ന്യൂദെൽഹി:ദെൽഹി നിയമസഭ തിരഞ്ഞെടുപ്പ് തിയ്യതി ഇന്ന് ചൊവ്വാഴ്‌ച്ച ഉച്ചയ്‌ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ രണ്ട് മണിക്ക് മാധ്യമ സമ്മേളനം വിളിച്ചിട്ടുണ്ട്. 70 അംഗ ദെൽഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 23 ന് അവസാനിക്കും. 2020 ജനുവരി 6 നാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത്. 2020 ഫിബ്രുവരി 8 നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഫെബ്രുവരി 11 ന് തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനവും നടന്നു. 2015ലെയും 2020 ലെയും തിരഞ്ഞെടുപ്പുകളിൽ യഥാക്രമം 67,62 സീറ്റുകളാണ് എഎപി നേടിയത്. ബിജെപി 3,8 സീറ്റുകൾ നേടിയപ്പോൾ എഎപി ഭരണം പിടിക്കുന്നതിന് തൊട്ട് മുമ്പ് 15 വർഷക്കാലം തുടർച്ചയായി ദെൽഹി ഭരിച്ച കോൺഗ്രസിന് സീറ്റുകളൊന്നും ലഭിച്ചില്ല. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും ഒന്നിച്ച് മത്സരിച്ചപ്പോൾ ഇത്തവണ ഇരു പാർട്ടികളും വെവ്വേറെ മത്സരിക്കുകയാണ്. കഴിഞ്ഞ 28 വർഷക്കാലമായി ദെൽഹി സംസ്ഥാനത്തിന്റെ അധികാരത്തിന്റെ ഇടനാഴിയിൽ നിന്നും പുറത്ത് നിൽക്കുന്ന ബിജെപി ഇത്തവണ ദെൽഹി ഭരണം തിരിച്ചു പിടിക്കാനുള്ള ശക്തമായ പോരാട്ടത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: