കൊട്ടാരക്കര: ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി ലയനം നിലവില്‍ വരുന്നതിന് മുമ്പേ, എയ്ഡഡ് ഹൈസ്‌കൂളുകളിലെ അനദ്ധ്യാപകര്‍ക്ക് ഹയര്‍സെക്കന്‍ഡറിയിലും ജോലി ചെയ്യേണ്ടിവരുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
ഖാദര്‍ കമ്മിറ്റി ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഹൈസ്‌കൂള്‍ വിഭാഗത്തിലെ അനദ്ധ്യാപക ജീവനക്കാരെ ഹയര്‍ സെക്കന്‍ഡറിയിലെ ജോലികള്‍ ചെയ്യിക്കുന്നതായി പരാതി ഉയര്‍ന്നത്. സ്‌കൂള്‍ ലയന നടപടികള്‍ നടക്കെ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച് സംസ്ഥാനത്തെ പല എയ്ഡഡ് സ്‌കൂളുകളിലും ഹൈസ്‌കൂളിലെ അനദ്ധ്യാപകരോട് ഹയര്‍സെക്കന്‍ഡറിയിലും ജോലി ചെയ്യണമെന്ന് മാനേജര്‍മാര്‍ മുഖേന ആവശ്യപ്പെടുന്നുണ്ട്.
സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് ഹയര്‍സെക്കന്‍ഡറിയില്‍ അനദ്ധ്യാപക നിയമനം നടത്താന്‍ സര്‍ക്കാര്‍ അനുവദിക്കാത്ത പശ്ചാത്തലത്തിലാണിത്. ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി ലയനം നടപ്പാകുന്നതോടെ സംസ്ഥാനത്തെ പതിനായിരത്തോളം വരുന്ന അനദ്ധ്യാപകര്‍ക്ക് ഇരട്ടി ജോലിഭാരമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഇത്തരമൊരു നീക്കം സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നിലവില്‍ വരാനുള്ള ലൈബ്രേറിയന്‍, ക്ലാര്‍ക്ക്, എഫ്ടിഎം (ലാസ്റ്റ് ഗ്രേഡ്) തസ്തികകളടക്കം ആറായിരത്തിലധികം അനദ്ധ്യാപക തസ്തികകള്‍ ഇല്ലാതാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിലവില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ലൈബ്രേറിയന്‍, ക്ലര്‍ക്ക്, എഫ്ടിഎം (ലാസ്റ്റ് ഗ്രേഡ്) അടക്കമുള്ള മീനിസ്റ്റീരിയല്‍ ജീവനക്കാരുടെ അഭാവം സ്‌കൂള്‍ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഹയര്‍ സെക്കന്‍ഡറി വിഭാഗം തൂത്തുവാരാന്‍ പോലും ജീവനക്കാരില്ലാത്ത സാഹചര്യമാണ് പലയിടത്തും. പല സ്‌കൂളിലും ഹൈസ്‌കൂള്‍ വിഭാഗത്തിലെ ജീവനക്കാരെ നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കുന്നതായാണ് പരാതി.
ഇതിനിടെ തിരുവനന്തപുരം കണിയാപുരത്ത് ഹൈസ്‌കൂള്‍ അനദ്ധ്യാപകര്‍ക്ക് അവധി അനുവദിക്കുന്നതിനുള്ള അധികാരം ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പലിന് നല്‍കി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉത്തരവിറക്കിയിരുന്നു. സ്‌കൂള്‍ ഏകീകരണം പൂര്‍ത്തിയായാല്‍ മാത്രമേ അനദ്ധ്യാപകര്‍ക്ക് മേലുള്ള അധികാരം പ്രിന്‍സിപ്പല്‍മാര്‍ക്ക് ലഭിക്കൂ എന്നിരിക്കെയാണ് ഉത്തരവ് ഇറക്കിയത്. ഉത്തരവിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: