ന്യൂദൽഹി : അന്തരിച്ച ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനോടുള്ള ആദരസൂചകമായി ശനിയാഴ്ച വൈകീട്ട് വരെ എല്ലാ സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടുമെന്ന് മൗറീഷ്യസ് അറിയിച്ചു. മൗറീഷ്യസ് പ്രധാനമന്ത്രി നവീൻ രാംഗൂലത്തിന്റെ ഓഫീസും പതാകകൾ പകുതി താഴ്‌ത്തി കെട്ടാൻ സ്വകാര്യ മേഖലയോട് അഭ്യർത്ഥിച്ചു.
“ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തെത്തുടർന്ന്, അദ്ദേഹത്തിന്റെ സംസ്കാര ദിനമായ ഇന്ന് ശനിയാഴ്ച സൂര്യാസ്തമയം വരെ എല്ലാ സർക്കാർ കെട്ടിടങ്ങളിലും മൗറീഷ്യസ് പതാക പകുതി താഴ്‌ത്തിക്കെട്ടുമെന്ന് പൊതുജനങ്ങളെ അറിയിക്കുന്നു. ”- മൗറീഷ്യസ് പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു.
മൗറീഷ്യസ് വിദേശകാര്യ മന്ത്രി ധനഞ്ജയ് റാംഫുൾ ദൽഹിയിലെത്തി മുൻ പ്രധാനമന്ത്രിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. മൗറീഷ്യസ് ഉൾപ്പെടെ നിരവധി സുപ്രധാന രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ഉയരാൻ മൻമോഹൻ സിങ്ങിന്റെ കാര്യമായ ഇടപെടലുകൾ പങ്ക് വഹിച്ചിട്ടുണ്ട്.
2004 മുതൽ 2014 വരെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുകയും ഇന്ത്യയുടെ സാമ്പത്തിക പരിഷ്കാരങ്ങളുടെ ശില്പിയായി പരക്കെ അറിയപ്പെടുന്ന മൻമോഹൻ സിംഗ് വ്യാഴാഴ്ച രാത്രിയാണ് അന്തരിച്ചത്. അദ്ദേഹത്തിന് 92 വയസ്സായിരുന്നു.
ദൽഹിയിലെ നിഗംബോധ് ഘട്ട് ശ്മശാനത്തിൽ ശനിയാഴ്ച പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നടന്നത്. പ്രസിഡൻ്റ് ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്‌ചക്ക് എന്നിവരും സിംഗിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: