Kerala

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സ്വീകരണവുമായി സി പി എം, നേതൃത്വം നല്‍കിയത് പി ജയരാജന്‍

കമ്യൂണിസ്റ്റുകാരെ തടവറ കാണിച്ച് പേടിപ്പിക്കരുതെന്നും പി ജയരാജന്‍

Published by

കണ്ണൂര്‍:പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള 9 പ്രതികളെ വിയ്യൂര്‍ ജയിലില്‍ നിന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു.വിയ്യൂര്‍ ജയിലില്‍ നിന്നാണ് പ്രതികളെ കണ്ണൂരിലെത്തിച്ചത്.

സി പി എം സംസ്ഥാന സമിതി അംഗവും കണ്ണൂര്‍ ജയില്‍ ഉപദേശക സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളും പ്രവര്‍ത്തകരും ജയിലിന് മുന്നില്‍ പ്രതികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചെത്തി.പ്രതികളെ വാഹനത്തില്‍ നിന്നിറക്കിയപ്പോള്‍ പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു.

ഇതിന് ശേഷം ജയിലിനുളളില്‍ കയറിയ പി ജയരാജന്‍ പ്രതികളെ കണ്ട് തന്റെ പുസ്തകം സമ്മാനിച്ചു.

കോടതിവിധി അന്തിമമല്ലെന്നും കമ്യൂണിസ്റ്റുകാരെ തടവറ കാണിച്ച് പേടിപ്പിക്കരുതെന്നും പിന്നീട് ജയിലില്‍ നിന്ന് പുറത്തു വന്ന പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതികള്‍ക്ക് മുന്നില്‍ ഇനിയും നിയമ വഴികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബന്ധുക്കള്‍ക്കടക്കം വന്നുകാണാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം വിചാരണ കോടതിയായ കൊച്ചി സിബിഐ കോടതി അംഗീകരിച്ചിരുന്നു.അതേസമയം,കണ്ണൂര്‍ ജയിലില്‍ സി പി എം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് സുഖവാസമായിരിക്കുമെന്ന പരാമര്‍ശങ്ങളും വിവിധ കോണുകളില്‍ നിന്നുയരുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക