Article

ഇന്ത്യയുടെ സുസ്ഥിരതയുടെ പ്രതീകമായി മോദി;  സദ്ഭരണത്തിന്റെ പര്യായമായി  ബിജെപി

Published by

2024 ലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് ലഭിച്ച ചരിത്രപരമായ മൂന്നാം വിജയം അദ്ദേഹത്തിന്റെ വ്യക്തിപരമായ പാരമ്പര്യത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) ആധിപത്യത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഇന്ന് പ്രധാനമന്ത്രി മോദി ഇന്ത്യയുടെ സുസ്ഥിരതയുടെ പ്രതീകമായി മാറുകയും, അതോടൊപ്പം ബിജെപി സദ്ഭരണത്തിന്റെ പര്യായമായ പാര്‍ട്ടിയായി ഉയര്‍ന്നുവരികയും ചെയ്തിരിക്കുന്നു.

2024ല്‍, ഭരണ വിരുദ്ധതയുടെ ആഗോള തരംഗം പ്രമുഖ ജനാധിപത്യ രാജ്യങ്ങളില്‍ ആഞ്ഞടിക്കുകയും, ഭരണാധികാരികള്‍ കനത്ത തോല്‍വികള്‍ നേരിടുകയും ചെയ്തു. അമേരിക്കന്‍ ഐക്യനാടുകളില്‍ ഡെമോക്രാറ്റുകള്‍ക്ക് പ്രസിഡണ്ട് സ്ഥാനവും പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും നിയന്ത്രണവും നഷ്ടപ്പെട്ടു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ (ടോറികള്‍) അന്തിമമായി അധികാരത്തില്‍ നിന്ന് പുറത്താക്കുന്നത് യുകെ കണ്ടു. അതുപോലെ, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, പോളണ്ട് എന്നിവിടങ്ങളില്‍ ഭരണകക്ഷികള്‍ സ്ഥാനഭ്രഷ്ടരായി. ഈ ആഗോള പ്രവണതയില്‍ നിന്നും വ്യത്യസ്തമായി, ഇന്ത്യയില്‍ നരേന്ദ്ര മോദി അധികാരം നിലനിര്‍ത്തുക മാത്രമല്ല, ചരിത്രപരമായ മൂന്നാം തവണയും അത് ആവര്‍ത്തിക്കുകയും ചെയ്തു. 2014, 2019 വര്‍ഷങ്ങളിലെ അദ്ദേഹത്തിന്റെ വ്യക്തമായ വിജയങ്ങള്‍ക്ക് ശേഷവും ഇന്ത്യന്‍ ജനത മോദിക്ക് വീണ്ടും ശക്തമായ ജനവിധി നല്‍കിക്കൊണ്ട്, അന്താരാഷ്‌ട്ര ഭരണ വിരുദ്ധ തരംഗത്തിന് അപവാദമായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ വിജയങ്ങളില്‍ ഏറ്റവും വലിയ വിജയമായി 2024 അടയാളപ്പെടുത്തപ്പെട്ടു. അങ്ങനെ പ്രധാനമന്ത്രി മോദി തന്റെ ചരിത്രപരമായ മൂന്നാം വിജയവും ഉറപ്പിച്ചു. 1962 ന് ശേഷം മറ്റൊരു നേതാവും തുടര്‍ച്ചയായി മൂന്ന് തവണ വിജയിച്ചിട്ടില്ല എന്നതുകൊണ്ട് തന്നെ ഈ നേട്ടം ഇന്ത്യയുടെ രാഷ്‌ട്രീയ ചരിത്രത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

2024 ലെ തിരഞ്ഞെടുപ്പ്, ശക്തമായ വോട്ടര്‍ സഹകരണവും പൗരബോധമുള്ള പെരുമാറ്റവും കൊണ്ട് അടയാളപ്പെടുത്തിയ കെട്ടുറപ്പുള്ള ഒരു ജനാധിപത്യ രാജ്യമായി ഇന്ത്യയെ ഉയര്‍ത്തിക്കാട്ടി. ഇവിഎമ്മുകള്‍ക്ക് നേരെയുള്ള കരുതിക്കൂട്ടിയ ആക്രമണങ്ങളും കൊടും ചൂടും ഉണ്ടായിരുന്നിട്ടും, ആളുകള്‍ വലിയ ആവേശം പ്രകടിപ്പിച്ചു കൊണ്ട് വന്‍തോതില്‍ വോട്ട് ചെയ്യാന്‍ എത്തി. കന്നി വോട്ടര്‍മാര്‍ മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ വരെ, ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ വളരെ ഉത്സാഹത്തോടെ ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുത്തു.
1996ന് ശേഷം ആദ്യമായാണ് കശ്മീരില്‍ ഇങ്ങനെ ഒരു വലിയ വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയത്. ഇത് ജനാധിപത്യ പ്രക്രിയയോടുള്ള വിശ്വാസത്തിന്റെ തിരിച്ചുവരവിന് അടയാളമാണ്.
ലിംഗ പ്രാതിനിധ്യം ശക്തിപ്പെടുത്തിക്കൊണ്ട് കൂടുതല്‍ വനിതകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തതോടെ ഇന്ത്യന്‍ രാഷ്‌ട്രീയം കൂടുതല്‍ ഉള്‍ച്ചേര്‍ക്കലിന് സാക്ഷിയായി. യുവജന പങ്കാളിത്തവും ഗണ്യമായി വര്‍ദ്ധിക്കുകയും ഇത് രാജ്യത്തിന്റെ രാഷ്‌ട്രീയ രംഗത്തേയ്‌ക്ക് പുതിയ കാഴ്ചപ്പാടുകള്‍ കൊണ്ടുവരികയും ചെയ്തു. 2024ലെ തിരഞ്ഞെടുപ്പ്, പൗരന്മാര്‍ അവരുടെ മുന്‍ഗണനകളെയും അവരുടെ നേതാക്കളില്‍ നിന്നുള്ള പ്രതീക്ഷകളെയും കുറിച്ച് എങ്ങനെ കൂടുതല്‍ ബോധവാന്മാരാണെന്ന് എടുത്തുകാട്ടുന്ന തരത്തിലുള്ള ഇന്ത്യയുടെ ജനാധിപത്യ പക്വതയെ പ്രകടമാക്കി. 2047ഓടെ വികസിത് ഭാരത് എന്ന കാഴ്ചപ്പാടിന് പിന്നില്‍ ജനങ്ങള്‍ ഉറച്ചു നിന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ അന്താരാഷ്‌ട്ര പ്രതിനിധി സംഘം ഇതാദ്യമായി ഈ വര്‍ഷം ഇന്ത്യയുടെ പൊതുതിരഞ്ഞെടുപ്പ് നേരിട്ടുകണ്ട് മതിപ്പ് പ്രകടിപ്പിച്ചു. ചിലര്‍ തെരെഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെ പ്രശംസിച്ചപ്പോള്‍ മറ്റുള്ളവര്‍ ഹരിത പോളിംഗ് സ്‌റ്റേഷനുകള്‍ പോലെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ സംരംഭങ്ങള്‍ ശരിക്കും പ്രചോദനം നല്‍കുന്നതായി കണ്ടെത്തി.
വികസനം, വൈവിധ്യം, നിശ്ചയദാര്‍ഢ്യം എന്നിവയ്‌ക്ക് ലഭിച്ചതായിരുന്നു ഈ ജനവിധി. ചതിയുടെയും വഞ്ചനയുടെയും ഭിന്നിപ്പിന്റെയും രാഷ്‌ട്രീയത്തെ ജനങ്ങള്‍ പാടെ തള്ളിക്കളഞ്ഞു.
തങ്ങളുടേത് പക്വതയുള്ള ജനാധിപത്യമാണെന്ന് ഇന്ത്യ തെളിയിക്കുകയും തുടര്‍ച്ചയായി മൂന്ന് തവണ അധികാരം നേടിയ തെരഞ്ഞെടുക്കപ്പെട്ട ആഗോള നേതാക്കളുടെ ഗണത്തില്‍ പ്രധാനമന്ത്രി മോദിയെ ഉള്‍പ്പെടുത്തുകയും ചെയ്തു.
2014ല്‍ ആരംഭിച്ച ഇന്ത്യയുടെ രാഷ്‌ട്രീയ ഭൂപ്രകൃതിയിലെ വിശാലമായ മാറ്റത്തിന്റെ ഭാഗമാണ് തങ്ങളെന്ന് കാണിക്കുന്ന സംസ്ഥാനതല വിജയങ്ങളും 2024ല്‍ കണ്ടു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍, മുന്‍കാലങ്ങളില്‍ ബിജെപിക്ക് സ്വാധീനം നേടാന്‍ പ്രയാസമായിരുന്ന ഒഡീഷ, ആന്ധ്രപ്രദേശ്, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൂട്ടുകക്ഷി ഭരണം സാധ്യമാക്കിക്കൊണ്ട് ബിജെപി അതിന്റെ സ്വാധീനം വിപുലമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by