India

മണിക്കൂറില്‍ 180 കിമി; വന്ദേഭാരത് സ്ലീപ്പര്‍ പരീക്ഷണം വിജയം, ട്രയല്‍ റണ്‍ വീഡിയോ പങ്കിട്ട് മന്ത്രി

Published by

ന്യൂദല്‍ഹി: പുതുവത്സരത്തില്‍ വന്ദേ ഭാരത് (സ്ലീപ്പര്‍) ട്രെയിനുകളുടെ വിജയകരമായ പരീക്ഷണം. കോട്ട ഡിവിഷനില്‍ നടന്ന പരീക്ഷണത്തില്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത കൈവരിച്ചതായി മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.

വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ മൂന്ന് ദിവസങ്ങളിലായി നടന്ന ഒന്നിലധികം പരീക്ഷണങ്ങളിലും മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത കൈവരിച്ചു. കോട്ട ഡിവിഷനിലെ വിജയകരമായ പരീക്ഷണത്തിന്റെ വീഡിയോ മന്ത്രി പങ്കുവെച്ചു.

വിമാനം പോലെ; തുളുമ്പാത്ത വെള്ളം വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിനുള്ളിലെ സമാന്തര പ്രതലത്തില്‍ മൊബൈലിനോട് ചേര്‍ന്ന് നിറഞ്ഞ ഗ്ലാസ് വെള്ളമാണ് വീഡിയോയില്‍ കാണിക്കുന്നത്. 180 കിലോമീറ്റര്‍ വേഗതയിലും വെള്ളം തുളുമ്പുന്നില്ല.

വ്യാഴാഴ്ച, രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ കോട്ടയ്‌ക്കും ലബനുമിടയില്‍ 30 കിലോമീറ്റര്‍ ദുരമുള്ളതായിരുന്നു ഒടുവിലത്തെ പരീക്ഷണ ഓട്ടം. ആദ്യ ദിവസം, റോഹല്‍ ഖുര്‍ദ് മുതല്‍ കോട്ട വരെ 40 കിലോമീറ്റര്‍ ട്രയല്‍ റണ്ണിലും 180 കിലോമീറ്റര്‍ എത്തി. പരീക്ഷണം ഈ മാസവും തുടരും.

പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി സുരക്ഷാ കമ്മിഷണര്‍ ട്രെയിന്‍ വിലയിരുത്തും. ഔദ്യോഗീകമായി സാക്ഷ്യപ്പെടുത്തിയ ശേഷം സര്‍വീസിന് റെയില്‍വേയ്‌ക്ക് കൈമാറും.

ഓട്ടോമാറ്റിക് ഡോറുകള്‍, അള്‍ട്രാ കംഫര്‍ട്ടബിള്‍ ബര്‍ത്തുകള്‍, ഓണ്‍ ബോര്‍ഡ് വൈഫൈ, വിമാനം പോലെയുള്ള ഡിസൈന്‍ തുടങ്ങിയ സവിശേഷതകളാണ് ഇവയ്‌ക്കുള്ളത്.
രാജധാനി ട്രെയിന്‍ സര്‍വീസുകള്‍ക്കും ഏറ്റവും വേഗതയേറിയ തേജസ് രാജധാനി എക്‌സ്പ്രസിനും അനുവദനീയമായ പരമാവധി വേഗത മണിക്കൂറില്‍ 140 കി.മീയാണ്. മുംബൈ ദല്‍ഹി യാത്രയുടെ നിലവിലെ ശരാശരി വേഗത മണിക്കൂറില്‍ 90 കിലോമീറ്ററാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക