് വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ്. ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ യുവാക്കളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ദർശനവുമായി ഒത്തുചേർന്നുകൊണ്ടാണ്, നവീകരിച്ച യുവജനോത്സവത്തിന് വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ് എന്ന് പേര് നൽകിയിരിക്കുന്നത്. വികസിത ഭാരത ദർശനത്തിന്റെ സാക്ഷാത്കാരത്തിന് സംഭാവന നൽകുന്നതിന് അവരുടെ ആശയങ്ങളും കാഴ്ചപ്പാടുകളും പങ്കിടാൻ ഈ ചലനാത്മക പ്ലാറ്റ്ഫോം യുവജനങ്ങളെ പ്രാപ്തരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: