കൊല്‍ക്കൊത്ത: സല്‍മാന്‍ റഷ്ദിയുടെ സാത്താനിക് വേഴ്സസ് എന്ന നോവല്‍ വീണ്ടും ഇന്ത്യയില്‍ വില്‍പന ആരംഭിച്ചതിനെതിരെ പ്രതിഷേധവുമായി മുസ്ലിം സംഘടനകള്‍. പ്രവാചകനെ നിന്ദിക്കുന്ന ഈ നോവലിന്റെ വില്‍പന നിരോധിക്കണമെന്നാണ് ആവശ്യം. നോവല്‍ പ്രസിദ്ധീകരിച്ച് 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നത്. ദല്‍ഹി ഹൈക്കോടതിയാണ് ഈയിടെ പുസ്തകത്തിന്റെ നിരോധനം എടുത്തുകളഞ്ഞത്.
കസ്റ്റംസിന്റെ നിരോധന ഉത്തരവ് കാരണം തനിക്ക് സാത്താനിക് വേഴ്സസ് എന്ന പുസ്തകം ഇറക്കുമതി ചെയ്യാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സന്ദീപന്‍ ഖാന്‍ ആണ് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കസ്റ്റംസ് വകുപ്പ് 1988ല്‍ പുറപ്പെടുവിച്ച ഇറക്കുമതിക്ക് നിരോധം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിന്റെ കോപ്പിയോ ഇത് സംബന്ധിച്ച ഓണ്‍ലൈന്‍ രേഖയോ കോടതിയില്‍ കാണിക്കാന്‍ കഴിയാത്തതിനാല്‍ പുസ്തകം വില്‍ക്കാമെന്ന് ദല്‍ഹി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
സാത്താനിക് വേഴ്സസ് വില്‍പന ആരംഭിച്ചതായി കാണിക്കുന്ന ബഹ്റിസണ്‍സ് ബുക്സെല്ലേഴ്സിന്റെ സമൂഹമാധ്യമപോസ്റ്റ്:
@SalmanRushdie 's The Satanic Verses is now in stock at Bahrisons Booksellers!
This groundbreaking & provocative novel has captivated readers for decades with its imaginative storytelling and bold themes. It has also been at the center of intense global controversy since it's pic.twitter.com/e0mtQjoMCb— Bahrisons Bookseller (@Bahrisons_books) December 23, 2024
“ഭരണഘടന അനുവദിക്കുന്ന ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ മറവില്‍ മതവികാരം വ്രണപ്പെടുത്തിക്കൂടാ”- ജാമിയത്ത് ഉലമ ഇ ഹിന്ദ് നേതാവ് മൗലാന റഷീദി പറയുന്നു. ഉത്തര്‍പ്രദേശില്‍ ലീഗല്‍ അഡ്വൈസറായി ജോലിചെയ്യുകയാണ് മൗലാന റഷീദി.
ഈ പുസ്തകത്തിന്റെ വില്‍പന അനുവദിക്കുന്നത് രാജ്യത്തെ ഐക്യം തകര്‍ക്കുന്നതിന് തുല്യമാണെന്ന് മൗലാന യസൂബ് അബ്ബാസ് പറയുന്നു.
മുസ്ലിം ഗ്രൂപ്പുകളുടെ എതിര്‍പ്പുകളെ തുടര്‍ന്ന് 1988 ഒക്ടോബര്‍ അഞ്ചിന് അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയാണ് സല്‍മാന്‍ റഷ്ദിയുടെ സാത്താനിക് വേഴ്സസ് എന്ന പുസ്തകം ആദ്യമായി ഇന്ത്യയില്‍ നിരോധിച്ചത്. അന്ന് ഈ പുസ്തകത്തിന്റെ ഇറക്കുമതിയും നിരോധിച്ചിരുന്നു.
ദല്‍ഹിയിലും മുംബൈയിലും കൊല്‍ക്കൊത്തയിലും ചണ്ഡീഗഢിലും പുസ്തകശാലകളുള്ള ബഹ്റിസണ്‍സ് എന്ന പുസ്തകപ്രസിദ്ധീകരണശാല സാത്താനിക് വേഴ്സസിന്റെ വില്‍പന ആരംഭിച്ചതായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. പ്രസിദ്ധ പുസ്തകപ്രസിദ്ധീകരണശാലയായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസിന്റെ ഇന്ത്യയിലെ എഡിറ്റര്‍ ഇന്‍ ചീഫായ മാനസി സുബ്രഹ്മണ്യവും സാത്താനിക് വേഴ്സസിന്റെ വില്‍പന ആരംഭിക്കുന്നതായി സൂചിപ്പിച്ചിരുന്നു.
സാത്താനിക് വേഴ്സസ് നിരോധനം എന്ന്?
1989ല്‍ ഇറാനിലെ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയ് ഇസ്ലാമിക നിയമം ലംഘിക്കുകയും പ്രവാചകനെ നിന്ദിക്കുകയും ചെയ്ത കുറ്റത്തിന് സല്‍മാന്‍ റഷ്ദിയെ വധിക്കാന്‍ ആവശ്യപ്പെട്ട് മുസ്ലിങ്ങളോട് ഫത് വ പുറപ്പെടുവിച്ചിരുന്നു. ഇതോടെ ഇസ്ലാമികനിയമം ലംഘിച്ചതിന് വധഭീഷണിയും റഷ്ദിയ്‌ക്കെതിരെ ഉയര്‍ന്നതോടെ അദ്ദേഹം ഒളിവില്‍ പോയി. ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടവര്‍ക്ക് നേരെ ആക്രമണങ്ങളുണ്ടായി. ജപ്പാനിലെ ഒരു വിവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. മറ്റ് 37 പേര്‍ തുര്‍ക്കിയില്‍ കൊല്ലപ്പെട്ടു. അമേരിക്ക പിന്നീട് സല്‍മാന്‍ റഷ്ദിക്ക് അഭയം നല്‍കി. പക്ഷെ ഈയിടെ ഒരു സ്റ്റേജ് പ്രോഗ്രാമിനിടയില്‍ ഒരു അക്രമി റഷ്ദിയെ ആക്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: