India

ബംഗ്ലാദേശില്‍ ഇന്ത്യയുടെ അരി നയതന്ത്രം അവിടുത്തെ ഹിന്ദുക്കളെ ഓര്‍ത്ത്

പട്ടിണിയിലേക്ക് തലകുത്തിവീഴുന്ന, അരാജകത്വത്തിലേക്ക് നീങ്ങുന്ന ബംഗ്ലാദേശിനെ രക്ഷിയ്ക്കാന്‍ ഇന്ത്യ 50,000 ടണ്‍ അരിയാണ് അയച്ചുകൊടുത്തത്. എന്തിനാണ് ഇത്രയേറെ ഇന്ത്യയെ ശ്വാസം മുട്ടിച്ച ഒരു രാജ്യത്തിനെ അരി നല്‍കി സഹായിച്ചത് എന്ന ചോദ്യം പലരും ഉയര്‍ത്തുന്നുണ്ട്.

Published by

ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ ‘അരി നയതന്ത്ര’വുമായി ഇന്ത്യമുന്നോട്ട് പോകുന്നതിന് പിന്നില്‍ ഒറ്റക്കാര്യമേയുള്ളൂ- ബംഗ്ലാദേശിലെ 7.95 ശതമാനം വരുന്ന ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കല്‍. വലിയ വായില്‍ ഇന്ത്യയെ വെല്ലുവിളിക്കുന്ന ബംഗ്ലാദേശിന്റെ പക്കല്‍ ജനങ്ങള്‍ക്ക് കൊടുക്കാന്‍ അരിപോലുമില്ല എന്നതാണ് വാസ്തവം. പട്ടിണിയിലേക്ക് തലകുത്തിവീഴുന്ന, അരാജകത്വത്തിലേക്ക് നീങ്ങുന്ന ബംഗ്ലാദേശിനെ രക്ഷിയ്‌ക്കാന്‍ ഇന്ത്യ 50,000 ടണ്‍ അരിയാണ് അയച്ചുകൊടുത്തത്. എന്തിനാണ് ഇത്രയേറെ ഇന്ത്യയെ ശ്വാസം മുട്ടിച്ച ഒരു രാജ്യത്തിനെ അരി നല്‍കി സഹായിച്ചത് എന്ന ചോദ്യം പലരും ഉയര്‍ത്തുന്നുണ്ട്.

അരി നല്‍കുന്നതിന് ബംഗ്ലാദേശ് സര്‍ക്കാരിന് മുന്‍പില്‍ ഒരു വ്യവസ്ഥ വെച്ചിട്ടുണ്ട്. അവിടുത്തെ ഹിന്ദുക്കളെ ഉപദ്രവിക്കാതിരിക്കണം. ബംഗ്ലാദേശില്‍ ഇപ്പോള്‍ 1.31 കോടി ഹിന്ദുക്കളാണ് ഉള്ളത്. ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥിവിഭാഗം നടത്തിയ അക്രമത്തില്‍ നിരവധി ഹിന്ദുകുടുംബങ്ങളും ആക്രമിക്കപ്പെട്ടു. ക്ഷേത്രങ്ങള്‍ തകര്‍ത്തു. എന്നിട്ടും ഇന്ത്യ മൗനം പാലിച്ചതും ഈ ഹിന്ദു കുടുംബങ്ങളുടെ ക്ഷേമം ഓര്‍ത്താണ്.

അവിടെ ഹിന്ദുക്കളോ സിഖുകാരോ ബുദ്ധരോ ധാരാളമായി ഇല്ലായിരുന്നെങ്കില്‍ കുറെക്കൂടി ആക്രമണോത്സുകമായ നിലപാട് ഇന്ത്യയ്‌ക്ക് എടുക്കാന്‍ കഴിയുമായിരുന്നു. അതാണ് ഇന്ത്യയെ വിമര്‍ശിച്ച മാലിദ്വീപ് പ്രസിഡന്‍റ് മൊഹമ്മദ് മൊയ്സുവിനോട് ഇന്ത്യ കാട്ടിയത്. മാലിദ്വീപിന് പകരം ടൂറിസ്റ്റുകള്‍ ലക്ഷദ്വീപില്‍ പോകാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തതോടെ ടൂറിസം കൊണ്ട് ജീവിച്ചിരുന്ന മാലിദ്വീപിന് കഞ്ഞികുടി മുട്ടി. അധികം വൈകാതെ മാലിദ്വീപ് മാപ്പ് പറഞ്ഞ് തിരിച്ചുവന്നു. ഇന്ത്യയെ ശക്തമായി വിമര്‍ശിച്ചിരുന്നു മൊഹമ്മദ് മൊയ്സു ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുടെ ചങ്ങാതിയായി. ഈയിടെ ഭാര്യസമേതം ഇന്ത്യയില്‍ നാല് ദിവസം തങ്ങിയിട്ടാണ് മൊയ്സുവും ഭാര്യയും തിരിച്ചുപോയത്. പക്ഷെ മാലിദ്വീപിനോട് എടുത്തതുപോലെ കടുത്ത നിലപാട് ബംഗ്ലാദേശിനോട് പറ്റില്ല. കാരണം അവിടുത്തെ ഹിന്ദു സമുദായം തന്നെ. അടിച്ചവനെ തിരിച്ചടിക്കുക എന്ന സാധാരണക്കാരന്റെ യുക്തിക്കപ്പുറമാണ് നയതന്ത്രത്തിന്റെ യുക്തി.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെ സൈന്യം ഓടിച്ചപ്പോള്‍ ഇന്ത്യ അഭയം നല്‍കി. ഷേഖ് ഹസീനയെ വിചാരണയ്‌ക്കായി വിട്ടുകൊടുക്കണമെന്ന് ബംഗ്ലാദേശിലെ കെയര്‍ടേക്കര്‍ പ്രധാനമന്ത്രിയായ മുഹമ്മദ് യൂനസ് ആവശ്യപ്പെട്ടപ്പോഴും ഇന്ത്യ മൗനം പാലിച്ചു. ബംഗ്ലാദേശില്‍ ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ ഭാഗമായ ഇസ്കോണ്‍ ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോഴും മുന്‍ ഇസ്കോണ്‍ പ്രവര്‍ത്തകനായ സ്വാമി ചിന്മോയ് കൃഷ്ണയെ അറസ്റ്റ് ചെയ്ത് ജയിലിട്ടപ്പോഴും ഇന്ത്യ ന്യൂനപക്ഷങ്ങളെ ആക്രമിക്കരുതെന്ന് അഭിപ്രായപ്പെടുക മാത്രമാണ് ചെയ്തത്. പകരം അന്താരാഷ്‌ട്ര ഏജന്‍സികള്‍ വഴി ബംഗ്ലാദേശ് ഭരണാധികാരികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന വഴിയാണ് ഇന്ത്യ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഐക്യരാഷ്‌ട്രസഭയും യുഎസും ബ്രിട്ടനും എല്ലാം ബംഗ്ലാദേശിന് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഹിന്ദുക്കളെ ഉപദ്രവിക്കരുതെന്ന ആവശ്യമാണ് ഇവര്‍ ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

ചെറിയ ഒരു രാജ്യമായ ബംഗ്ലാദേശിന് എന്തിനും ഏതിനും ഇന്ത്യയില്ലാതെ നിലനില്‍ക്കാന്‍ കഴിയില്ല. എന്നാല്‍ ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ തീവ്ര ഇസ്ലാമിക ശക്തികള്‍ ഭരണത്തില്‍ എത്തിയതിന്റെ പേരിലാണ് ഇന്ത്യയ്‌ക്ക് സഹിക്കേണ്ടി വരുന്നത്. ഇത്രയൊക്കെ ഇന്ത്യയ്‌ക്ക് നേരെ നെറികേട് കാണിച്ചിട്ടും 50,000 ടണ്‍ അരി ഇന്ത്യ നല്‍കിയത് ഈ പക്വതയുള്ള നയതന്ത്രത്തിന്റെ ഭാഗമായാണ്. ബംഗ്ലാദേശിലുള്ള 1.31 കോടി ഹിന്ദുക്കള്‍ക്ക് ഉപദ്രവങ്ങളില്ലാതെ അവിടെ ജീവിക്കാനാകണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക