പാലക്കാട്: വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 കാരി വിദ്യാര്‍ത്ഥിനിയെ ഗോവയില്‍ കണ്ടെത്തി. മലയാളികളായ വിനോദ സഞ്ചാരികളാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയെ കണ്ടെത്താന്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് ആറ് ദിവസമായി പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. പെണ്‍കുട്ടി ഗോവ പൊലീസ് കസ്റ്റഡിയിലാണ്.
ഡിസംബര്‍ 30 ന് രാവിലെയാണ് പെണ്‍കുട്ടിയെ കാണാതായത്.വീട്ടില്‍ നിന്ന് ട്യൂഷന് പോയ പെണ്‍കുട്ടി ക്ലാസ് കഴിഞ്ഞ് സ്‌കൂളിലേക്ക് പോകാനായി പുസ്‌കമെടുക്കാന്‍ ബന്ധുവീട്ടിലേക്ക് പോകുന്നുവെന്നാണ് കൂട്ടുകാരികളോട് പറഞ്ഞത്. കൂട്ടുകാരികളുടെ മുന്നില്‍ നിന്ന് തന്നെ വസ്ത്രം മാറി.മുഖം മറച്ച് ബുര്‍ഖ ധരിച്ചാണ് പെണ്‍കുട്ടി പോയത്.
തുടര്‍ന്ന് പെണ്‍കുട്ടി സ്‌കൂളിലെത്തിയില്ലെന്ന വിവരം അധ്യാപകര്‍ അറിയിച്ചത് അനുസരിച്ച് മാതാപിതാക്കള്‍ പൊലീസിനെ ബന്ധപ്പെട്ടു.സി സി ടി വി കേന്ദ്രീകരിച്ചുളള പരിശോധനയില്‍ പെണ്‍കുട്ടിയുടെ വസ്ത്രം പ്രധാന വെല്ലുവിളിയായി. കുട്ടിയുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്തതും പൊലീസിനെ കുഴക്കി.
ഇതിനിടെ മാധ്യമ വാര്‍ത്ത കണ്ട് ഒരു ട്രെയിന്‍ യാത്രക്കാരന്‍ പൊലീസിനെ ബന്ധപ്പെട്ട് പെണ്‍കുട്ടിയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും കുറിച്ച് വിവരം നല്‍കി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒപ്പമുണ്ടായിരുന്നു എന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: