ചെന്നൈ: തമിഴ്‌നാട്ടിലെ അണ്ണാ സര്‍വകലാശാലാ കാമ്പസില്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ മദ്രാസ് ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. ഡിഎംകെ സര്‍ക്കാരിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിര്‍ദേശിച്ചു. മുതിര്‍ന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥരായ ബി. സ്നേഹപ്രിയ, എസ്. ബ്രിന്ദ, അയമന്‍ ജമാല്‍ എന്നിവരാണ് പ്രത്യേക സംഘത്തിലുള്ളത്. കേസിലെ എഫ്ഐആര്‍ ചോര്‍ന്നത് പ്രത്യേകം അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. എഫ്‌ഐആര്‍ ചോര്‍ച്ചയില്‍ ഇടക്കാല നഷ്ട പരിഹാരമായി 25 ലക്ഷം രൂപ സര്‍ക്കാര്‍ പെണ്‍കുട്ടിക്ക് നല്കണമെന്നും ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം, ജസ്റ്റിസ് വി. ലക്ഷ്മി നാരായണന്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
എഫ്ഐആറിലെ ഭാഷ ഞെട്ടിക്കുന്നതും അപലപനീയവുമാണെന്ന് കോടതി വിമര്‍ശിച്ചു. എഫ്ഐആറിലെ ഭാഷ ഇരയെ കുറ്റപ്പെടുത്തുന്നതു പോലെയാണ്. തികച്ചും സ്ത്രീ വിരുദ്ധമാണിത്. എഫ്‌ഐആര്‍ വായിച്ചിരുന്നുവോയെന്ന് അഡ്വക്കേറ്റ് ജനറല്‍ പി.എസ്. രാമനോട് കോടതി ചോദിച്ചു. ഇരയെ അവഹേളിക്കുന്നതിന് ഉദാഹരണമാണിത്. എഫ്‌ഐആര്‍ ചോര്‍ന്നത് ഗുരുതരമായ വീഴ്ചയാണ്. അതിജീവിതയെ കുറ്റപ്പെടുത്തുന്നതും അവളുടെ അന്തസ് തകര്‍ക്കുകയും ചെയ്യുന്ന മോശം വാക്കുകളാണ് എഫ്‌ഐആറിലുള്ളത്.
കഴിഞ്ഞ 23ന് രാത്രി എട്ട് മണിക്കാണ് അണ്ണാ സര്‍വകലാശാലാ കാമ്പസില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ക്രൂര പീഡനത്തിനിരയായത്. രണ്ടു പേര്‍ ചേര്‍ന്ന് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയ ശേഷമായിരുന്നു ക്രൂര പീഡനം.
ബലാത്സംഗത്തിനു ശേഷം അക്രമികള്‍ സംഭവ സ്ഥലത്ത് നിന്നു രക്ഷപ്പെട്ടിരുന്നു. പിന്നീട് കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വഴിയോച്ചവടക്കാരനാണ് ജ്ഞാനശേഖരനെന്നും 37കാരനായ പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.
ദേശീയ വനിതാ കമ്മിഷന്‍ കേസെടുത്തു
സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് രണ്ടംഗ വസ്തുതാന്വേഷണ സമിതി രൂപീകരിച്ചു. എന്‍സിഡബ്ല്യു അംഗം മംമ്ത കുമാരി, റിട്ട. ഐപിഎസ് ഓഫീസര്‍ പ്രവീണ്‍ ദീക്ഷിത് എന്നിവരടങ്ങുന്ന സംഘം കേസ് അന്വേഷിക്കുകയും അധികാരികള്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്തുകയും ചെയ്യും. ഉദ്യോഗസ്ഥര്‍, ഇരയായ പെണ്‍കുട്ടി, അവളുടെ കുടുംബം, സുഹൃത്തുക്കള്‍ എന്നിവരുമായി ആശയവിനിമയം നടത്താന്‍ സമിതി തിങ്കളാഴ്ച ചെന്നൈയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: