കൊച്ചി: സംസ്ഥാനത്ത് ജനുവരിയുടെ തുടക്കത്തില്‍ തന്നെ താപനില ഉയരുമെന്ന മുന്നറിയിപ്പ് വന്നത് ആശങ്കയാകുന്നു. ഡിസംബറില്‍ ചുരുക്കം ദിവസങ്ങളില്‍ മാത്രമാണ് ശൈത്യകാലത്തിന് സമാനമായ തണുപ്പ് അനുഭവപ്പെട്ടത്. എന്നാല്‍ പകല്‍ സമയത്തെ താപനില വലിയ തോതില്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ജനുവരിയിലും ഇതേ കാലാവസ്ഥയാണ് തുടരുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ തുടര്‍ച്ചയായുള്ള സൂചനകൂടിയാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ മുന്നറിയിപ്പിലൂടെ വ്യക്തമാകുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 3 ഡിഗ്രി വരെ താപനില കൂടുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിനൊപ്പം മലയോര മേഖലകളില്‍ 40 കി.മീ. വരെ വേഗത്തിലുള്ള കാറ്റിനും സാധ്യത പ്രവചിച്ചിരുന്നു. ഇതിന് സമാനമായി പലയിടത്തും ശക്തമായ കാറ്റ് തുടരുകയാണ്.
വടക്കന്‍ ജില്ലകളില്‍ ശരാശരി 36 മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില. മധ്യകേരളത്തില്‍ ഇത് 34 മുതല്‍ 36 വരെയും തെക്കന്‍ ജില്ലകളില്‍ 33 ഡിഗ്രിക്ക് മുകളിലുമാണ്. രാത്രികാലങ്ങളിലെ കുറഞ്ഞ താപനില 20 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെയുമാണ്. മലയോര മേഖലകളില്‍ ഇത് 10 ഡിഗ്രി വരെ എത്തുന്നുണ്ട്. മൂന്നാറിലാണ് ഏറ്റവും കുറഞ്ഞ താപനില. 5 ഡിഗ്രി വരെ ഇവിടെ താപനില നിലവില്‍ എത്തുന്നുണ്ട്.
തുലാവര്‍ഷത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തുടര്‍ച്ചയായി ഉണ്ടായ ന്യൂനമര്‍ദ്ദങ്ങളും അന്തരീക്ഷച്ചുഴിയുമാണ് സംസ്ഥാനത്ത് കാലാവസ്ഥാ മാറ്റത്തിനുള്ള പ്രധാന കാരണം. നവംബര്‍ അവസാനം രൂപമെടുത്ത ഫെയിന്‍ജല്‍ ചുഴലിക്കാറ്റിന്
പിന്നാലെ കാര്യമായ ഇടവേളയില്ലാതെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പലയിടങ്ങളിലായി ന്യൂനമര്‍ദ്ദവും അന്തരീക്ഷച്ചുഴിയും തുടരുകയാണ്. ഇത് രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ബാധിച്ചത് കേരളത്തെയാണ്. ഉത്തരേന്ത്യയില്‍ തണുപ്പ് വ്യാപിച്ചപ്പോഴും കേരളത്തിലേക്ക് ഇത് പലപ്പോഴും എത്തിയില്ല. നിലവില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശ്രീലങ്കയ്ക്കും മാലിദ്വീപിനും സമീപത്തായി മേഘക്കൂട്ടം തുടരുകയാണ്. ഇതിന് സമീപത്തായുള്ള അന്തരീക്ഷച്ചുഴിയാണ് കാരണം. മേഖലയില്‍ വ്യാപക മഴയ്ക്കും ഇത് കാരണമാകുന്നുണ്ട്.
ഔദ്യോഗീകമായി രാജ്യത്ത് ജനുവരി, ഫെബ്രുവരി മാസങ്ങളാണ് ശൈത്യകാലമെങ്കിലും സംസ്ഥാനത്ത് ഡിസംബര്‍ മുതല്‍ ജനുവരി അവസാന വാരം വരെയാണ് തണുപ്പ് അനുഭവപ്പെടുക. 2019 മുതല്‍ തണുപ്പ് കൂടുകയും കുറയുകയും ചെയ്യുന്നത് പതിവായി മാറിയിട്ടുണ്ട്. അടുത്തവാരം ആദ്യം ഇടുക്കിയിലെ മലയോര മേഖലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. പകല്‍ താപനിലയില്‍ ചെറിയ കുറവും ഈ സമയത്തുണ്ടാകും.
ജനുവരിയില്‍ ചൂടേറും
ഈ മാസം സംസ്ഥാനത്ത് ശരാശരിയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് ഐഎംഡിയുടെ പ്രവചനം. എന്നാല്‍ രാത്രി സമയത്തെ കുറഞ്ഞ താപനിലയും പകല്‍ സമയത്തെ കൂടിയ താപനിലയും എല്ലായിടത്തും തന്നെ ശരാശരിയിലും കൂടുതലായിരിക്കും. രാത്രിസമയങ്ങളില്‍ തീരദേശമേഖലകളില്‍ താപനില വലിയതോതില്‍ കൂടാനും ഇടയുണ്ട്. ഇടുക്കി, വയനാട് പോലുള്ള ജില്ലകളിലെ മലയോര മേഖലകളിലൊഴികെ പകല്‍ സമയത്തെ താപനിലയും ഉയരും. ഇതിന്റെ തുടക്കമെന്ന നിലയിലുള്ള മുന്നറിയിപ്പാണ് കഴിഞ്ഞദിവസം വന്നത്. വരും ദിവസങ്ങളിലും മുന്നറിയിപ്പ് തുടര്‍ന്നേക്കും. ഇതിന് പിന്നാലെ ഫെ്ര്രബുവരി മുതല്‍ സംസ്ഥാനത്ത് വേനല്ശക്തമായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: