തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ സര്‍വതും കവര്‍ന്നെടുത്ത വയനാട്ടിലെ ദുരന്തഭൂമിയില്‍ നിന്നു വെള്ളാര്‍മല ജിവിഎച്ച്എസ് സ്‌കൂളിന്റെ നൃത്തശില്‍പവും സ്‌കൂള്‍ കലോത്സവ ഉദ്ഘാടന വേദിയിലെത്തും. സ്‌കൂള്‍ സ്ഥാപിതമായതു മുതല്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ആ രാത്രിയും അതിനുശേഷമുള്ള അതിജീവനവും ഇതിവൃത്തമാക്കിയാണ് നൃത്തം. ജില്ലാ കലോത്സവത്തില്‍ സംഘ നൃത്തത്തിന് എ ഗ്രേഡ് ലഭിച്ചിരുന്നു. സര്‍ക്കാര്‍ പ്രത്യേകം ക്ഷണിച്ചിട്ടാണെത്തുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തിലെ ഏഴംഗ സംഘമാണ് ചുവടുവയ്‌ക്കുക. ഏഴു പേരും ദുരന്തമുഖത്തു നിന്നു ജീവന്‍ തിരിച്ചുകിട്ടിയവര്‍. നൃത്ത സംവിധായകന്‍ അനില്‍ വെട്ടിക്കാട്ടിരിയാണ് രംഗഭാഷയൊരുക്കിയത്.
വെള്ളപ്പൊക്കക്കെടുതി മലയാളിയുടെ ഹൃദയത്തില്‍ കോറിയിട്ട പ്രളയകഥ പറയുന്ന തകഴിയുടെ നാടകവും വെള്ളാര്‍മല സ്‌കൂളില്‍ നിന്നു മത്സരിക്കുന്നുണ്ട്. ജില്ലയില്‍ മികച്ച നടനായി തിരഞ്ഞെടുത്തത് നായയെ അവതരിപ്പിച്ച അമല്‍ജിത്തിനെയായിരുന്നു. ഉരുള്‍ പൊട്ടിയപ്പോള്‍ ചൂരല്‍മല സ്‌കൂള്‍ റോഡിലെ വീടിനൊപ്പം അമ്മയും സഹോദരിയുമടക്കം മണ്ണില്‍ അകപ്പെട്ടിരുന്നു. എല്ലാവരെയും അച്ഛന്‍ ബൈജു രക്ഷപ്പെടുത്തിയതാണ്. ദുരന്തമുഖത്തു നിന്ന് അതിജീവനത്തിലേക്കുള്ള പ്രയാണത്തിന് വെള്ളാര്‍മല സ്‌കൂളിനു കരുത്തുപകരുകയാണ് കലോത്സവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: