തിരുവനന്തപുരം: വയനാട് ദുരന്തം, രക്ഷാപ്രവര്‍ത്തനം, അതിജീവനം… കാണികളെ കണ്ണീരിലാഴ്‌ത്തി കലോത്സവവേദിയിലെ മൂകാഭിനയം. പത്തനംതിട്ട റാന്നി എംഎസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് കാണികളെ ഒരു നിമിഷം കണ്ണീരണിയിച്ചത്. വയനാട് ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലും ദുരന്തവും അതിജീവനവുമെല്ലാം 15 സെക്കന്റില്‍ മൗനമായി അവതരിപ്പിച്ചു. നിറഞ്ഞ കൈയടിയാണ് ഇവര്‍ക്ക് ലഭിച്ചത്.
മൂകാഭിനയ അദ്ധ്യാപകനായ ജോണി ജേക്കബ് ആണ് വിദ്യാര്‍ത്ഥികളെ മൂന്നുമാസം കൊണ്ട് പരിശീലിപ്പിച്ചത്. അന്‍സാഫ് അലി, അന്‍സാഫ് സിബി, പെനീന പ്രിന്‍സ്, കൃപാ പ്രെയ്‌സ്, സനാ ഫാത്തിമ, സ്‌നേഹ, സെമിയ, റെനി എസ്. ജെ എന്നിവരാണ് അഭിനയിച്ചത്. വഴുതക്കാട് കാര്‍മ്മല്‍ എച്ച്എസ്എസ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് എച്ച്എസ്എസ് വിഭാഗം മൈം അരങ്ങേറിയത്. ചടുലതയാര്‍ന്ന അവതരണ രീതിയില്‍ മികച്ച പ്രകടനമാണ് മൂകാഭിനയ സംഘങ്ങള്‍ കാഴ്ചവച്ചത്.
മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗവും അതിനെത്തുടര്‍ന്നുള്ള അശ്രദ്ധയും എങ്ങനെ ഒരാളെ മരണത്തിലേക്ക് നയിക്കാമെന്ന് ഹാസ്യരൂപത്തില്‍ കുട്ടികള്‍ അവതരിപ്പിച്ചു. മയക്കുമരുന്നിനെതിരായ പോരാട്ടം, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നരബലി എന്നിവ കുട്ടികള്‍ അവതരിപ്പിച്ചു. ആമയിഴഞ്ചാന്‍ തോട്ടിലെ ജോയിയുടെ മരണം അവതരിപ്പിച്ച ടീം കൈയടി നേടി. ഏഴ് പേരടങ്ങിയ ഓരോ ടീമും കാഴ്ചവച്ചത് വാക്കുകള്‍ക്കതീതവായ പ്രകടനമെന്ന് ആസ്വാദകരും വിധികര്‍ത്താക്കളും പറഞ്ഞു. കാണികളെ കൊണ്ട് സമ്പന്നമായിരുന്നു സദസ്. ആവര്‍ത്തന വിരസതയില്ലാതെ ഓരോ വിഷയവും കുട്ടികള്‍ കൈകാര്യം ചെയ്‌തെന്ന് വിധി കര്‍ത്താക്കള്‍ പറഞ്ഞു. ഓരോ വിഷയങ്ങളും ആനുകാലിക പ്രാധാന്യമുള്ളതായിരുന്നെന്ന് വിധികര്‍ത്താക്കള്‍ പറഞ്ഞു. 17 ടീമുകള്‍ മത്സരിച്ചതില്‍ 15 ടീമുകള്‍ക്കും എ ഗ്രേഡ് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: