റിയാദ്: അവസാന മിനിറ്റുകളില്‍ മത്സരം പുരോഗമിക്കവെ വിജയഗോള്‍ നേടിക്കൊണ്ട് എസി മിലാന്‍ ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് കിരീടം സ്വന്തമാക്കി. ഫൈനലിന്റെ വീറും വാശിയും വാനോളമുയര്‍ന്ന മത്സരത്തില്‍ ചിരവൈരികളായ ഇന്റര്‍മിലാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് മിലാന്‍ എട്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം കപ്പുയര്‍ത്തിയത്.
90+3-ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ടാമ്മി അബ്രഹാം ആണ് മിലാന് വിജയം സമ്മാനിച്ചത്. ആദ്യ പകുതിയില്‍ 1-0ന് മുന്നിട്ടു നിന്ന ഇന്റര്‍ മിലാന്‍ ഒരവസരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് മുന്നിട്ടു നിന്നിരുന്നു. പിന്നീടാണ് മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് മിലാന്‍ മത്സരം പിടിച്ചടക്കിയത്.
കിരീടപ്പോരിന്റെ ആദ്യ പകുതി ശാന്തമായാണ് കടന്നുപോയത്. അവസാന നിമിഷം അര്‍ജന്റീന സ്‌ട്രൈക്കര്‍ ലാട്ടരോ മാര്‍ട്ടിനെസ് നേടിയ ഗോളില്‍ ഇന്റര്‍ മുന്നിലെത്തിയതോടെ കളിമാളി. ഇടവേള കഴിഞ്ഞെത്തുമ്പോള്‍ രണ്ട് ടീമും നന്നായി ഉണര്‍ന്നു. തുടക്കത്തിലേ തന്നെ മെഹ്ദി ടറാമിയിലൂടെ ഗോള്‍ നേടി ഇന്റര്‍ ലീഡ് ഇരട്ടിപ്പിച്ചു. അഞ്ച് മിനിറ്റ് കഴിയും മുമ്പേ തിയോ ഹെര്‍ണാണ്ടസിലൂടെ മിലാന്‍ ഒരുഗോള്‍ മടക്കി തിരിച്ചടി തുടങ്ങിവച്ചു. ഇതോടെ കളിക്ക് വീണ്ടും ചൂടുപിടിച്ചു. ഇരുഭാഗത്തെയും പല താരങ്ങളും മഞ്ഞകാര്‍ഡുകള്‍ കാണാന്‍ തുടങ്ങി. മത്സരം പുരോഗമിക്കുന്തോറം താരങ്ങളുടെ വീറും വാശിയും ഏറിക്കൊണ്ടിരുന്നു.
80-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ പുലിസിച്ചിലൂടെ മിലാന്‍ ഇന്ററിനൊപ്പമെത്തി(2-2). മധ്യനിരയില്‍ നിന്നും യൂനുസ് മൂസയെ പിന്‍വലിച്ച് മുന്നേറ്റ്ക്കാരന്‍ ടാമ്മി അബ്രഹാമിനെ കളത്തിലിറക്കി മിലാന്‍ കോച്ച് സെര്‍ജിയോ കോന്‍സീസിയോ മത്സരം കൂടുതല്‍ ആക്രമണോത്സുകമാക്കിയപ്പോഴാണ് സമനില ഗോള്‍ വീണത്. ഒടുവില്‍ റിയാദിലെ അല്‍ അവ്വാല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ മിലാന്‍ ആരാധകര്‍ക്ക് കിരീടം സമ്മാനിച്ച് പകരക്കാരന്‍ ടാമ്മി ഇന്ററിന്റെ കഥ തീര്‍ത്തു. എസി മിലാന്റെ എട്ടാമത്തെ സൂപ്പര്‍ ഇറ്റാലിയന്‍ കിരീടനേട്ടമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: