മെല്‍ബണ്‍: നിതീഷ് കുമാര്‍ റെഡ്ഡിയുടെ കന്നി സെഞ്ച്വറിക്ക് ആനന്ദക്കണ്ണീര്‍ കൊണ്ടുള്ള ആഹ്ലാദം. കരിയറിലെ ആദ്യ സെഞ്ച്വറി നേട്ടം നിതീഷ് കുമാര്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ(എംസിജി) പിച്ചില്‍ സഹതാരം മുഹമ്മദ് സിറാജുമൊത്ത് ആഘോഷിക്കുമ്പോഴാണ് താരത്തിന്റെ അച്ഛന്‍ മകന്റെ നേട്ടം കണ്ട് കണ്ണീര്‍ പൊഴിക്കുന്ന വൈകാരിക നിമിഷങ്ങള്‍ അരങ്ങേറിയത്.
ഓസീസ് ഉയര്‍ത്തിയ ആദ്യ ഇന്നിങ്‌സ് ടോട്ടലിന് മുന്നില്‍ ഭാരതം തകര്‍ച്ച അഭിമുഖീകരിച്ച ഘട്ടത്തില്‍ നിതീഷ് രക്ഷകനായി എംസിജിയില്‍ അവതരിക്കുകയായിരുന്നു. ഏഴ് വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ കൂട്ടിന് കിട്ടിയ വാഷിങ്ടണ്‍ സുന്ദറുമൊത്ത് കളിയില്‍ ടീം നേരിട്ട ഗുരുതര പ്രതിസന്ധി മറികടക്കുകയായിരുന്നു. അര്‍ദ്ധസെഞ്ച്വറി തികച്ച് സുന്ദര്‍ പുറത്താകുമ്പോള്‍ നിതീഷ് 90ഉം കടന്ന് സെഞ്ച്വറിക്ക് അടുത്തുവരെയെത്തി. പിന്നാലെ ബുംറ കൂടി പൂജ്യത്തിന് പുറത്താകുമ്പോള്‍ ഭാരതം ഒമ്പതിന് 350 എന്ന നിലയിലായി. ഒരുവശത്ത് ഭാരത ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ ടീമിനെ വലിയ ആശ്വാസമേകിയ നിതീഷ് അര്‍ഹിച്ച സെഞ്ച്വറിയില്ലാതെ പോകേണ്ടിവരുന്നത് ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന ആര്‍ക്കും സഹിക്കാനാകുമായിരുന്നില്ല.
കാവ്യ നീതി പോലെ അത് സംഭവിച്ചു. ഭാരത ഇന്നിങ്‌സിലെ 115-ാം ഓവറിലെ മൂന്നാം പന്തില്‍ ഓസീസ് പേസര്‍ സ്‌കോട്ട് ബോളണ്ടിന്റെ ഫുള്ളിഷ് ഡെളിവെറിയെ നിതീഷ് മിഡോണിന് മുകളിലൂടെ മെല്ലെ ഉയര്‍ത്തിവിട്ടു. ഫീല്‍ഡര്‍ ട്രാവിസ് ഹെഡിന് ഒരു സാധ്യതയും നല്‍കാത്ത ആ ഷോട്ട് ബൗണ്ടറി കടന്നു. ബാറ്റ് മണ്ണില്‍ കുത്തി നിര്‍ത്തി അതിന്‍മേല്‍ ഹെല്‍മെറ്റ് ഊരിവച്ച് ആകാശത്തോക്കൊരു അഭിവാദ്യം അര്‍പ്പിച്ച് നിതീഷ് ടെസ്റ്റിലെ തന്റെ കന്നി സെഞ്ച്വറി ആഘോഷിച്ചു.
ഈ സമയം ഗാലറിയില്‍ ഇരിപ്പുറപ്പിച്ച പിതാവ് മുട്യാല റെഡ്ഡി കണ്ണുകളടച്ച് കൈകൂപ്പി വിതുമ്പി. മത്സരത്തിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റിങ് സംഘത്തിന് വേണ്ടി കമന്റ്രി ദൗത്യം നിര്‍വഹിച്ചിരുന്ന ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍മാരിലൊരാളായിരുന്ന ആദം ഗില്‍ക്രിസ്റ്റ് ഈ അച്ഛന്റെ പ്രതികരണത്തിനായി അരികിലെത്തി. ‘മകന് 14-15 വയസുള്ളപ്പോള്‍ മുതല്‍ ക്രിക്കറ്റിലെ അവന്റെ ഉയര്‍ച്ചയ്‌ക്കായി കാത്തിരിക്കുകയാണ്. ഇന്ന് വളരെ പ്രത്യേകത നിറഞ്ഞ ദിവസമാണ്. ഈ ദിവസത്തില്‍ അവനുവേണ്ടി അവസാന വിക്കറ്റ് ഭദ്രമാക്കി നിലനിര്‍ത്തിയ ഭാരതത്തിന്റെ 11-ാമന്‍ മുഹമ്മദ് സിറാജിന് നന്ദി അറിയിക്കുന്നു’- മുട്യാല റെഡ്ഡി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: