Editorial

ഉന്നത വിദ്യാഭ്യാസം: കേന്ദ്ര സഹായം കരുത്താകും

Published by

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന 405 കോടി രൂപയുടെ ധനസഹായം സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിക്ക് ഉണര്‍വു നല്‍കുന്നതാണ്. കേരളത്തിലെ മൂന്ന് പ്രധാന സര്‍വ്വകലാശാലകള്‍ക്ക് 100 കോടി വീതം എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്. കേരള, കോഴിക്കോട്, കണ്ണൂര്‍ സര്‍വ്വകലാശാലകള്‍ക്ക് നല്‍കിയ നൂറു കോടി, അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് വലിയ പിന്തുണയാകും. അതോടൊപ്പം എം.ജി. സര്‍വ്വകലാശാലയ്‌ക്ക് 20 കോടി രൂപയും വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകള്‍ക്ക് 10 കോടി രൂപ വീതവും എന്നതും ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ആസൂത്രിതമായ വികസനത്തിന് അടിത്തറയിടുന്നു. പ്രധാനമന്ത്രി ഉച്ചതര ശിക്ഷാ അഭിയാന്‍ പദ്ധതി (പി. എം. ഉഷ) പ്രകാരം സംസ്ഥാനത്തെ 11 കോളേജുകള്‍ക്ക് 5 കോടി വീതം നല്‍കിയിട്ടുണ്ട്. അതില്‍ 5 എണ്ണം ക്രിസ്ത്യന്‍ മാനേജ്‌മെന്റും, 3 എണ്ണം മുസ്ലിം മാനേജ്‌മെന്റും, 2 എണ്ണം സര്‍ക്കാര്‍ കോളേജുകളുമാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ കുതിപ്പാണ് ഇത്.

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ സമഗ്രമായ മുന്നേറ്റത്തിന് വേഗത നല്‍കുന്ന നടപടി സ്വീകരിച്ച കേന്ദ്ര സര്‍ക്കാരിനേയും അതിനായി സജീവമായി ഇടപെട്ട കേന്ദ്രമന്ത്രി സുരേഷ് ഗോപിയേയും അഭിനന്ദിക്കുന്നു. ഈ ധനസഹായം നല്‍കുന്നതിന് നിര്‍ണായക പങ്കുവഹിച്ച സംസ്ഥാന സര്‍വ്വകലാശാലകളുടെ ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടല്‍ പ്രത്യേകമായി പ്രശംസിക്കപ്പെടേണ്ടതാണ്. കേരളത്തിനോട് നരേന്ദ്രമോദി സര്‍ക്കാര്‍ കാണിക്കുന്ന കരുതലിന്റെ ഉദാഹരണമായും ഇതിനെ വിശേഷിപ്പിക്കാം.

പഠനഗവേഷണ മേഖലയിലേക്കുള്ള ഈ ധനസഹായം കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് നാഴികക്കല്ലായി മാറും. ഉന്നത വിദ്യാഭ്യാസ രംഗത്ത് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ഈ ഫണ്ട്, കേരളത്തിലെ യുവാക്കള്‍ക്ക് വൈദഗ്ധ്യമുള്ള ഭാവി കെട്ടിപ്പടുക്കാന്‍ സഹായിക്കും.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായം കുറയുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ സഹായം സര്‍വ്വകലാശാലകളുടെ വളര്‍ച്ചയ്‌ക്ക് പ്രചോദനം നല്‍കും. ഉന്നത വിദ്യാഭ്യാസ മേഖലയെ സമഗ്രമായി മുന്നോട്ട് നയിക്കാനുള്ള പദ്ധതിയെ രാഷ്‌ട്രീയ ഭേദമന്യേ എല്ലാവരും പിന്തുണയ്‌ക്കേണ്ടതാണ്. സഹായം കേരളത്തിന്റെ വിദ്യാഭ്യാസ രംഗം ദേശീയ തലത്തില്‍ വീണ്ടും ഒന്നാം നിരയിലേക്ക് ഉയര്‍ത്താന്‍ സഹായിക്കും. ഉന്നത വിദ്യാഭ്യാസത്തിന്റെ തുല്യത, മികവ്, ഗുണനിലവാരം, ആഗോള ശ്രദ്ധ എന്നിവയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കേന്ദ്രത്തിന്റെ പിന്തുണ ശക്തിയേകും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by