തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനുള്ള ഭക്ഷണം ഒരുക്കാന്‍ കലവറ ഉണര്‍ന്നു. കലവറയിലേക്കാവശ്യമായ വിഭവശേഖരണം ബിആര്‍സികളുടെ നേതൃത്വത്തില്‍ ജില്ലയിലെ വിദ്യാര്‍ത്ഥികളില്‍ നിന്നാണ് ശേഖരിക്കുന്നത്.
തേങ്ങ, അരി, പഞ്ചസാര, പയര്‍, പരിപ്പ്, വെളിച്ചെണ്ണ, നെയ്യ്, പച്ചക്കറികള്‍, കുരുമുളക്, അട, റവ, ഉഴുന്ന് തുടങ്ങി 40 വിഭവങ്ങളാണ് ശേഖരിക്കുന്നത്. വിഭവശേഖരണം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. 12 ബിആര്‍സികളില്‍ നിന്നുള്ള വിഭവങ്ങള്‍ ജനുവരി 2 ന് വൈകിട്ട് നാലിന് പുത്തരിക്കണ്ടം മൈതാനത്ത് സംഘാടക സമിതി ചെയര്‍മാന്‍ മന്ത്രി ജി.ആര്‍. അനില്‍ ഏറ്റുവാങ്ങും.
പഴയിടം മോഹനന്‍ നമ്പൂതിരിയും സംഘവുമാണ് ഇത്തവണയും ഭക്ഷണം ഒരുക്കുന്നത്. നൂറംഗ സംഘം ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഭക്ഷണം ഒരുക്കുക. അഞ്ച് ദിവസവും ഉച്ചയ്‌ക്ക് വിവിധതരം പായസം ഉള്‍പ്പെടെയാണ് ഭക്ഷണം. ഓരോ ദിവസവും പ്രഭാതഭക്ഷണവും വ്യത്യസ്തമായിരിക്കും. രാത്രിയില്‍ പായസം ഒഴികെയുള്ള കറികള്‍ ഉള്‍പ്പെടെ ചോറു നല്‍കും. ഒരുനേരം 350 അധ്യാപകരാണ് വിളമ്പാനായി എത്തുക. വിദ്യാര്‍ത്ഥികള്‍ വേറെയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: