കൗമാരപ്രായത്തില്‍ നിന്നും യുവത്വത്തിലേക്കെത്തുന്നതേയുള്ളൂ ഓസ്ട്രേലിയയുടെ പുതുമുഖ താരം സാം കോന്‍സ്റ്റാസ്. എതിരാളികളെ വൈകാരികമായി മെരുക്കാന്‍ ക്രിക്കറ്റ് ഉണ്ടായ കാലം മുതല്‍ പരമ്പരാഗതമായി ഓസ്ട്രേലിയ പയറ്റുന്ന കുതന്ത്രമാണ് സ്ലഡ്ജിങ്. കരിയറില്‍ അരങ്ങേറ്റം കുറിച്ച് ആദ്യ ടെസ്റ്റില്‍ തന്നെ കോന്‍സ്റ്റാസ് ഈ തന്ത്രംകൊണ്ട് കുപ്രസിദ്ധി നേടിയിരിക്കുകയാണ്. ലോക ക്രിക്കറ്റില്‍ ഏതാനും വര്‍ഷങ്ങളായി മികച്ച പേസ് ബൗളറായി നിലകൊള്ളുന്ന ജസ്പ്രീത് ബുംറയെ ലക്ഷ്യമിട്ടെന്നോണമാണ് വലത് കാല് വച്ച് ക്രീസില്‍ എത്തിയത് മുതല്‍ കോന്‍സ്റ്റാസിന്റെ മൊത്തത്തിലുള്ള ശരീര ഭാഷ്യം.
കളിയില്‍ ബാറ്റ് കൊണ്ട് കോന്‍സ്റ്റാസ് കഴിഞ്ഞ മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ ബുംറയെ നന്നായി തലോടി വിട്ടു. രണ്ടാം ഇന്നിങ്സില്‍ ബുംറ അതിന് എണ്ണിവച്ചെന്ന പോലെ പകരം വീട്ടുകയും ചെയ്തു. പുതിയ മത്സരത്തിലേക്ക് വരുമ്പോള്‍ തുടക്കത്തിലേ തന്നെ പ്രകോപനമുണ്ടാക്കാന്‍ കോന്‍സ്റ്റാസ് ശ്രമിച്ചു. അനാവശ്യ വാക് പ്രയോഗത്തിലൂടെ ഭാരതത്തിന്റെ നായകന് കൂടിയായ ബുംറയെ ബൗളിങ്ങിനിടെ താളം തെറ്റിക്കാനുള്ള സകല ശ്രമങ്ങളും നടത്തി. ഇന്നലെ ഓസീസ് ഇന്നിങ്സ് തുടങ്ങി മൂന്നാം ഓവറിന്റെ നാലാം പന്ത് എറിയാന്‍ പോകുന്നതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റത്തിലെത്തുന്ന സ്ഥിതിയായി. അംപയര്‍ ഇടപെട്ടതോടെ രംഗം താല്‍ക്കാലികമായി ശമിച്ചു. ആ ഓവറിന്റെ അവസാന പന്തില്‍ ഉസ്മാന് ഖവാജയെ പുറത്താക്കിക്കൊണ്ടാണ് ബുംറ കോന്‍സ്റ്റാസിന് മറുപടി നല്‍കിയത്. വിക്കറ്റ് വീണപ്പോള്‍ മറ്റ് താരങ്ങള്‍ തുള്ളിച്ചാടുമ്പോള്‍ ബുംറ കോന്‍സ്റ്റാസിന് നേര്‍ക്ക് ദേഷ്യത്തോടെ നോക്കി നില്ക്കുക മാത്രമാണ് ചെയ്തത്. ബാക്കിയങ്കം ഇന്ന് വെളുപ്പിന് അഞ്ചിന് വീണ്ടും സിഡ്നിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: