കോട്ടയം: വട്ടേനാട് ജി.വി.എച്ച്.എസ്. എസിനുവേണ്ടി ശരത് കുമാറും അബ്ദുള്‍ മജീദും രചന നിര്‍വഹിച്ച് സംവിധാനം ചെയ്തുവെന്ന് അവകാശപ്പെടുന്ന, സ്‌കൂള്‍ കലോല്‍സവത്തില്‍ ശ്രദ്ധ നേടിയ കയം എന്ന നാടകം തന്‌റെ കഥയുടെ വികൃതമായ മോഷണമാണെന്ന ആരോപണവുമായി എഴുത്തുകാരന്‍ സുസ്മേഷ് ചന്ത്രോത്ത്. സോഷ്യല്‍ മീഡിയ പോസ്റ്റിന്‌റെ പ്രസക്തഭാഗങ്ങള്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ അവതരിപ്പിച്ച കയം എന്ന നാടകം എന്റെ ‘കട്ടക്കയം പ്രേമകഥ’ എന്ന കഥയുടെ വികൃതമായ അവതരണമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പ് 2018 നവംബര്‍ 8 ന്റെ ആഴ്ചപ്പതിപ്പിലും തുടര്‍ന്ന് അതേ തലക്കെട്ടില്‍ മാതൃഭൂമി ബുക്സ് രണ്ടു പതിപ്പുകളും പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘കട്ടക്കയം പ്രേമകഥ’. ഒരുവിധം മലയാളീ വായനക്കാര്‍ക്കെല്ലാം ആ കഥയെപ്പറ്റി അറിയാം. അതിനെ കയമെന്ന് പേരുമാറ്റിയും വീണ, പീറ്റര്‍ എന്നീ കഥാപാത്രങ്ങളുടെ പേര് അതേപടി നിലനിര്‍ത്തിയും അവതരിപ്പിച്ച നാടകാഭാസം പകര്‍പ്പവകാശലംഘനമാണ്. നിയമലംഘനമാണ്. വികൃതമായ മോഷണമാണ്. കലാകാരനെ ആദരിക്കാത്ത അധമമായ നടപടിയുമാണ്. പാലക്കാട് ജില്ലയിലെ വട്ടേനാട് ജി.വി.എച്ച്.എസ്. എസിനുവേണ്ടി ശരത് കുമാറും അബ്ദുള്‍ മജീദുമാണ് എന്റെ അനുമതി കൂടാതെയും അറിവ് കൂടാതെയും കഥയെടുത്ത് നാടകമാക്കി അവതരിപ്പിച്ചത്.
മുന്‍വര്‍ഷങ്ങളിലും പല സ്‌കൂള്‍ നാടകപ്രവര്‍ത്തകരും എന്റെ കഥകളെടുത്ത് നാടകമായും മോണോ ആക്ടായും മറ്റ് കലാരൂപങ്ങളായും സ്‌കൂള്‍ കലോത്സവവേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ പേര്‍ മാത്രമാണ് എന്നെ മുന്നേ വിവരമറിയിക്കാനുള്ള മാന്യത കാണിച്ചിട്ടുള്ളത്. അവരോട് നാടകം വേറെ കലാരൂപമാണെന്നും എനിക്കറിയാത്ത പണിയായതിനാല്‍ നിങ്ങള്‍ക്കതില്‍ പരിപൂര്‍ണമായ സ്വാതന്ത്ര്യമുണ്ടെന്നും സ്‌ക്രിപ്റ്റോ റിഹേഴ്സലോ എനിക്ക് കാണേണ്ട കാര്യമില്ലെന്നും അതേ മാന്യതയോടെ ഞാന്‍ പറഞ്ഞിട്ടുമുണ്ട്. അവതരണം കാണാന്‍ നിര്‍ബന്ധിച്ച ചിലരുടെ അവതരണങ്ങള്‍ ഞാന്‍ കാണുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ശരത്കുമാറും അബ്ദുള്‍ മജീദും എന്റെ കുഞ്ഞിനെ തട്ടിയെടുത്ത് തന്തയില്ലാത്ത ജാരസന്തതിയുടെ വേഷമണിയിക്കുകയാണ് ചെയ്തിട്ടുള്ളത്. അതില്‍ അവരുടെ രാഷ്‌ട്രീയവും അഭിപ്രായങ്ങളും ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഈ ധിക്കാരത്തിനും നിയമലംഘനത്തിലും എന്തുപേരാണ് വിളിക്കേണ്ടത്..?……
…..ഇനി ശരത് കുമാറിനോടും അബ്ദുള്‍ മജീദിനോടും. കയമെന്ന പേരില്‍ നിങ്ങള്‍ വേദിയില്‍ കയറ്റി ബഹുജനങ്ങളെ കാണിച്ച ‘കട്ടക്കയം പ്രേമകഥ’ എന്ന കുട്ടി ജാരസന്തതിയല്ല. അതിനൊരു തന്തയുണ്ട്. അത് സുസ്മേഷ് ചന്ത്രോത്ത് എന്ന ഞാനാണ്. മേലില്‍ ഇതുപോലുള്ള ചെറ്റപ്പണികളുമായി കലാകാരന്മാരുടെ അഭിമാനം മുറിപ്പെടുത്തരുത്. എന്റെ രണ്ടു ദിവസങ്ങളാണ് ആത്മവേദനയാല്‍ എനിക്ക് നഷ്ടമായത്. നിങ്ങള്‍ ചെയ്തത് കലാപ്രവര്‍ത്തനമല്ല. നിങ്ങള്‍ നെറിയുള്ള കലാകാരന്മാരുമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: