പാലക്കാട്: ഇല്ലായ്മകള്‍ക്കിടയില്‍ നിന്ന് സ്വപ്നങ്ങളും പ്രതീക്ഷകളുമായി അവര്‍ നാളെ അട്ടപ്പാടി ചുരമിറങ്ങും. തിരുവനന്തപുരത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍. ആദ്യമായി സ്‌കൂള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയ ഗോത്രകലയായ ഇരുള നൃത്തത്തില്‍ മത്സരിക്കാനാണ് അട്ടപ്പാടിയുടെ മക്കള്‍ പോകുന്നത്. അട്ടപ്പാടി ഷോളയൂര്‍ ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നുള്ള 24 കുട്ടികളാണ് അട്ടപ്പാടിയുടെ തനത് നൃത്തരൂപമായ ഇരുള നൃത്തത്തില്‍ പാലക്കാടിനായി മത്സരിക്കുന്നത്. ഇതില്‍ 11 പേര്‍ ആണ്‍കുട്ടികളാണ്. രക്ഷിതാക്കളും, ചില അഭ്യുദയകാംക്ഷികളും നല്‍കിയ തുക കൊണ്ട് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തു. വസ്ത്രങ്ങളും, മറ്റുചെലവുകളും, വാഹനവും ഉള്‍പ്പെടെ അമ്പതിനായിരത്തിലധികം രൂപ ആവശ്യമായുണ്ട്. ഇത്് ആരെങ്കിലും സ്പോണ്‍സര്‍ ചെയ്യുമെന്ന പ്രതീക്ഷയിലാണ് കുട്ടികളും അധ്യാപകരും.
ശ്രീകൃഷ്ണപുരത്ത് നടന്ന ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കാന്‍ വാഹനം വാടകയ്‌ക്ക് എടുത്തത് ഉള്‍പ്പെടെ മുപ്പതിനായിരത്തോളം രൂപ ചെലവായി. പിരിവെടുത്താണ് ബസ് വാടക ഉള്‍പ്പെടെ നല്‍കിയത്. ജില്ലാ കലോത്സവത്തിന് ഉപയോഗിച്ച വസ്ത്രങ്ങള്‍ തന്നെയാണ് ഇവരിലൊരു സംഘം സംസ്ഥാന കലോത്സവത്തിന് ഉപയോഗിക്കുന്നത്. മത്സരിക്കുന്നവരും പരിശീലിപ്പിച്ചവരും അടക്കം സംഘത്തിലുള്ളവരെല്ലാം ഇരുള വിഭാഗത്തില്‍പ്പെട്ടവരാണ് എന്നതാണ് മറ്റൊരു പ്രത്യേകത. എ ഗ്രേഡ് പ്രതീക്ഷയിലാണ് ഈ മിടുക്കര്‍.
കല്യാണം, കൃഷി അങ്ങനെ ആഘോഷത്തിനും മരണത്തിലും ഇവര്‍ ഇരുള നൃത്തമാടും. കാശുമാല, കൈത്തണ്ട, കാല്‍ത്തണ്ടെ, നെളി എന്നീ ആഭരണങ്ങള്‍ അണിഞ്ഞ് തൊകല് ഊതി ദവിലും ജലരും പെറെയും കൊട്ടി ജാല്റയുടെ താളത്തില്‍ ചിലങ്ക കെട്ടി കുല ദൈവമായ മല്ലീശ്വരനു മുന്നില്‍ അടിപ്പാടുന്നതാണ് ഇരുളനൃത്തം. ശിവരാത്രിക്ക് മുന്‍പു
ള്ള 14 ദിവസത്തെ വ്രതം ഇരുളനൃത്തത്തോടെ അവസാനിപ്പിക്കും. സ്‌കൂളിലെ പ്രൈമറി അധ്യാപക ദമ്പതികളായ ഇരുള വിഭാഗത്തില്‍പ്പെട്ട വി.കെ രംഗസ്വാമിയും മല്ലികയുമാണ് പരിശീലകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: