തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ വനവാസികളുടെ ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. സംഭവത്തില്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും രണ്ടാഴ്ചയ്‌ക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്കി.
2024ല്‍ മാത്രം 23 ആത്മഹത്യകള്‍ നടന്നുവെന്ന മാധ്യമ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നടപടി. 2011 നും 2022നും ഇടയില്‍ പെരിങ്ങമല പഞ്ചായത്തില്‍മാത്രം 138 ആത്മഹത്യ വനവാസികള്‍ക്കിടയില്‍ നടന്നെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളതായി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
മരിച്ചവരില്‍ ഭൂരിഭാഗം പേരും 20നും 30നും ഇടയില്‍ പ്രായമുള്ളവരാണ്. സാമൂഹിക അവഗണനയും സാമ്പത്തിക പ്രയാസവുമാണ് മരണത്തിലേക്ക് നയിക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം. ഭിന്ന ജാതി വിവാഹങ്ങളും മദ്യവും പെണ്‍വാണിഭ സംഘങ്ങളും ആത്മഹത്യക്ക് പിന്നിലെ മറ്റ് കാരണങ്ങളായി പറയപ്പെടുന്നു. ഈ സംഭവങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ അടക്കമുള്ള വിവരങ്ങളാണ് കേരളത്തോട് തേടിയിരിക്കുന്നത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സാമ്പത്തികസഹായം നല്കിയെങ്കില്‍ ആ കാര്യം വിശദീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഗോത്രവര്‍ഗ ജനതയ്‌ക്കിടയില്‍ മയക്കുമരുന്നു മാഫിയകളും പെണ്‍വാണിഭ സംഘങ്ങളും കടന്നുകയറി പ്രണയക്കെണിയില്‍പ്പെടുത്തുന്നതിനെ തുടര്‍ന്ന് മാനഹാനി ഒഴിവാക്കാന്‍ യുവതീയുവാക്കള്‍ ആത്മഹത്യ ചെയ്യുന്ന കാര്യം കഴിഞ്ഞദിവസം ജന്മഭൂമി റിപ്പോര്‍ട്ടുചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: