തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആയൂര്‍വേദ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആയിരുന്ന വിസ്മയ ജീവനൊടുക്കിയ കേസില്‍ ശിക്ഷിക്കപ്പെട്ട കിരണ്‍ കുമാറിന് പരോള്‍ അനുവദിച്ച് ജയില്‍ വകുപ്പ്.30 ദിവസത്തെ പരോളാണ് അനുവദിച്ചിട്ടുളളത്. പൊലീസ് റിപ്പോര്‍ട്ട് തള്ളിയാണ് ജയില്‍ ഡി ജി പി പരോള്‍ അനുവദിച്ചത്.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കിരണ്‍ പരോളിന് ആദ്യം അപേക്ഷ നല്‍കിയെങ്കിലും പ്രൊബ്രേഷന്‍ റിപ്പോര്‍ട്ടും പൊലീസ് റിപ്പോര്‍ട്ടും എതിരായതിനാല്‍ ജയില്‍ സൂപ്രണ്ട് അപേക്ഷ തള്ളി.
വീണ്ടും അപേക്ഷ നല്‍കിയപ്പോള്‍ പൊലീസ് റിപ്പോര്‍ട്ട് എതിരായി.എന്നാല്‍ പ്രൊബേഷന്‍ റിപ്പോര്‍ട്ട് അനുകൂലമായി വന്നു. തുടര്‍ന്ന് സൂപ്രണ്ട് അപേക്ഷ ജയില്‍ മേധാവിയുടെ പരിഗണനയ്‌ക്ക് വിട്ടു.ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ 30 ദിവസത്തെ പരോള്‍ അനുവദിക്കുകയായിരുന്നു. കടുത്ത നിബന്ധനകളോടെയാണ് പരോള്‍ അനുവദിച്ചതെന്നാണ് ജയില്‍ വകുപ്പിന്റെ വിശദീകരണം.കേസിലെ സാക്ഷികളെ കാണാന്‍ പാടില്ല, വിസ്മയയുടെ വീടിന്റെ പരിസരത്ത് പോകാന്‍ പാടില്ല തുടങ്ങിയ നിബന്ധനങ്ങളോടെയാണ് പരോള്‍.
2021 ജൂണ്‍ 21നാണ് നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍നായരുടെയും സരിതയുടെയും മകള്‍ വിസ്മയയെ അമ്പലത്തുംഭാഗത്തെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.പീഡനത്തിന്റെ നിരവധി തെളിവുകള്‍ പുറത്തുവന്നതോടെ ഭര്‍ത്താവ് കിരണ്‍ ഒളിവില്‍ പോയെങ്കിലും രാത്രിയോടെ പൊലീസില്‍ കീഴടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: