ന്യൂദെൽഹി:ഇൻഷൂറൻസ് തുക ക്ലെയിം ചെയ്യാനായി അപകടം സൃഷ്ടിച്ച് പിതാവിനെ കൊല ചെയ്ത സംഭവത്തിൽ മകനടക്കം നാല് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. 2024 ജൂലൈയിൽ കർണാടകത്തിലെ കലബുറഗിയിൽ നടന്ന സംഭവത്തിലാണ് അറസ്റ്റ് നടന്നത്. അച്ഛൻ കലിംഗരായക്കൊപ്പം ബൈക്കിൽ പോകുമ്പോഴാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് കലബുറഗി ജില്ല പൊലീസ് സൂപ്രണ്ട് അഥുരു ശ്രീനിവാസലു പറഞ്ഞു. കലിംഗരായ ഓടിച്ചിരുന്ന ബൈക്കിൽ പിൻസീറ്റിലിരിക്കുകയായിരുന്ന മകൻ സതീഷ് തനിക്ക് മൂത്രമൊഴിക്കാനായി ബൈക്ക് നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ബെന്നൂർ കടവിന് സമീപം ബൈക്ക് നിർത്തി മകനെ കാത്ത് നിൽക്കുകയായിരുന്ന കലിംഗരായയ്‌ക്ക് മുകളിലൂടെ സതീഷിന്റെ കൂട്ടാളികളിലൊരായ അരുൺ ട്രാക്ടർ ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിന് ശേഷം സതീഷ് പിതാവിന്റെ പേരിലുള്ള ഇൻഷുറൻസ് ക്ലെയിം ചെയ്യുകയായിരുന്നു. സംഭവത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: