അഞ്ചു പതിറ്റാണ്ടു കാലം ഐതിഹാസികമായ ജ്ഞാനാന്വേഷണത്തിന്റെ ഫലമായി ചരിത്രം സൃഷ്ടിച്ച സസ്യശാസ്ത്രജ്ഞനാണ് വിടപറഞ്ഞത്. കാട്ടുങ്ങല്‍ സുബ്രഹ്മണ്യന് മണിലാല്‍ എന്ന ഡോ. കെ. എസ്. മണിലാലിന് 2020 ല്‍ പത്മശ്രീ ആദരം തേടിയെത്തി. അതുവരെ ഏറെയൊന്നും അദ്ദേഹം അറിയപ്പെട്ടിരുന്നില്ല. അക്കാദമിക രംഗത്ത് അദ്ദേഹത്തിന്റെ മികവിനെ തിരിച്ചറിഞ്ഞ ചിലരെങ്കിലും അദ്ദേഹത്തെ തമസ്ക്കരിക്കാനും ശ്രമിച്ചു.
‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ എന്ന ഗ്രന്ഥം ലാറ്റിനില്‍നിന്ന് ഇംഗ്ലീഷിലേക്കും ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്താണ് മണിലാല്‍ അദ്ദേഹത്തിന്റെ ജീവിത ദൗത്യം പൂര്‍ത്തിയാക്കുന്നത്. എന്നിട്ടും നെതര്‍ലാന്റ് സര്‍ക്കാരിന്റെ അത്യുന്നത സിവിലിയന്‍ പുരസ്കാരമായ ‘ഓഫീസര്‍ ഇന്‍ ദി ഓര്‍ഡര്‍ ഓഫ് ഓറഞ്ച് നാസൗ’ എന്ന പുരസ്കാരം മണിലാലിനെ തേടിയെത്തി.
1674 മുതല്‍ 1693 വരെയുള്ള കാലഘട്ടത്തില്‍ അന്നത്തെ മലബാറില്‍ നടന്ന പഠന ഗവേഷണങ്ങളില്‍നിന്നാണ് മലബാറിന്റെ ഉദ്യാനം എന്ന് മൊഴിമാറ്റാവുന്ന ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന വിപുല ഗ്രന്ഥസമുച്ചയത്തിന്റെ തുടക്കം. കൊച്ചിയിലെ ഡച്ച് ഗവര്‍ണര്‍ ഹെന്ററിക് വാന്‍ റീഡ് ആണ് ഇതിന് നേതൃത്വം നല്‍കിയത്. പാരമ്പര്യ വൈദ്യശാസ്ത്ര രംഗത്തെ അന്നത്തെ പ്രമുഖരായിരുന്ന ചേര്‍ത്തല ഇട്ടി അച്യുതന്റെ നേതൃത്വത്തില്‍ ഔഷധ സസ്യങ്ങളെ തേടിപ്പിടിച്ചുകൊണ്ടുള്ള തുടക്കം. മാനുവല്‍ കര്‍ണീറോ പോര്‍ച്ചുഗീസ് ഭാഷയിലും, കാര്‍ണീറോയും ക്രിസ്ത്യന്‍ ഡിഡോണയും ചേര്‍ന്ന് ഡച്ചു ഭാഷയിലേക്കും അത് മാറ്റിയെഴുതി. യോഹാന്‍ കബേറിയാസ് ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തിയാണ് 12 വാല്യങ്ങളായി ആസ്റ്റര്‍ഡാമില്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഗ്രന്ഥത്തില്‍ സസ്യനാമങ്ങള്‍ മലയാള ലിപിയിലും ഉണ്ടായിരുന്നു.
മലബാറില്‍ ഉണ്ടായിരുന്ന 742 സസ്യങ്ങളുടെ പേരും ചിത്രവുമാണ് ലാറ്റിന്‍ ഭാഷയിലെ ഹോര്‍ത്തൂസ് മലബാറിക്കൂസിലുള്ളത്. ഇതിലെ ഒരു സസ്യമൊഴിച്ച് മറ്റെല്ലാ സസ്യങ്ങളെയും കണ്ടെത്തുകയും ഹെര്‍ബേറിയം തയാറാക്കുകയും ചെയ്തു, ഡോ. മണിലാല്‍.
കേരള സര്‍വകലാശാലയിലും, പിന്നീട് കാലിക്കറ്റ് സര്‍വകലാശാലയിലും സസ്യശാസ്ത്ര വിഭാഗത്തിലായിരുന്നു ഡോ. മണിലാല്‍ പ്രവര്‍ത്തിച്ചത്. 1999 മാര്‍ച്ച് 31 ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് സീനിയര്‍ പ്രൊഫസറായി വിരമിച്ചു. 1958 മുതല്‍ 2008 വരെയുള്ള മണിലാലിന്റെ ഗവേഷകജീവിതം ഹോര്‍ത്തൂസിന്റെ പിന്നാലെയായിരുന്നു. കടക്കരപ്പള്ളി ഗ്രാമത്തിലെ കൊല്ലാട്ട് എന്ന ഈഴവ കുടുംബത്തിലെ ഇട്ടി അച്യുതന് വൈദ്യര് പറഞ്ഞുകൊടുത്ത വിവരങ്ങളാണ് ലാറ്റിനില്‍ ഹോര്‍ത്തൂസ് മലബാറിക്കൂസായത്. അത് മൂന്നു നൂറ്റാണ്ടുകള്‍ക്കുശേഷം വീണ്ടും മലയാളിക്ക് പരിചിതമായി. കേരള സര്‍വ്വകലാശാലയുടെ വൈസ് ചാന്സ്ലര് ഡോ.ബി. ഇക്ബാല്‍ ഡോ. മണിലാലിന്റെ വീട്ടിലെത്തി പുസ്തകത്തിന്റെ പ്രസിദ്ധീകരണാവകാശം തരണമെന്ന് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര തലത്തിലെ രണ്ടു പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തയാറായിട്ടും ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ ഇംഗ്ലീഷ് പരിഭാഷ കേരള സര്‍വകലാശാല പ്രസിദ്ധീകരിക്കട്ടെ എന്ന് ഡോ. മണിലാലും തീരുമാനിച്ചു.
എന്നാല്‍ പുസ്തകം പുറത്തിറങ്ങിയപ്പോള്‍ ഗവേഷകനും അതില്‍ നിന്ന് പുറത്തായി. പകര്‍പ്പവകാശവും ലാഭവുമെല്ലാം സര്‍വകലാശാല സ്വന്തമാക്കി. ഈ മഹത് നേട്ടത്തിന്റെ നേരവകാശികളായി സര്‍വകലാശാലയുടെ മറവില്‍ ചിലര്‍ രംഗത്തുവന്നു. ഇതിനെകുറിച്ച് ചോദിച്ചപ്പോഴൊക്കെ ഒരു ചെറു പുഞ്ചിരിയായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത്. അവകാശവാദങ്ങളൊന്നുമില്ലാതെ, കോഴിക്കോട് ജവഹര്‍ നഗറിലെ വസതിയിലായിരുന്നു അദ്ദേഹത്തിന്റെ വിശ്രമ ജീവിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: