കൊച്ചി: വയലാര്‍, പി.ഭാസ്കരന്‍, ബിച്ചുതിരുമല, കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി, വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, റഫീക് അഹമ്മദ് തുടങ്ങി മലയാളത്തിലെ ഗാനരചയിതാക്കള്‍ ഈയടുത്ത കാലം വരെ കവിതയിലേക്ക് മലയാള സിനിമാഗാനങ്ങളെ വഴി നടത്തിച്ചവരാണ്. എന്നാല്‍ മലയാളസിനിമ ടീനേജുകാര്‍ക്കുള്ള വിഭവമായി മാറിയതോടെ സിനിമാ ഗാനങ്ങളും ഏറെ മാറിപ്പോയി.
ഹിപ് ഹോപ്, റാപ് എന്ന ഴോണറുകള്‍ (വിഭാഗങ്ങള്‍) ആണ് ഇന്ന് മലയാള സിനിമാഗാനങ്ങളില്‍ അധികവും. പാശ്ചാത്യ നൃത്തച്ചുവടുകള്‍ക്ക് പറ്റുന്ന പാട്ടുകളാണ് ഇവയില്‍ അധികവും. അതുകൊണ്ടാകാം ഈ ഗാനങ്ങള്‍ സെറ്റ് ചെയ്യുന്നത് തന്നെ ഏറെ മാറിപ്പോയിരിക്കുന്നു. ആദ്യം താളത്തിലുള്ള ബീറ്റുകള്‍ തയ്യാറാക്കുന്നു. അതിന് അനുസരിച്ചാണ് ഹിപ് ഹോപ് വരികള്‍ പലപ്പോഴും തയ്യാറാക്കുന്നത്. മാത്രമല്ല, ഹിപ് ഹോപ് ഗാനങ്ങള്‍ക്ക് പാട്ടെഴുതുന്നവര്‍ക്ക് മലയാള സാഹിത്യത്തില്‍ ആഴത്തിലുള്ള പരിജ്ഞാനം വേണമെന്നില്ല. മലയാളത്തിന് കൂടുതല്‍ സ്വാധീനം സംസ്കൃതവുമായിട്ടാണ് എന്നതിനാല്‍ രണ്ട് അക്ഷരങ്ങളുള്ള വാക്കുകള്‍ കുറവാണ്. പണ്ട് ‘യോദ്ധാ’ എന്ന പ്രിയദര്‍ശന്‍ സിനിമയില്‍ പാട്ട് സംവിധാനം ചെയ്യാന്‍ വന്ന എ.ആര്‍.റഹ്മാന്‍ മലയാള സിനിമയില്‍ ഗാനം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നാണ് പറഞ്ഞത്. അതിന് കാരണം രണ്ടക്ഷരം നിറഞ്ഞ വാക്കുകള്‍ മലയാളത്തില്‍ കുറവാണെന്നാണ്. മലയാളം ഭാഷ അത്രയ്‌ക്ക് സംഗീതാത്മകമല്ല എന്നും അന്ന് റഹ്മാന്‍ അഭിപ്രായപ്പെട്ടിരുന്നു.
പക്ഷെ റാപ്പര്‍മാര്‍ മലയാളത്തിന്റെ ഈ പരിമിതി മറികടക്കുന്നത് മലയാളത്തിനൊപ്പം ഇംഗ്ലീഷ് കൂടി ഉപയോഗിച്ചാണ്. അതുപോലെ സംസാരഭാഷയില്‍ ഉപയോഗിക്കുന്ന മലയാളവും അവര്‍ കൂടുതലായി ഉപയോഗിക്കുകയാണ്. അതുകൊണ്ടാണ് ‘ഏയ് ബനാനേ ഒരു പൂ തരാമോ’ എന്ന് ഗാനരചയിതാവ് എഴുതുന്നത്.
‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’ എന്ന സിനിമയില്‍ സൂപ്പര്‍ ഹിറ്റായ ഗാനം രചിച്ചത് സുഹൈല്‍ കോയ എന്ന യുവാവാണ്. ബ്രിട്ടനില്‍ ജോലി ചെയ്യുകയായിരുന്ന സുഹൈല്‍ കോയ യാദൃച്ഛികമായി ഗാനരചയിതാവ് ആയി മാറുകയായിരുന്നു. ആ സിനിമയിലെ ഗാനം വിജയിച്ചതിനെക്കുറിച്ച് സുഹൈല്‍ കോയയുടെ വാക്കുകള്‍ ഇതാ:”ജാതിക്ക തോട്ടം ഇറങ്ങിയ സമയത്ത് വയലാർ ശരത്ചന്ദ്രവർമ്മ ചേട്ടൻ വിളിച്ചിരുന്നു. അദ്ദേഹത്തിനെ പോലെ ഒരാൾ വളരെയധികം ആ ഗാനത്തെ അഭിനന്ദിച്ചു. എനിക്ക് നമ്മുടെ ഭാഷയിൽ പരിജ്ഞാനം കുറവാണ്. അത് തന്നെയാണ് ആ പാട്ട് മികച്ചതാവാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഭാഷയുടെ ചട്ടകൂടുകളും നിയമാവലികളും അറിയാവുന്ന ഒരാൾക്ക് ഇങ്ങനെ എഴുതാൻ കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ടാണ് ഈ ഗാനം അത്ര മനോഹരമായതെന്നും വയലാര്‍ ശരത് ചന്ദ്രവര്‍മ്മ പറഞ്ഞു”.- സുഹൈല്‍ കോയ ഓര്‍മ്മിക്കുന്നു.
“ചെവി ചേര്‍ത്തു പിടിച്ചു മൊബൈല്‍….
ഇനി പരീക്ഷ മുഴുവന്‍ ഫെയില്
ഇവര് രാവും പകലും അതേല്….” ഇതുപോലെയാണ് ഈ ഗാനത്തിലെ ചില വരികള്‍.
മൊബൈലും ഫെയിലും പോലുള്ള ഇംഗ്ലീഷ് വാക്കുകള്‍ കടന്നുവരും.
പ്രേമലുവില്‍ കെ.ജി മാര്‍ക്കോസ് എഴുതിയ വരികള്‍ നോക്കൂ. ഇതും സുഹൈല്‍ കോയയുടേതാണ്:
കണ്ടൊരിക്കെ സുന്ദരിയെ പുഞ്ചിരിയെ,
കാശ് പത്തെടുക്കാൻ എടിഎമ്മിൽ നിന്നളിയേ…
അങ്ങ് പൊത്തിവച്ചേ പിൻ അവള്, മൊഞ്ചവള്..
കുഞ്ഞ് പൊട്ടു കുത്താൻ ഫോണെടുത്തേ പിന്നവള്
ഇതില്‍ എടിഎം, പിന്‍, കാള്‍ തുടങ്ങിയ വാക്കുകള്‍ കടന്നുവരുന്നു.
കഴിഞ്ഞ വര്‍ഷം കൂടുതല്‍ പേര്‍ കേട്ട ഒരു ഗാനമായിരുന്നു വേടന്‍റേത്. വേടന്‍ എന്ന റാപ്പര്‍ മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയിലെ പാട്ടില്‍ കുറിച്ച വരികള്‍ ഇങ്ങിനെ:
കുതന്ത്രമന്ത്രതന്ത്രമൊന്നും അറിയില്ലെടാ
കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ…
പുതിയ കൗമാരത്തിന്റെ രോഷമാണ് വേടന്‍ ഇവിടെ പകര്‍ത്തുന്നത്. നേരിട്ടാണ് കാര്യങ്ങള്‍ പറയുന്നത്.
തുടക്കത്തിലെ സിനിമകളില്‍ നല്ല മെലഡിയെല്ലാം എഴുതിയിരുന്ന വിനായക് ശശികുമാറും കൂടുതലായി ടീനേജ് സിനിമകള്‍ കൈകാര്യം ചെയ്യേണ്ടി വന്നതോടെ അതിലേക്ക് മാറിയിരിക്കുന്നു.
2024ല്‍ പ്രേക്ഷകരെ മുഴുവന്‍ കയ്യിലെടുത്ത ആവേശം എന്ന സിനിമയിലെ ഒരു ഗാനത്തിലെ വരികള്‍ നോക്കൂക:
ഇല്ലുമിനാറ്റി ഇല്ലുമിനാറ്റി
അണ്ണൻ തനി നാടന് കൊലമല്ലുമിനാറ്റി
ഇല്ലുമിനാറ്റി ഇല്ലുമിനാറ്റി
അണ്ണൻ തനി നാടന് കൊലമല്ലുമിനാറ്റി
പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ലാത്ത വരികള്‍ പക്ഷെ താളത്തില്‍ കൃത്യമായി ചേരുന്നതോടെയും ലഹരിയാര്‍ന്ന ട്യൂണ്‍ കൊണ്ടും ജനം അതേറ്റെടുത്തു.
പക്ഷെ പ്രശ്നം മെലഡിയാണ്. മലയാള സിനിമാഗാനത്തില്‍ മെലഡിയുടെ കാലം ഇല്ലാതാവുകയാണോ? രണ്ട് വാക്കുകള്‍ക്കിടയില്‍ നക്ഷത്രം ജനിപ്പിക്കുന്ന പാട്ടെഴുത്തുകാര്‍ പണ്ട് കവിതകളില്‍ നിന്നും സര്‍ഗ്ഗാത്മകതയ്‌ക്കുള്ള വളം അന്വേഷിച്ചിരുന്നപ്പോള്‍ ഇന്ന് കാലത്തിനൊത്ത് ചുവടുവെയ്‌ക്കാന്‍ പാട്ടെഴുത്തുകാര്‍ നിര്‍ബന്ധിതരാവുകയാണോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: