ന്യൂദൽഹി : ചെന്നൈയിലെ അണ്ണാ സർവകലാശാലയിലെ ലൈംഗികാതിക്രമക്കേസിൽ നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ട് എബിവിപി രാജ്യ തലസ്ഥാനത്തെ തമിഴ്‌നാട് ഭവന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.
“സമഗ്രമായ അന്വേഷണം നടത്തി അണ്ണാ യൂണിവേഴ്സിറ്റിയിൽ ലൈംഗികാതിക്രമത്തിന് ഇരയായ വിദ്യാർത്ഥിനിക്ക് നീതി ലഭിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. തമിഴ്‌നാട്ടിലെ പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്ത പ്രവർത്തകരെ ഉടൻ വിട്ടയക്കണം,”- എബിവിപി ദേശീയ സെക്രട്ടറി ശിവാംഗി ഖർവാൾ പറഞ്ഞു.
ഡിസംബർ 23 ന് രാത്രി 19 കാരിയായ അണ്ണാ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവം ഏറെ പ്രതിഷേധങ്ങൾക്ക് കാരണമായിയെന്നും ശിവാംഗി പറഞ്ഞു.
കൂടാതെ അണ്ണാ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ആക്രമണം അങ്ങേയറ്റം വേദനാജനകമാണെന്ന് എബിവിപി ദൽഹി സംസ്ഥാന സെക്രട്ടറി ഹർഷ് അത്രി പറഞ്ഞു. ഉടൻ അന്വേഷണവും കുറ്റക്കാർക്കെതിരെ കർശന നടപടിയും വേണമെന്ന് തങ്ങൾ ആവശ്യപ്പെടുന്നു. ഇരയ്‌ക്ക് നീതി ലഭിക്കുന്നതിനായി എബിവിപി പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദൽഹി യൂണിവേഴ്‌സിറ്റി സ്റ്റുഡൻ്റ്‌സ് യൂണിയൻ വൈസ് പ്രസിഡൻ്റ് ഭാനു പ്രതാപ് സിംഗ്, സെക്രട്ടറി മിത്രവിന്ദ കർണവാൾ എന്നിവരുൾപ്പെടെ നൂറുകണക്കിന് വിദ്യാർത്ഥികൾ പ്രകടനത്തിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: