ലഖ്നൗ: കുംഭമേളയ്‌ക്ക് മുന്നോടിയായ് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ എത്തി യമുനാനദിയില്‍ കുളിച്ച് ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. 12 വര്‍ഷത്തില്‍ ഒരിയ്ക്കല്‍ നടക്കുന്ന മഹാകുംഭ് മേള ജനവരി 13 മുതല്‍ പ്രയാഗ് രാജില്‍ ആരംഭിക്കാനിരിക്കുകയാണ്. ഫെബ്രുവരി 26 വരെയാണ് കുംഭമേള. അതിനിടയിലാണ് പുണ്യനദിയില്‍ കുളിക്കാന്‍ മുഹമ്മദ് കൈഫ് ഭാര്യയ്‌ക്കും മകനുമൊത്താണ് എത്തിയത്.
“ഈ യമുനാനദിയിലാണ് ഞാന്‍ നീന്താന്‍ പഠിച്ചത്”- മുഹമ്മദ് കൈഫ് സമൂഹമാധ്യമത്തില്‍ കുറിച്ചു. മകന്‍ ബോട്ടില്‍ ഇരിയ്‌ക്കുമ്പോള്‍ മുഹമ്മദ് കൈഫ് യമുനയിലേക്ക് കുതിക്കുകയായിരുന്നു. യമുനയിലെ ജലത്തിന് തണുപ്പ് കൂടുതലാണെങ്കിലും കുംഭമേളയ്‌ക്ക് മുന്‍പ് പതിവുള്ള കുളി മുടക്കാതിരിക്കുകയായിരുന്നു മുഹമ്മദ് കൈഫ്. കുംഭമേള ആരംഭിയ്‌ക്കും മുന്‍പ് പുണ്യനദിയില്‍ കുളിച്ചാല്‍ അനുഗ്രഹമാണെന്ന് തദ്ദേശവാസികള്‍ കരുതുന്നു. ഗംഗ, യമുന, സരസ്വതി നദികളിലാണ് കുംഭമേളയ്‌ക്ക് എത്തുന്ന ലക്ഷങ്ങള്‍ സ്നാനം ചെയ്യുക. 45 ദിവസം നീളുന്ന മഹാകുംഭ് മേളയ്‌ക്ക് ഇക്കുറി 40 കോടി ജനങ്ങള്‍ എത്തിച്ചേരുമെന്നാണ് കരുതുന്നു.
പ്രയാഗ് രാജ്, ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുക. അർദ്ധ കുംഭമേള ആറു വർഷത്തിലൊരിക്കൽ ഹരിദ്വാറിലും പ്രയാഗ് രാജിലും നടക്കുന്നു. നദികളിലെ സ്നാനമാണ് കുംഭമേളയിലെ പ്രധാന ചടങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: