തൊടുപുഴ: പുല്ലുപാറ ക്ക് സമീപം കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നാല്
യാത്രക്കാർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീയുമാണ് മരിച്ചത്. മൃതദേഹം മുണ്ടക്കയം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബിന്ദു നാരായണന്‍, അരുണ്‍ ഹരി, രമ മോഹനന്‍, സംഗീത് എന്നിവരാണ് മരിച്ചത്. പരുക്കേറ്റവർ പീരുമേട്ടിലെയും മുണ്ടക്കയത്തെയും ആശുപത്രിയില്‍ വിദഗ്ധ ചികിത്സയില്‍.
മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. വിനോദയാത്രാ സംഘം മടക്കയാത്രയിലാണ് ബസ് അപകടത്തിൽ പെട്ടത്. 30 അടിയോളം താഴ്‌ച്ചയിലേക്ക് ബസ് മറിയുകയായിരുന്നു.
ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അപകടം. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ കൊടും വളവുകൾ നിറഞ്ഞ റോഡിൽ ഒരു ഭാഗം കൊക്കയാണ്. വളവിൽ വെച്ച് നിയന്ത്രണം വിട്ട ബസ് 30 അടിയോളം താഴ്ചയിലേക്ക് വീണു എന്നാണ് റിപ്പോർട്ട്. ബ്രേക്ക് പൊട്ടിയതാണ് വാഹനം അപകടത്തിൽപ്പെടാനുണ്ടായ കാരണമെന്നും സൂചന.
ഹൈവേ പൊലീസ് സംഘവും മോട്ടോർ വാഹന വകുപ്പ് സംഘവും സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: