ഭാരതത്തിന്റെ മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങിന്റെ വിയോഗത്തില്‍ ആര്‍എസ്എസ് അനുശോചിച്ചു. എക്സില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് രാഷ്ട്രീയ സ്വയംസേവക സംഘം അനുശോചനം അറിയിച്ചത്. സാമ്പത്തിക വിദഗ്ധനെന്ന നിലയില്‍ മന്മോഹന് സിങ് ഭാരതത്തിന് നല്കിയ സംഭാവനകള്‍ എന്നെന്നും സ്മരിക്കുമെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവര്‍ സംയുക്തമായി അറിയിച്ചു.
മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഡോ. സര്‍ദാര്‍ മന്മോഹന് സിങ്ങിന്റെ വേര്‍പാടില്‍ ഭാരതീയര്‍ മുഴുവന്‍ ഇന്ന് അങ്ങേയറ്റം ദുഃഖിതരാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും അനുശോചനങ്ങള്‍ അറിയിക്കുന്നു. സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയില്‍ ഡോ. മന്മോഹന് സിങ് ഭാരതത്തിന് നല്കിയ സംഭാവനകള്‍ എക്കാലത്തും സ്മരിക്കും. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
നഷ്ടമായത് ഉന്നത ബൗദ്ധിക നിലവാരമുള്ള രാഷ്ട്രതന്ത്രജ്ഞനെ: ഉപരാഷ്ട്രപതി
ഉന്നതമായ ബൗദ്ധികനിലവാരമുള്ള രാഷ്ട്രതന്ത്രജ്ഞനെയാണ് മന്മോഹന് സിങ്ങിന്റെ വേര്‍പാടിലൂടെ ഭാരതത്തിന് നഷ്ടമായതെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍. ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തികവിദഗ്ധന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖമുണ്ട്. പദ്മ വിഭൂഷണ്‍ ജേതാവ്, ഭാരതത്തിന്റെ സാമ്പത്തിക ഉദാരവത്കരണത്തിന്റെ ശില്പി. സമൃദ്ധിയുടെയും വളര്‍ച്ചയുടെ പുതിയൊരു പാത തുറന്ന് നിര്‍ണായക പരിവര്‍ത്തനത്തിലൂടെ അദ്ദേഹം ധീരമായി രാജ്യത്തെ നയിച്ചു. ഉപരാഷ്ട്രപതിയെന്ന നിലയില്‍, മന്മോഹന് സിങ്ങിന്റെ വസതിയില്‍ അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാനായി. സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവ്, സൗമ്യമായ പെരുമാറ്റം, ഭാരതത്തിന്റെ പുരോഗതിയോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവ എക്കാലവും ഓര്‍മയിലുണ്ടാകും.
ഭാരതത്തിന് നഷ്ടമായത് ഉന്നതമായ ബൗദ്ധികനിലവാരമുള്ള രാഷ്ട്രതന്ത്രജ്ഞനെയാണ്. അദ്ദേഹത്തിന്റെ പാരമ്പര്യം രാഷ്ട്രത്തിന്റെ വളര്‍ച്ചയെ മുന്നോട്ട് നയിക്കും, ഉപരാഷ്ട്രപതി എക്സില്‍ കുറിച്ചു. ഇന്നലെ മന്മോഹന് സിങ്ങിന്റെ വീട്ടിലെത്തിയ ഉപരാഷ്ട്രപതി ഭൗതികദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. ജഗദീപ് ധന്‍ഖറിന്റെ ഭാര്യ ഡോ. സുദേശ് ധന്‍ഖറും ഒപ്പമുണ്ടായിരുന്നു.
ഭാരതം തേങ്ങുന്നു: നരേന്ദ്ര മോദി
ഭാരതത്തിന്റെ ഏറ്റവും സമുന്നതനായ നേതാക്കളിലൊരാളായ മന്മോഹന് സിങ്ങിന്റെ വേര്‍പാടില്‍ ഭാരതം തേങ്ങുന്നു. എളിയ സ്ഥാനത്തുനിന്ന് ഉയര്‍ന്നുവന്ന അദ്ദേഹം ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു സാമ്പത്തിക വിദഗ്ധനായി മുന്നേറി. ധനമന്ത്രി ഉള്‍പ്പെടെ വിവിധ ഭരണ പദവികളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചു. രാജ്യത്തിന്റെ സാമ്പത്തിക നയത്തില്‍ ശക്തമായ മുദ്ര പതിപ്പിച്ച വ്യക്തിയാണ് മന്മോഹന് സിങ്. പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും അര്ത്ഥവത്തായവയായിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ അദ്ദേഹം വിപുലമായ ശ്രമങ്ങള്‍ നടത്തി, പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് പ്രധാനമന്ത്രിയായിരുന്ന അദ്ദേഹവുമായി നിരന്തരം ഇടപഴകിയിരുന്നു. അദ്ദേഹത്തിന്റെ അറിവും വിനയവും എപ്പോവും ദൃശ്യമായിരുന്നു. ദുഃഖത്തിന്റെ ഈ വേളയില്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം നില്ക്കുന്നു. ഓം ശാന്തി, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭാരതത്തിന്റെ ഭരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചു: അമിത് ഷാ
ഭാരതത്തിന്റെ മുന്‍ പ്രധാനമന്ത്രിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു. റിസര്‍വ് ബാങ്കിന്റെ ഗവര്‍ണര്‍ മുതല്‍ ധനമന്ത്രി, പ്രധാനമന്ത്രി എന്നീ നിലകളില്‍ വരെ ഭാരതത്തിന്റെ ഭരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണദ്ദേഹം. ഈ സമയം അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന് ആത്മാവിന് ശാന്തി ലഭിക്കട്ടെ. അദ്ദേഹത്തിന്റെ വിയോഗം താങ്ങാന്‍ കുടുംബത്തിന് ശക്തി നല്കട്ടെ, അമിത് ഷാ എക്സില്‍ കുറിച്ചു.
അദ്ദേഹത്തിന്റെ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടും; രാജ്നാഥ് സിങ്
ഭാരതത്തിന്റെ മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങിന്റെ നിര്യാണത്തില്‍ അഗാധമായി ദുഃഖിക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയെ പുനര്‍നിര്‍മിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ സേവനവും ബുദ്ധിശക്തിയും ഏറെ ബഹുമാനിക്കപ്പെടുന്നു. രാഷ്ട്ര പുരോഗതിക്ക് അദ്ദേഹം നല്കിയ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും സ്നേഹിക്കുന്നവരെയും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി.
ദേശീയ നഷ്ടം: എ.കെ. ആന്റണി
സമീപകാലത്ത് രാഷ്ട്രം നേരിട്ട ഏറ്റവും വലിയ നഷ്ടം. മന്മോഹന് സിങ്ങിന്റെ വേര്‍പാട് ദേശീയനഷ്ടമാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണി പറഞ്ഞു. തകര്‍ന്നടിഞ്ഞ ഭാരത സമ്പദ്ഘടനയെ ഒരു മജീഷ്യനെപ്പോലെ അദ്ദേഹം ഉയിര്ത്തെഴുന്നേല്പിച്ചു. സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോള്‍ മന്മോഹന് സിങ് എന്ത് പറയുന്നുവെന്നാണ് ലോക നേതാക്കള്‍ കാതോര്‍ത്തിരുന്നത്. 10 വര്‍ഷത്തെ ഭരണപരിഷ്കാരങ്ങള്‍ പാവപ്പെട്ടവര്‍ക്ക് ഗുണം ചെയ്തു. കേരളത്തോട് ഉദാരമായ നിലപാടാണ് മന്മോഹന് സിങ്ങിനുണ്ടായിരുന്നത്. ഇടതുപക്ഷം ഭരിച്ചപ്പോഴും ഉദാരമായ നിലപാട് കാണിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്ത് വിവേചനമുണ്ടെന്ന് ഒരു സംസ്ഥാനവും പരാതി പറഞ്ഞിട്ടില്ല.
ഉപദേശകനേയും വഴികാട്ടിയേയും നഷ്ടമായി: രാഹുല്‍
മന്മോഹന് സിങ്ങിന്റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ധാരണയും രാജ്യത്തിന് പ്രചോദനം ചെയ്തു. അപാരമായ സാമര്‍ത്ഥ്യത്തോടെയും സമഗ്രതയോടെയുമാണ് മന്മോഹന് സിങ് ഭാരതത്തെ നയിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തോടെ ഒരു ഉപദേശകനേയും വഴികാട്ടിയേയുമാണ് എനിക്ക് നഷ്ടമായത്. മന്മോഹന് സിങ് എന്ന വ്യക്തിയെ ദശലക്ഷക്കണക്കിനാളുകള്‍ ആരാധിച്ചിരുന്നു. അവര്‍ ഇനി അഭിമാനത്തോടെ അദ്ദേഹത്തെ ഓര്‍ക്കും.
സത്യസന്ധത നമ്മെ പ്രചോദിപ്പിക്കും: പ്രിയങ്ക വാദ്ര
രാഷ്ട്രീയ രംഗത്ത് മന്മോഹന് സിങ്ങിനോളം ബഹുമാനം ഏറ്റുവാങ്ങിയവര്‍ അപൂര്‍വം. അദ്ദേഹത്തിന്റെ സത്യസന്ധത എന്നും നമ്മെ പ്രചോദിപ്പിക്കും. അന്യായമായി രാഷ്ട്രീയ എതിരാളികള്‍ ആക്രമിച്ചപ്പോഴും രാഷ്ട്രത്തെ സേവിക്കാനുള്ള പ്രതിബദ്ധതയില്‍ അദ്ദേഹം ഉറച്ചുനിന്നു. രാഷ്ട്രീയത്തിന്റെ പരുക്കന്‍ ലോകത്ത് മാന്യനായ മനുഷ്യനായിരുന്നു അദ്ദേഹമെന്ന് പ്രിയങ്ക വാദ്ര അനുസ്മരിച്ചു.
സമാനതകളില്ലാത്ത സാമ്പത്തിക വിദഗ്ധന്‍: ഖാര്‍ഗെ
മന്മോഹന് സിങ്ങിന്റെ മരണത്തോടെ ഭാരതത്തിന് നഷ്ടപ്പെട്ടത് ദീര്‍ഘദര്‍ശിയായ രാഷ്ട്രതന്ത്രജ്ഞനേയും സമാനതകളില്ലാത്ത ഒരു സാമ്പത്തിക വിദഗ്ധനെയുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. രാഷ്ട്രീയപ്രവര്‍ത്തന കാലം മുതല്‍ കൂടെയുണ്ടായിരുന്ന നേതാവാണ്. വാക്കുകള്‍ക്കതീതമായി പ്രവര്‍ത്തനങ്ങള്‍ക്കാണെന്നും മുന്‍തൂക്കം കൊടുത്തത്. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളാണ് ഭാരതത്തിന്റെ സാമ്പത്തിക മേഖലയെ വളര്‍ച്ചയിലേക്ക് നയിച്ചത്. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. മന്മോഹന് സിങ്ങിന്റെ സാമ്പത്തിക ഉദാരവല്കരണ നയവും ക്ഷേമ മാതൃകയും കോടിക്കണക്കിന് ജനങ്ങള്‍ക്ക് പ്രേരണയായി. അതിന്റെ ഫലമായി രാജ്യത്ത് മധ്യവര്‍ഗവിഭാഗം രൂപപ്പെട്ടു, കോടിക്കണക്കിന് ജനങ്ങള്‍ക്ക് ദാരിദ്ര്യത്തില്‍ നിന്ന് കരകയറാനും ഇത് സഹായമായി. അദ്ദേഹം സ്വീകരിച്ച സമീപനങ്ങള്‍ എല്ലാക്കാലത്തും രാജ്യത്തിന് വിലമതിക്കുന്നവയാണ്.
ഒരിക്കല്‍പോലും നേട്ടങ്ങളുടെ പങ്ക് പറ്റിയില്ല: പി. ചിദംബരം
ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥ കെട്ടിപ്പെടുക്കുന്നതില്‍ മന്മോഹന് സിങ് നിര്‍ണായക പങ്ക് വഹിച്ചു. എന്നാല്‍ അദ്ദേഹം ഒരിക്കല്‍ പോലും ആ നേട്ടങ്ങളുടെ പങ്ക് പറ്റിയിട്ടില്ല. മന്മോഹന് സിങ്ങിനേക്കാള്‍ വിനയാന്വിതനും ആത്മാഭിമാനമുള്ളവനുമായ ഒരാളെ കണ്ടിട്ടില്ല. ഭാരതത്തിന്റെ ഭൂരിഭാഗം ജനങ്ങളും ദരിദ്രരാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ് അദ്ദേഹം പല നയങ്ങളും സ്വീകരിച്ചത്.
വരും തലമുറയ്ക്കും പ്രചോദനമാകും: മെഹ്ബൂബ മുഫ്തി
മന്മോഹന് സിങ്ങിന്റെ വിനയവും മൂല്യങ്ങളും വരും തലമുറകളെയും പ്രചോദിപ്പിക്കുമെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി മേധാവി മെഹബൂബ മുഫ്തി. ഭാരതത്തെ ഒരു പുതിയ യുഗത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിനായി. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയിലേക്കും സമൃദ്ധിയിലേക്കും നയിച്ചു. ഭക്ഷ്യസുരക്ഷാ നിയമം തുടങ്ങിയ പദ്ധതികളിലൂടെ പാവപ്പെട്ടവരുടെ വീട്ടുപടിക്കല്‍ അപ്പവും വെണ്ണയും എത്തിച്ചതു മുതല്‍ നാഴികക്കല്ലായ ആണവ കരാര്‍, ആധാര്‍ നടപ്പിലാക്കല്‍ തുടങ്ങിയവ അദ്ദേഹത്തിന്റെതാണ്.
വ്യക്തിപരമായ നേട്ടങ്ങളില്‍ വിശ്വസിച്ചില്ല: പി.ജെ. കുര്യന്
വ്യക്തിപരമായ നേട്ടങ്ങളില്‍ ഒന്നും മന്‍മോഹന്‍സിങ് വിശ്വസിച്ചിരുന്നില്ല. ഭാരതത്തെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ നിന്ന് രക്ഷിച്ച രക്ഷകനായാണ് താന്‍ ഡോ. മന്മോഹന് സിങ്ങിനെ ഓര്‍ക്കുന്നത്. ഇത്രയും വിശാല മനസ്കതയുള്ള എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു നേതാവിനെ താന്‍ കണ്ടിട്ടില്ല. രാഹുല്‍ ഗാന്ധി ഓര്‍ഡിനന്‍സ് കീറി എറിഞ്ഞത് അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു. എന്നിട്ടും പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് തന്നെ മുന്നോട്ട് പോയി. സ്വന്തം നിലപാട് പുറത്ത് പറഞ്ഞാല്‍ വ്യക്തിപരമായി മൈലേജ് ലഭിക്കുന്ന ഒട്ടനവധി വിഷയങ്ങള്‍ ഉണ്ടായിരുന്നു. അതൊന്നും അദ്ദേഹം ഉപയോഗിച്ചിട്ടില്ല. ഇനി ഇതുപോലുള്ള നേതാക്കള്‍ ഉണ്ടാകുമോ എന്ന് അറിയില്ലെന്നും പി.ജെ. കുര്യന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: