കൊച്ചി: ഉരുള്‍പൊട്ടലുണ്ടായവരുടെ പുനരധിവാസത്തിന് മാതൃകാ ടൗണ്‍ഷിപ്പ് സ്ഥാപിക്കുന്നതിന് വയനാട്ടിലെ എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റിലെയും നെടുമ്പാല എസ്റ്റേറ്റിലെയും വസ്തുവകകള്‍ ഏറ്റെടുക്കാന്‍ അനുമതി നല്കിയ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു.
ഈ ഉത്തരവിനെ ചോദ്യം ചെയ്ത് എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റും ഹാരിസണ്‍സ് മലയാളം ലിമിറ്റഡും നല്കിയ ഹര്‍ജികള്‍ തീര്‍പ്പാക്കുന്നതിനിടെയാണ് ജസ്റ്റിസ് കൗസറിന്റെ ബെഞ്ച് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ശരിവച്ചത്. എന്നാല്‍, ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരം ഹര്‍ജിക്കാര്‍ക്ക് നല്കുന്നതിനുപകരം കോടതിയില്‍ നിക്ഷേപിക്കാമെന്ന സംസ്ഥാനത്തിന്റെ വാദം ബെഞ്ച് നിരസിച്ചു, ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസം, പുനരധിവാസ നിയമം (എല്‍എആര്‍ആര്‍ ആക്ട്) പ്രകാരം നിര്‍ണയിച്ചിട്ടുള്ള നഷ്ടപരിഹാരം സംസ്ഥാനം ഹര്‍ജിക്കാര്‍ക്ക് നല്കണമെന്ന് കോടതി വ്യക്തമാക്കി. നഷ്ടപരിഹാരം നല്കുന്നത് ഈ കേസുകളുടെ അന്തിമ ഫലത്തിന് വിധേയമായിരിക്കും. ഉരുള്‍പൊട്ടലില്‍ ഇരയായവരുടെ പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനുമായി വസ്തുവകകള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവുമായി മുന്നോട്ട് പോകാനും കോടതി സംസ്ഥാനത്തോട് നിര്‍ദേശിച്ചു. 2024 ഒക്ടോബര്‍ 10ന് പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: